ന്യൂദല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ധാതുലോഹങ്ങളെക്കുറിച്ച് പര്യവേഷണത്തിന് ഭാരതം പ്രത്യേകം കപ്പല്‍ നിര്‍മിക്കുന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് കൊല്‍ക്കത്ത ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്സുമായി കരാറില്‍ ഒപ്പുവച്ചു. കൊല്‍ക്കത്ത ആസ്ഥാനമായുള്ള കേന്ദ്രത്തിന്റെ യുദ്ധക്കപ്പല്‍ നിര്‍മാണശാലയാണ് ജിആര്‍എസ്ഇ.
ഭാരതത്തിലെ കപ്പല്‍ശാലകളില്‍ നിര്‍മിക്കുന്നതില്‍ വച്ചേറ്റവും വലിയ പര്യവേഷണ കപ്പലാകും ഇത്. 89.5 മീറ്റര്‍ നീളവും 18.80 മീറ്റര്‍ വീതിയുമുള്ള കപ്പലിന് 5,900 ടണ്‍ ഭാരമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഴക്കടല്‍ ദൗത്യത്തിന്റെ ഭാഗമായി ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായാകും പര്യവേക്ഷണ കപ്പലിന്റെ നിര്‍മാണം. 839 കോടിയാണ് പദ്ധതിയുടെ ചെലവ്.
ഒരേസമയം 34 ശാസ്ത്രജ്ഞരെ വഹിക്കാന്‍ കപ്പലിനാകും. അത്യാധുനിക ലബോറട്ടറികള്‍, ശാസ്ത്രീയ ഉപകരണങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും. വരുന്ന 30 വര്‍ഷത്തേക്ക് രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതിനാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. 38 മാസത്തിനകം കപ്പല്‍ യാത്രയ്ക്ക് സജ്ജമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: