ധാക്ക: ജഗന്നാഥപുരിയിലെ രഥോത്സവത്തിന്റെ ആഹ്ലാദം പങ്കുവച്ച് ബംഗ്ലാദേശിലെ ധമ്റായിയിലും ധാക്കയിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രഥയാത്രകള്‍ ആഘോഷപൂര്‍വം നടന്നു. പതിനായിരക്കണക്കിന് ഭക്തരാണ് ഓരോ രഥയാത്രയിലും പങ്കാളികളായത്. ജൂലൈ 7ന് ആരംഭിച്ച രഥോത്സവം കഴിഞ്ഞ ദിവസം ജഗന്നാഥ രഥയാത്രയോടെ സമാപിച്ചു.
ഭജന, പ്രഭാഷണങ്ങള്‍, അഗ്നിഹോത്രം, സാംസ്കാരിക പരിപാടികള്‍, ഗീതാ പാരായണം, മഹാപ്രസാദ വിതരണം തുടങ്ങിയ പരമ്പരാഗത ചടങ്ങുകളുമായാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധമ്രായിലെയും ധാക്കയിലെയും ക്ഷേത്രങ്ങളില്‍ രഥോത്സവം കൊണ്ടാടിയത്. ധാക്കേശ്വരി ക്ഷേത്രത്തില്‍, ഭഗവാന് ജഗന്നാഥന്, ബലരാമന്, സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങള്‍ വലിയ രഥങ്ങളില്‍ വഹിച്ചുകൊണ്ടായിരുന്നു ഘോഷയാത്ര. ഘോഷയാത്രയ്ക്ക് മുന്നോടിയായി ധാക്കേശ്വരി ക്ഷേത്രത്തില്‍ പ്രഭാഷണം നടത്തി. സ്വാമിബാഗ് ഏരിയയിലെ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസും ഘോഷയാത്ര സംഘടിപ്പിച്ചു.
ബംഗ്ലാദേശ് ഭക്ഷ്യമന്ത്രി സധന്‍ ചന്ദ്ര മജുംദാര്‍, ബംഗ്ലാദേശ് പൂജ ഉദ്ജപന്‍ പരിഷത്ത് പ്രസിഡന്റ് ജെ.എല്‍. ഭൗമിക് തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: