വാഷിങ്ടണ്‍: വെടിയേറ്റ ഉടനെ താന്‍ മരിച്ചുപോകുമെന്നാണ് കരുതിയതെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. പെന്‍സില്‍വാനിയയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടയില്‍ വെടിയേറ്റ ശേഷം ഇതാദ്യമായി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ട്രംപ് മനസ് തുറന്നത്. വിചിത്രമായ അനുഭവമായിരുന്നു അതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ താന്‍ ഇവിടെ ഇരിക്കേണ്ട ആളല്ലെന്നും മരിച്ച് പോയിട്ടുണ്ടാകുമായിരുന്നുവെന്നും ട്രംപ് പറയുന്നു.
വല്ലാത്ത അനുഭവമായിരുന്നു അത്. അനധികൃത കുടിയേറ്റക്കാരെ കുറിച്ച് സംസാരിക്കാനൊരുങ്ങുകയായിരുന്നു അപ്പോള്‍. അതിന്റെ ചാര്‍ട്ട് വായിക്കാന്‍ തല വലത്തേക്ക് ചരിച്ചില്ലായിരുന്നുവെങ്കില് തീര്‍ച്ചയായും മരിച്ച് പോയേനെ. ഭാഗ്യം കൊണ്ടോ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടോ ആണ് രക്ഷപ്പെടാന്‍ സാധിച്ചത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്ന് ആളുകള്‍ പറയുന്നു.
അക്രമിയെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ വകവരുത്തി. നിമിഷനേരത്തിനുള്ളില്‍ അവര്‍ക്കത് സാധ്യമായി. അവര്‍ അവരുടെ ജോലി നന്നായി ചെയ്തു. റിപ്പബ്ലിക്കന്‍ കണ്വെന്ഷന് വേണ്ടി ഞാന്‍ തയാറാക്കിയ പ്രസംഗം ഇനി തിരുത്തി എഴുതാന്‍ പോവുകയാണ്. നിലവിലെ ഭരണസംവിധാനത്തെക്കുറിച്ചായിരുന്നു ആദ്യം പറയാന്‍ തയാറായിരുന്നത്. എന്നാല്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നിന് വേണ്ടി ഇപ്പോഴുള്ളത് കളയുകയാണെന്നും ട്രംപ് പറയുന്നു. ട്രംപിന്റെ വലത് ചെവിയുടെ മുകള്‍ഭാഗത്തായിട്ടായിരുന്നു വെടിയുണ്ട തറഞ്ഞ് കയറിയത്. അക്രമിയെ നിമിഷനേരത്തിനുള്ളില്‍ സുരക്ഷാ സേന വധിച്ചിരുന്നു. പ്രസിഡന്റ് ബൈഡന് വെടിയേറ്റ ട്രംപിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. തികച്ചും ജനാധിപത്യപരമാണ് താനും ബൈഡനും തമ്മിലുള്ള മത്സരമെന്നും ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: