പുരുഷാര്‍ത്ഥങ്ങളുടെ ആകര ഗ്രന്ഥമായ രാമായണം കാലത്തിന്റെ ഇരുട്ടില്‍ ദീപശിഖയായി സഞ്ചരിക്കുന്നു. ധര്‍മ്മാര്‍ത്ഥ കാമ മോക്ഷങ്ങളിലൂടെ കൈവല്യപ്രാപ്തി നേടാനുള്ള ആത്മവിദ്യയുടെ അനുശീലനം ഇതിഹാസത്തിനുള്ളില്‍ അനുരണനമായുണ്ട്. ഹനുമദ് സ്തുതി, പരശുരാമ സ്തുതി, അഹല്യാ സ്തുതി ആദിത്യ സ്തുതി ജടായു സ്തുതി, കൗസല്യാ സ്തുതി, നാരദ സ്തുതി, വസിഷ്ഠോപദേശം, ലക്ഷ്മണോപദേശം തുടങ്ങി നാനാസരണികളിലൂടെ വിശിഷ്ടാദൈ്വത ദര്‍ശനത്തിന്റെ വിഭൂതിയിലാണ് എഴുത്തച്ഛന് സഞ്ചരിക്കുന്നത്. ‘എവിടെ മനുഷ്യന് ദുഃഖിക്കുന്നുവോ അവിടെ രാമന് ദുഃഖിക്കു’മെന്ന് ആദികവിയുടെ അടയാള വാക്യമുണ്ട്. രാമന് കല്യാണ രാമാനാവുന്നതു രാമായണം അനുഗ്രഹ ഗ്രന്ഥമാകുന്നതും ഇങ്ങനെയാണ്. പ്രപഞ്ചത്തിലെ ഉത്തമമനുഷ്യന്റെ മഹാമാതൃകയെന്ന സങ്കല്‍പ്പസരണിയിലാണ് രാമായണം രാമന്റെ അയനവും രാമനിലേക്കുള്ള അയനവുമാകുന്നത്.
‘രാമോ വിഗ്രഹവാന്‍ ധര്‍മ്മ’ എന്ന രാമസാക്ഷാത്ക്കാര സൂത്രത്തിന്റെ ആവിഷ്കാര പ്രകൃതിയാണ് ഇതിഹാസം. ‘അഭിരാമസ്യ രാമസ്യ’ ‘രാമസ്യ ലോക രാമസ്യ’ തുടങ്ങിയ സൂക്ഷ്മ സംവേദിയായ നിര്‍ണയനങ്ങള്‍ ധര്‍മ്മപ്രകൃതിയുടെ സമഗ്രരൂപം അനാവരണം ചെയ്യുന്നു. സര്‍വ്വലോകരെയും ആനന്ദിപ്പിക്കുന്ന കൗസല്യാനന്ദ വര്‍ദ്ധനന്‍ ജീവന തപസ്യയുടെ സന്തര്‍പ്പണ സാക്ഷ്യമാണ്. ‘ആത്മാനാം മാനുഷ്യ മന്യേ’ എന്നു രാമന്റെ ആത്മനിയന്ത്രണത്തിലെ മാനവരക്തമാണ് രാമായണ സിരകളിലൊഴുകുന്നത്. അരവിന്ദയോഗി രേഖപ്പെടുത്തുന്നു-” വാല്മീകി ജീവിതത്തിന്റെ അതിബൃഹത്തായ ശക്തിവിശേഷങ്ങളെപ്പറ്റി നമ്മെ ബോധവാന്മാരാക്കുന്നു. വിപുലമായ ഇതിഹാസത്തിന്റെ പശ്ചാത്തലത്തില്‍ നാടും നഗരവും ഗിരി കാനനാദികളും നമ്മുടെ മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നു. വിശ്വരംഗം തന്നെ യവനിക നീക്കി പ്രത്യക്ഷപ്പെടുന്ന പ്രതീതിയാണുണ്ടാവുന്നത്. ഭാരത ഹൃദയത്തിന്റെ ധാര്‍മ്മികവും ലാവണ്യാത്മകവുമായ സകല സ്രോതസ്സുകളും ഒന്നായലിഞ്ഞു ചേര്‍ന്ന് ഏകവേണിയായൊഴുകുന്നു. മനുഷ്യന്റെ ദൈവികവും ആസുരവുമായ സമസ്ത ശക്തികളും പ്രഭാവങ്ങളും ഏതാനും മഹാവിഗ്രഹന്മാരിലൂടെ പ്രത്യക്ഷപ്പെടുന്നു. ഉത്കൃഷ്ടമായ മനുഷ്യസ്വഭാവങ്ങളെല്ലാം അവയുടെ സൂക്ഷ്മതരമായ ഭാവങ്ങളില്‍ ഇവിടെ പ്രദര്ശിക്കപ്പെടുന്നു.”
വ്യക്തിയെയും കുടുംബത്തെയും രാഷ്ട്രത്തെയും ലോകത്തെ പുനഃസൃഷ്ടിക്കാന്‍ ഇതിഹാസം പ്രതിജ്ഞാബദ്ധമാകുന്നത് രാമന്റെ ആദര്‍ശനിഷ്ഠയെ കേന്ദ്രീകരിച്ചാണ്. ത്യാഗബോധവും സത്യസങ്കല്‍പ്പവും സാക്ഷാത്കരിക്കവേ ആ ജീവിതചക്രം ദുരന്തസമാനമായെങ്കിലും അസാമാന്യമായ ധീരതയോടെയും അചഞ്ചലമായ പൗരുഷത്തോടെയും നേരിട്ട് മുന്നേറുകയായിരുന്നു. സീതാപരിത്യാഗം, ബാലിവധം, ശംബൂകവധം തുടങ്ങിയ ജീവിതാദ്ധ്യായങ്ങള്‍ ധര്‍മ്മസ്വരൂപനായ മനുഷ്യനെ മാറ്റുരയ്ക്കാനുള്ള വേദിയായി മാറുകയായിരുന്നു. ശബരിയും ഗുഹനും രാമന്റെ ജാത്യാതീതമായ കര്‍മ്മകാണ്ഡത്തില്‍ അടയാളപ്പെടുത്തുന്നു. വൃക്ഷലതാദികളുമായും പക്ഷിമൃഗാദികളുമായി പങ്കുവച്ച രാമഹൃദയം ‘വിശ്വം ഭവത്യേക നീഢമെന്ന’ മന്ത്രത്തില്‍ അഭിരമിക്കുകയാണ്. ജാതിലിംഗ പദവികള്‍ക്കപ്പുറം ഭക്തിമുക്തിയുടെ വേദാന്തമാണ്.
രാമന്റെ വിശുദ്ധ ജീവിതം സാക്ഷാത്കരിക്കുക. ധര്‍മ്മ സംസ്കൃതിയുടെ ദ്വന്ദാതീതമായ ദര്‍ശന സമീപനത്താലാണ് രാമന് രാവണനെ നിഗ്രഹിച്ചതും വിഭീഷണനെ സ്വീകരിച്ചതും. ജടായുമോക്ഷവും അഹല്യാ ശാപമോക്ഷവും രാമചേതനയുടെ തുടിക്കുന്ന കാരുണ്യവൃത്തി ചരിതമാണ്.
ഭാരതസംസ്കാര ശില്‍പ്പത്തെ രൂപപ്പെടുത്തിയ മണ്ണും മനസ്സുമായി ഇതിഹാസം കാലങ്ങളില്‍ വിളികൊള്ളുന്നത് അതിന്റെ അതീത മൂല്യപ്രഭാവത്തിലാണ്. ഭൗതികതയെയും ആത്മീയതയെയും പൈതൃകപ്പെരുമയില്‍ വിളക്കിച്ചേര്‍ക്കാനും ജീവിതത്തിന്റെ അദൈ്വത പ്രമാണത്തെ സാത്മീകരിക്കാനും പൗരോഹിത്യം വഹിച്ചത് രാമായണമാണ്. ഈ സത്യസാക്ഷാത്ക്കാരത്തിലൂടെയാണ് രാമായണ ജീവിതം അനശ്വരമായത്. മാനവന് തന്നെ ഇവിടെ മഹാദര്‍ശനമായി മാറുന്നു. രാമന്റെ ധര്‍മ്മനിഷ്ഠയുടെ മഹാശബ്ദവും സീതയുടെ തേങ്ങലിന്റെ തിരയടികളും ഈ ദര്‍ശനപ്പൊരുളിന്റെ മാറ്റൊലിയായി മുഴങ്ങി.
സപ്തവ്യസനങ്ങള്‍ക്ക് കാരണമായ നരജീവിതത്തിന്റെ നരകത്തീയിനെ രാമനാമംകൊണ്ട് കെടുത്തിക്കളയാനും വിസ്മയ വിദ്യയാണ് രാമായണത്തിന് അക്ഷരലക്ഷം സമ്മാനിക്കുക. ഭക്തിമുക്തിയുടെ സങ്കല്‍പ്പപ്പൊരുളിലാണ് രാമായണപാത്രങ്ങള്‍ ജനിക്കുന്നതും പുനര്‍ജ്ജനിക്കുന്നതും. വിശ്വദര്‍ശന പശ്ചാത്തലത്തില്‍ മനുഷ്യ മഹാസങ്കല്‍പ്പത്തിന്റെ പൂര്‍ണ്ണിമയിലാണ് ഇതിഹാസം ഉണര്‍ന്നു ജ്വലിക്കുന്നത്. സര്‍വ്വചരാചരങ്ങളേയും ചേര്‍ത്തു പിടിച്ച് അദൈ്വതശ്രീയുരുവിടുന്ന ആകാശമാണ് സഹൃദയന് സ്വന്തമാക്കുക.
‘ബ്രഹ്മാദി ദേവകളാല്‍ പ്രാര്‍ത്ഥിക്കപ്പെട്ടുള്ളൊരു
ധര്‍മ്മങ്ങള്‍ മായാബലംകൊണ്ടു സാധിപ്പിക്ക നീ’ എന്ന പരശുരാമ സ്തുതി വചനത്തിന്റെ ഭാവഭംഗി ഭാഗികമായി അനുവാചകനും പങ്കിടുന്നു. ധര്‍മ്മകവചമണിഞ്ഞവന്‍ ജീവിതപ്പോരാട്ടത്തില്‍ എന്നും വിജയിയാവുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: