ചെറുകോല്‍: ആത്മബോധോദയ സംഘം ശുഭാനന്ദാശ്രമത്തിലെ ആനന്ദജി ഗുരുദേവന്റെ ഉത്രാടം ജന്മനക്ഷത്ര ശതാബ്ദി ആഘോഷ സമാപനത്തിന് പുലര്‍ച്ചെ നാലിന് പള്ളിയുണര്‍ത്തലോടെ തുടക്കമായി.
ദേവാനന്ദ ഗുരുദേവന്റെ സാന്നിധ്യത്തില്‍ ഗുരുപൂജ, ഗുരുദക്ഷിണ, സങ്കല്പ പ്രാര്‍ത്ഥന, സമാധി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന തുടങ്ങി ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ നടന്നു. സര്വജ്ഞാനോത്സവം എന്ന പേരിലുള്ള ശതാബ്ദി ആഘോഷ സമാപനം 10 ദിവസം നീളും.
രാവിലെ 8.30ന് കേരളത്തിലെ 9 ശാഖാ ആശ്രമങ്ങളുടെ ആഭിമുഖ്യത്തിലുള്ള ജന്മനക്ഷത്ര സ്തുതിക്ക് തുടക്കമായി. ഈ അഖണ്ഡസ്തുതി ഇന്നു പ്രഭാതം വരെ തുടരും. ജയാ ആത്മലാലിന്റെ മേല്‍നോട്ടത്തില്‍ ശുഭാനന്ദ അഷ്ട്ടോത്തര ശതനാമാവലി സംഗീതാര്‍ച്ചന, ആശ്രമ പ്രദക്ഷിണം, എഴുന്നള്ളത്ത് ഇവയ്ക്കു ശേഷം 10.15ന് ആനന്ദജി ഗുരുദേവന്റെ ഛയാചിത്രത്തിന്റെ പുനഃപ്രതിഷ്ഠ ദേവാനന്ദ ഗുരുദേവന് നിര്‍വഹിച്ചു.
അനുഗ്രഹ പ്രഭാഷണവും സമൂഹസദ്യയും നടന്നു. വിദ്യാഭ്യാസ സെമിനാര്‍ ഡോ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന് അധ്യക്ഷനായ സെമിനാറില്‍ ഡോ. അഭിലാഷ്, ദീപ, ഉമാദേവി അനില്‍, സദാനന്ദന് പാമ്പാടി എന്നിവര്‍ വിഷയാവതരണം നടത്തി. വിദ്യാഭ്യാസത്തില്‍ ഗുരുവിന്റെ സ്ഥാനവും പ്രാധാന്യവുമായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം. സെമിനാറില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ദേവാനന്ദ ഗുരുദേവന് പഠനോപകരണങ്ങള്‍ സമ്മാനിച്ചു. അശോകന് തണ്ണിത്തോട് സ്വാഗതവും രത്നകുമാര്‍ നന്ദിയും പറഞ്ഞു. വൈകിട്ട് ആശ്രമ പ്രദക്ഷിണം, എഴുന്നള്ളത്ത്, സമൂഹാരാധന എന്നീ ചടങ്ങുകള്‍ക്ക് ശേഷം 8 മണിക്ക് സംന്യാസവൃന്ദത്തിന്റെ ശുഭാനന്ദ നാമസങ്കീര്ത്തനാര്ച്ചനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: