ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) പുതുക്കിയ ട്വന്റി20 റാങ്ക് പട്ടികയില്‍ ഭാരത ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് നേട്ടം. സിംബാബ്വെയ്ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനം താരത്തെ റാങ്ക് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ത്തി. രണ്ടാമതുള്ള സൂര്യകുമാര്‍ യാദവ് ആണ് ഭാരത താരങ്ങളില്‍ മുന്നില്‍. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് ആണ് ഒന്നാം റാങ്കിലുള്ളത്.
നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണഅ 743 റേറ്റിങ് പോയിന്റുമായ് ജയ്സ്വാള്‍ മുന്നേറ്റം കാഴ്ച്ചവച്ചത്. പട്ടികയില്‍ ആറാം സ്ഥാനത്താണ് നിലവില്‍ ജയ്സ്വാള്‍ എത്തിനില്‍ക്കുന്നത്.
അതേസമയം ഏഴാം സ്ഥാനത്തുണ്ടായിരുന്ന ഭാരതത്തിന്റെ ഋതുരാജ് ഗെയ്ക്ക്വാദ് ഒരു സ്ഥാനം താഴേക്ക് ഇടിഞ്ഞു. സിംബാബ്വെയ്ക്കെതിരെ അവരുടെ നാട്ടില്‍ ട്വന്റി20 പരമ്പരയില്‍ ഭാരതം 4-1ന് ജയിച്ചിരുന്നു. ഇതിലെ പ്രകടനമികവാണ് ജയ്സ്വാളിന് ഗുണമായത്. പരമ്പരയില്‍ 141 റണ്‍സാണ് താരം നേടിയത്. ട്വന്റി20 ലോകകപ്പിന് തൊട്ടുപിന്നാലെ നടന്ന പരമ്പരയില്‍ ഭാരതത്തിന്റെ സീനിയര്‍ താരങ്ങളാരും ഉണ്ടായിരുന്നില്ല. ശുഭ്മാന്‍ ഗില്‍ ആണ് ടീമിനെ നയിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത് നായകന് ഗില്‍ ആണ്. പുതിയ റാങ്ക് പട്ടികയില്‍ താരവും നേട്ടമുണ്ടാക്കിയിട്ടുണ്ട്. 36 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഗില്‍ 37-ാം റാങ്കിലെത്തി.
ഭാരത നിരയിലെ ബൗളര്‍മാരാരും റാങ്ക് പട്ടികയിലെ ആദ്യ പത്തില്‍ ഇടം കണ്ടെത്തിയില്ല. ഒമ്പതാം സ്ഥാനത്തുണ്ടായിരുന്ന അക്ഷര്‍ പട്ടേല്‍ നാല് സ്ഥാനങ്ങള്‍ താഴേക്ക് ഇടിഞ്ഞ് 13-ാമതായി. പേസര്‍ മുകേഷ് കുമാറും സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറും യഥാക്രമം 46, 73 റാങ്കുകളിലേക്ക് മുന്നേറി. മുകേഷ് 36 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ 21 സ്ഥാനങ്ങളാണ് മറികടന്നെത്തിയത്. ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് ആണ് മുന്നില്‍. ഓള് റൗണ്ടര്‍മാരുടെ റാങ്ക് പട്ടികയില്‍ ശ്രീലങ്കന്‍ താരം വാനിന്ദു ഹസരംഗ ആണ് ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: