ഗുവാഹത്തി : ശൈശവ വിവാഹങ്ങൾ തടയാനുള്ള തന്റെ സംസ്ഥാന സർക്കാരിന്റെ ദൗത്യം സമൂഹത്തിൽ മാറ്റം വരുത്തുക മാത്രമല്ല പെൺകുട്ടികൾക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയും ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2022 ഏപ്രിലിൽ സംസ്ഥാനത്ത് 9330 കൗമാര ഗർഭധാരണ കേസുകൾ രേഖപ്പെടുത്തിയപ്പോൾ 2024 ജൂണിൽ അത് 3401 ആയി കുറഞ്ഞതായി ബിശ്വ പറഞ്ഞു. “ശൈശവവിവാഹത്തിനെതിരായ ഞങ്ങളുടെ കർശനമായ ദൗത്യം ഒരു സാമൂഹിക മാറ്റം കൊണ്ടുവരിക മാത്രമല്ല, നമ്മുടെ പെൺകുട്ടികൾക്ക് ആരോഗ്യകരമായ ജീവിതം പ്രാപ്തമാക്കുകയും ചെയ്യുന്നു. 2022 ഏപ്രിലിൽ കൗമാര ഗർഭം 9,330 എന്നത് 2024 ജൂണിൽ 3,401 ആണ്. വരും ദിവസങ്ങളിലും ഞങ്ങളുടെ ദൗത്യം തടസ്സമില്ലാതെ തുടരും. ”- മുഖ്യമന്ത്രി പറഞ്ഞു.
ശൈശവ വിവാഹം തടയുന്നതിനും വിവാഹ, വിവാഹമോചന രജിസ്ട്രേഷനിൽ തുല്യത ഉറപ്പാക്കുന്നതിനുമായി 1935 ലെ അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കാൻ വ്യാഴാഴ്ച നേരത്തെ അസം സർക്കാർ തീരുമാനിച്ചിരുന്നു.
“ശൈശവ വിവാഹത്തിനെതിരെ കൂടുതൽ സംരക്ഷണം ഏർപ്പെടുത്തി ഞങ്ങളുടെ പെൺമക്കൾക്കും സഹോദരിമാർക്കും നീതി ഉറപ്പാക്കാൻ ഞങ്ങൾ ഒരു സുപ്രധാന നടപടി സ്വീകരിച്ചു. അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമവും 1935 ലെ നിയമങ്ങളും അസം അസാധുവാക്കൽ ബിൽ 2024 പ്രകാരം റദ്ദാക്കാൻ ക്യാബിനറ്റ് യോഗത്തിൽ ഞങ്ങൾ തീരുമാനിച്ചു. ” – മുഖ്യമന്ത്രി പറഞ്ഞു.
വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും രജിസ്ട്രേഷനിൽ തുല്യത കൊണ്ടുവരുന്നതിനായി, അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കാൻ ലക്ഷ്യമിടുന്ന അസം റദ്ദുചെയ്യൽ ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. അസമിലെ മുസ്ലീം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഉചിതമായ നിയമനിർമ്മാണം കൊണ്ടുവരാനും നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ പരിഗണിക്കാനും സംസ്ഥാന കാബിനറ്റ് നിർദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
1951ൽ മുസ്ലീം ജനസംഖ്യ 12 ശതമാനമായിരുന്നെന്നും ഇപ്പോൾ അത് 40 ശതമാനത്തിലെത്തിയെന്നും ചില വിവരങ്ങൾ ഉദ്ധരിച്ച് ശർമ്മ പറഞ്ഞു. നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അനധികൃത കുടിയേറ്റക്കാർ ആദിവാസി പെൺകുട്ടികളെ വിവാഹം കഴിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അനധികൃത കുടിയേറ്റക്കാർ ആദിവാസി പെൺമക്കളെ വിവാഹം കഴിക്കുന്നുണ്ടെങ്കിലും നിയമത്തിന്റെ സൂക്ഷ്മപരിശോധന നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: