കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ക്ലാസ് എടുക്കാന്‍ അധ്യാപകരില്ല. വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. ഗസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല.
കോളജ് അധ്യാപകരുടെ സ്ഥലംമാറ്റം നടപ്പിലാക്കാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. സ്ഥലംമാറ്റത്തിന്റെ കരട് പട്ടിക ഇറങ്ങി ഒരു മാസമായിട്ടും അന്തിമ പട്ടിക തയ്യാറാക്കി ഉത്തരവ് ഇറക്കാതെ ഡിപിഇ അലംഭാവം കാണിക്കുന്നു. ഇതോടെ നിലവിലെ അധ്യാപകര്‍ക്ക് അവസാനവട്ട ടൈംടേബിള്‍ പോലും തയ്യാറാക്കാന്‍ സാധിക്കുന്നില്ല. ഭരണാനുകൂല അധ്യാപക സംഘടനയാണ് സ്ഥലംമാറ്റത്തിന് ഇടങ്കോലിടുന്നത്. സംഘടനയുടെ ഇഷ്ടക്കാരെ അവര്‍ ആവശ്യപ്പെടുന്ന കോളജുകളില്‍ നിയമിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് ഡയറക്ട്രേറ്റ് ഓഫ് കോളേജിയറ്റ് എജ്യുക്കേഷന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കാത്തത് സംഘടനയുടെ നീരസത്തിന് ഇടയാക്കിത്. ഉത്തരവിറക്കാന്‍ പാടില്ലെന്ന് മുകള്‍ തട്ടില്‍ നിന്ന് നിര്‍ദേശവും വന്നു. ഇതോടെ സ്ഥലം മാറ്റ ഉത്തരവ് ഫയലില്‍ കുരുങ്ങി.
സ്ഥലം മാറ്റത്തിന്റെ കരട് പട്ടിക ഇറങ്ങിയപ്പോള്‍ വീട് ഒഴിഞ്ഞവരും അടുത്ത കോളജിലേക്ക് ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുത്ത് വീട് വാടകയ്ക്ക് എടുത്തവരും ത്രിശങ്കുവിലായി. അധ്യാപകരുടെ മക്കളുടെ തുടര്‍വിദ്യാഭ്യാസവും താളംതെറ്റി. സാധാരണ കരട് ഉത്തരവ് പ്രാബല്യത്തില്‍ വന്നാല്‍ പരാതിപ്പെടാന്‍ പത്ത് ദിവസത്തെ സമയം നല്‍കാറുണ്ട്. ഇത്തവണ അഞ്ച് ദിവസത്തെ സമയമാണ് അനുവദിച്ചത്. ഉന്നത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ ധൃതിയില്‍ നടപ്പിലാക്കിയതിനാലാണ് പരാതിയുടെ ദിവസങ്ങളിലും കുറവ് വരുത്തിയത്.
ഇടതുസംഘടനയുടെ നീക്കം ചെറുക്കും
കൊച്ചി: സ്ഥലംമാറ്റം നടപ്പിലാക്കുന്നതിന് തടസം നില്ക്കുന്ന ഇടതു സംഘടനയായ എകെപിടി നടത്തുന്ന കുത്സിതശ്രമങ്ങളെ എന്തു വിലകൊടുത്തും ചെറുത്തു തോല്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് ആഹ്വാനം ചെയ്തു. ഇടത് സംഘടനയില്‍ അംഗങ്ങളെ കൂട്ടുന്നതിനു വേണ്ടിയാണ് സ്ഥലംമാറ്റ ഉത്തരവ് തടഞ്ഞരിക്കുന്നത്. സംഘടനയില്‍ ചേരാതെ നില്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. നിരവധി പേര് സംഘടനയില്‍ നിന്നും കൊഴിഞ്ഞു പോയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സര്‍വീസ് ചട്ടവിരുദ്ധ പരാതി, സ്ഥലം മാറ്റം നടത്തുന്ന പോലുള്ള പരാതികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്റ്റേ വാങ്ങാനുള്ള ആറു മാസത്തെ വിലക്ക് കൊണ്ടുവന്നത് തുടങ്ങിയവ കോളജ് അധ്യാപകരുടെ ഇടയില്‍ ചര്‍ച്ച ആയിട്ടുണ്ട്. എകെപിടിക്കെതിരെ ജീവനക്കാരുടെയിടയില്‍ രോഷം ഉയരുന്നു. നിയമങ്ങള്‍ നോക്കാതെ ഇടതു സംഘടനാ താല്പര്യം മാത്രം നോക്കിയാണ് സ്ഥലം മാറ്റം ഉത്തരവ് ഇറക്കുന്നതെങ്കില്‍ കോടതിയെ സമീപിക്കാനും, ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് (യുവാസ്) എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന സമിതി എടുത്ത പ്രമേയം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: