തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്.
ദാരുണ സംഭവത്തില്‍ രാഷ്ട്രീയലാഭം നോക്കിയുള്ള സര്‍ക്കാര്‍ വാദങ്ങള്‍ അംഗീകരിക്കാനാകില്ല. ജോലിക്കിടെ ജീവന് ബലികഴിച്ച ജോയിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും മുരളീധരന് പറഞ്ഞു. മാരായിമുട്ടത്തുള്ള ജോയിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യനിര്‍മാര്‍ജനം സമയബന്ധിതമായി നടപ്പാക്കാന്‍ സര്‍ക്കാരിന് പദ്ധതികള്‍ ഉണ്ടാകണം. ഇനിയും ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. മാലിന്യ നിര്‍മാര്‍ജനം നഗരം ഭരിക്കുന്നവരുടെ ചുമതലയാണ്. തോടുകളും ഓടകളും വൃത്തിയായി സൂക്ഷിക്കണം. മാലിന്യ സംസ്കരണം റെയില്‍വെയുടെ ഉത്തരവാദിത്തമല്ല. ജോയിയുടെ ദുരന്തവും നരേന്ദ്ര മോദിയുടെ വീഴ്ചയായി അവതരിപ്പിക്കാന്‍ ശ്രമിക്കരുത്.
നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന തദ്ദേശവകുപ്പ് മന്ത്രി അവിടങ്ങളിലെ മാലിന്യസംസ്ക്കരണ രീതികള്‍ തിരുവനന്തപുരത്ത് നടപ്പാക്കാന്‍ ശ്രമിക്കണം. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി അനുവദിച്ച കോടികള്‍ എവിടെ പോയെന്ന് വകുപ്പുമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: