മയാമി: കോപ്പ അമേരിക്ക കലാശപ്പോരാട്ടത്തിനൊരുങ്ങി ഫ്ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയം. നാളെ രാവിലെ അഞ്ചരയ്ക്കാണ് നിലവിലെ ജേതാക്കളായ അര്‍ജന്റീനയും കൊളംബിയയും ഏറ്റുമുട്ടുന്ന കലാശപ്പോര്. ലോക ഫുട്ബോള്‍ ചാമ്പ്യന്മാര് കൂടിയായ ലയണല്‍ സ്കലോനിയുടെ അര്‍ജന്റീനയെ തേടി വലിയ പരീക്ഷണമാണ് കാത്തിരിക്കുന്നത്. അര്‍ജന്റൈന്‍ പരിശീലകനായ നെസ്റ്റര്‍ ലോറെന്‍സോയ്ക്ക് കീഴില്‍ വിജയക്കുതിപ്പ് തുടരുന്ന കൊളംബിയന്‍ കരുത്താണ് അര്‍ജന്റീനയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്.
തോല്‍വി അറിയാത്ത 28 കളികള്‍ പൂര്‍ത്തിയാക്കിയാണ് കൊളംബിയ ഫൈനലിലെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് ടീം പരാജയപ്പെട്ടത് 2022 ഫെബ്രുവരി 11ന് അര്‍ജന്റീനയ്ക്കെതിരെയാണ്. ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ആ തോല്‍വി. ഇരുവരും തമ്മിലുള്ള അവസാനത്തെ നേര്‍ക്കുനേര്‍ പോരാട്ടവും അതായിരുന്നു. മത്സരത്തില്‍ സ്കലോനിക്ക് കീഴിലുള്ള അര്‍ജന്റീന ലാട്ടരോ മാര്‍ട്ടിനെസ് നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്. അന്ന് കൊളംബിയക്കാരന്‍ റെയ്നാല്‍ഡോ റുവേഡ ആയിരുന്നു കൊളംബിയയുടെ കോച്ച്. തൊട്ടടുത്ത രണ്ട് കളിയില്‍ റുവേഡയ്ക്ക് കീഴില്‍ കൊളംബിയ വിജയിച്ചു. പക്ഷെ ഖത്തറിലേക്ക് യോഗ്യത നേടാനായില്ല. റുവേഡ പടിക്ക് പുറത്തായി. പിന്നീട് താല്‍ക്കാലികമായി ഹെക്ടര്‍ കാര്‍ഡെനാസ് എത്തി. അക്കൊല്ലം ജൂണില്‍ സൗദി അറേബ്യയ്ക്കെതിരെ 1-0ന് ജയിച്ചു. കാര്ഡെനാസിന് കീഴില്‍ ഈ ഒരു അന്താരാഷ്ട്ര മത്സരമേ ടീം കളിച്ചുള്ളൂ. പിന്നീടാണ് ലോറെന്‍സോ ടീമിന്റെ സ്ഥിരം പരിശീലകനായി എത്തുന്നത്. ആദ്യ മത്സരം ഗ്വാട്ടിമാലയ്ക്കെതിരെ 4-1ന്റെ വിജയം നേടി. ആ തുടക്കത്തില്‍ നിന്നും ഇതുവരെ തോല്ക്കേണ്ടിവന്നിട്ടില്ല. ഈ ടീമിനോട് പരാജയപ്പെട്ടവരുടെ കൂട്ടത്തില്‍ ബ്രസീല്‍, ജര്‍മനി, ഇപ്പോള്‍ യൂറോ കപ്പ് ഫൈനലിലെത്തിനില്ക്കുന്ന സ്പെയിന് ടീമുകള്‍ ഉള്‍പ്പെടുന്നു.
ഇത്തവണ കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനോട് സമനില വഴങ്ങിയിട്ടുണ്ട്. ബാക്കി മത്സരങ്ങളിലെല്ലാം വിജയം. പ്രാഥമിക റൗണ്ടില്‍ പരാഗ്വയെയും കോസ്റ്ററിക്കയെയും തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ പനാമയെ 5-0ന് തകര്‍ത്തു. സെമിയില്‍ ഉറുഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ടീമിന്റെ മൂന്നാം കോപ്പ അമേരിക്ക ഫൈനലാണിത്. ഇതിന് മുമ്പ് 1975ലാണ് ആദ്യം ഫൈനല്‍ കളിച്ചത്. അന്ന് പെറുവിനോട് പരാജയപ്പെട്ടു. പിന്നീട് 2001ല്‍ മെക്സിക്കോയെ തോല്‍പ്പിച്ച് കിരീടം ചൂടി. ടീമിന്റെ ഒരേയൊരു ചാമ്പ്യന്‍ഷിപ്പ്.
തുടര്‍ച്ചയായി രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് സ്കലോനിക്ക് കീഴിലെ ലയമല്‍ മെസിയും സംഘവും ഇന്ന് മയാമിയിലിറങ്ങുന്നത്. ഒപ്പം കൂടുതല്‍ കോപ്പ കിരീടം പങ്കുവയ്ക്കുന്ന ഉറുഗ്വേയെ മറികടക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. നിലവില്‍ ഇരു ടീമുകളും 15 വീതം തവണയാണ് ലാറ്റിനമേരിക്കന്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഉറുഗ്വേയോട് മാത്രമാണ് ടീം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തോറ്റിട്ടുള്ളത്.
ഇത്തവണ കളിച്ച എല്ലാ കളികളും ജയിച്ചാണ് അര്‍ജന്റീന ഫൈനലിലെത്തിയിരിക്കുന്നത്. ടീം വലിയ പരീക്ഷണം നേരിട്ടത് ക്വാര്‍ട്ടറിലായിരുന്നു. ഇക്വഡോറിനോട് നിശ്ചിത സമയ മത്സരം 1-1 സമനിലയില്‍ പിരിയേണ്ടിവന്നപ്പോള്‍ ഷൂട്ടൗട്ടില്‍ 4-2ന് ജയിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ കാനഡ, ചിലി, പെറു ടീമുകളെ തോല്‍പ്പിച്ചു. സെമിയില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കഴിഞ്ഞ മത്സരത്തില്‍ രണ്ടാം ഗോള്‍ നേടി ടീം നായകന് മെസി ടൂര്‍ണമെന്റില്‍ ആദ്യമായി സ്കോര്‍ ചെയ്തു. സ്ട്രൈക്കര്‍ ലാട്ടരോ മാര്‍ട്ടിനെസ് മിന്നും ഫോമിലാണ്. ഇതുവരെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ താരത്തിന്റെ പേരിലാണ്. നാല് ഗോളുകള്‍.
മറുവശത്ത് കൊളംബിയന്‍ നായകന് ജെയിംസ് റോഡ്രിഗസും മികച്ച ഫോമിലാണ്. പ്രതിരോധത്തിലൂന്നിയ ടാക്റ്റിക്കാണ് ലോറെന്‍സോയ്ക്ക് കീഴിലെ കൊളംബിയയുടെ പ്രധാന തന്ത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: