വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ സംഘടനയായ പിഎസിക്ക് പ്രതിമാസം 45 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യാന്‍ ഇലോണ്‍ മസ്ക് തീരുമാനിച്ചു. സ്പേസ് എക്സ് സ്ഥാപകന്റെ തീരുമാനം വാള് സ്ട്രീറ്റ് ജേണല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
നവംബറിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വിംഗ് സ്റ്റേറ്റുകളിലെ താമസക്കാര്‍ക്കിടയില്‍ വോട്ടര്‍ രജിസ്ട്രേഷന്, നേരത്തെയുള്ള വോട്ടിംഗ്, മെയില്‍ ഇന്‍ ബാലറ്റുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അമേരിക്ക പിഎസി എന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയ ഗ്രൂപ്പിനാണ് മസ്കിന്റെ സംഭാവനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മേയ് അവസാനം രൂപീകരിച്ച അമേരിക്കന്‍ പിഎസിയ്ക്ക് പാലന്തിറിന്റെ സഹസ്ഥാപകനായ ജോ ലോണ്സ്ഡേറ്റ്, ക്രിപ്റ്റോ ശതകോടീശ്വരന്മാരായ കാമറൂണ്‍, ടൈലര്‍ വിങ്ക്ലെവോസ്, കാനഡയിലെ മുന്‍ യുഎസ് അംബാസഡര്‍ കെല്ലി ക്രാഫ്റ്റ് എന്നിവര്‍ തിരഞ്ഞെടുപ്പ് സംഭാവന നല്‍കിയിരുന്നു.
യുഎസില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യക്തിഗത സംഭാവനയുടെ പരിധി 3,300 യുഎസ് ഡോളറാണ്. നിയമത്തിലെ ഈ വ്യവസ്ഥകള്‍ മറികടക്കാനാണു പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റികള്‍ എന്ന പിഎസികളെ സ്ഥാനാര്‍ഥികള്‍ ആശ്രയിക്കുന്നത്. പിഎസികള്‍ക്ക് സംഭാവന ചെയ്യുന്ന തുകയ്ക്ക് നിലവില്‍ പരിധിയില്ല.
‘ഞാന്‍ പ്രസിഡന്റ് ട്രംപിനെ പൂര്‍ണ്ണമായി അംഗീകരിക്കുന്നു, അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ 2022 ല്‍ അദ്ദേഹം ഏറ്റെടുത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ മസ്ക് എഴുതി. 250 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ മസ്ക്, 2024 ലെ യുഎസ് തെരഞ്ഞെടുപ്പില്‍ ട്രംപുമായി കൂടുതല്‍ സൗഹൃദം പുലര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: