ന്യൂദല്‍ഹി: നാവികസേനയ്ക്കായി റഷ്യയില്‍ നിര്‍മിക്കുന്ന യുദ്ധക്കപ്പല്‍ സപ്തംബറില്‍ രാജ്യത്തെത്തും. ഐഎന്‍എസ് തുഷില്‍ എന്നു പേരിട്ടിരിക്കുന്ന കപ്പലാണ് ആദ്യം ഭാരതത്തിലേക്ക് എത്തുന്നത്. ഐഎന്‍എസ് തമാല്‍ എന്ന രണ്ടാം കപ്പല്‍ അടുത്തവര്‍ഷം ഫെബ്രുവരിയിലാകും എത്തുക. ഈവര്‍ഷം അവസാനത്തോടെ ഐഎന്‍എസ് തുഷില്‍ കമ്മിഷന് ചെയ്തേക്കും.
റഡാറിന്റെ കണ്ണില്‍പ്പെടാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഗ്രിഗോറോവിച്ച് യുദ്ധക്കപ്പലുകളാണ് തുഷിലും തമാലും. 2016 ഒക്ടോബറിലാണ് നാല് യുദ്ധക്കപ്പലുകള്‍ക്കായി ഒരു ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഭാരതവും റഷ്യയും ഒപ്പുവച്ചത്. ഇതില്‍ രണ്ടെണ്ണമാണ് റഷ്യയില്‍ നിര്‍മിക്കുന്നത്. ബാക്കി രണ്ടെണ്ണം ഗോവ ഷിപ്പ്യാര്ഡ് ലിമിറ്റഡിലാണ് നിര്‍മിക്കുക.
റഷ്യന്‍ പ്രതിരോധ നിര്‍മാണ കമ്പനിയായ റോസ്ബോറോണ്‍ എക്സ്പോര്‍ട്ടിന്റെ സാങ്കേതിക സഹായത്തോടെയാണ് ഗോവ ഷിപ്പ്യാര്ഡില് കപ്പലുകള്‍ ഒരുങ്ങുന്നത്. 2027ല്‍ ഈ കപ്പലുകളെല്ലാം നാവിക സേനയ്ക്ക് കൈമാറും. നിലവില്‍ റഡാറുകളെ കബളിപ്പിക്കാന്‍ ശേഷിയുള്ള റഷ്യന്‍ നിര്‍മിത ആറ് യുദ്ധക്കപ്പലുകള്‍ രാജ്യത്തിനുണ്ട്. താല്‍വാര്‍, തെഗ് ക്ലാസുകളില്‍ പെട്ടവയാണ് അവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: