കാസർകോട്: കാസർകോട് ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷം. പെരിയടുക്കം സ്വദേശി മനുവും മൈലാട്ടി സ്വദേശി ശരണും തമ്മിലാണ് ഏറ്റുമുട്ടിയത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അബ്കാരി കേസിൽ ബദിയടുക്ക എക്സൈസ് റേഞ്ച് അറസ്റ്റ് ചെയ്ത് വിചാരണ തടവുകാരനായി കഴിയുന്ന മനുവും മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കുന്ന ശരണും നിസാര കാര്യത്തിന്റെ പേരിൽ ഏറ്റുമുട്ടുകയായിരുന്നു. വാക്കുതർക്കമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. ഇരുവരും ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്. സംഘട്ടനത്തിന്റെ ദൃശ്യങ്ങൾ ജയിലിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ജയിൽ സൂപ്രണ്ട് വിനീത് വി പിള്ളയുടെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: