കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാല്‍ കേസില്‍ ഒന്നാം പ്രതിയാണ്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമായാണ് കുറ്റപത്രം.
ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മൂന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകശ്രമം, സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. ഗാര്‍ഹിക പീഡനമാണ് അമ്മയ്ക്കും സഹോദരിക്കും എതിരെ ചുമത്തിയത്. രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചതാണ് രാജേഷിനും പോലീസുകാരനും എതിരെ ചുമത്തിയ കുറ്റം. കേസില്‍ എഫ്ഐആര്‍ ഇട്ട് 60-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
നേരത്തെ എഫ്ഐആര്‍ റദ്ദാക്കരുതെന്ന് ഫറോക്ക് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ട് രാഹുല്‍ പി ഗോപാലിന്റെ ഹര്‍ജിയിലാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. യുവതിയുമായുള്ള പരാതി ഒത്തുതീര്‍പ്പായെന്നും ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണയാണെന്നുമായിരുന്നു ഹൈക്കോടതിയിൽ രാഹുൽ അറിയിച്ചത്.
യുവതിയെ ശാരീരികമായി ആക്രമിച്ചിട്ടില്ല. ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം. പോലീസ് ഇടപെടല്‍ മൂലം ഒരുമിച്ച് ജീവിക്കാനായില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. രാഹുലുമായുള്ള തര്‍ക്കം പരിഹരിച്ചെന്നാണ് യുവതിയുടെ സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. ഭര്‍ത്താവുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. പരാതി തുടരുന്നില്ല. മൊഴി നല്‍കേണ്ടി വന്നത് ബന്ധുക്കളുടെ അധികാര സ്വാധീനം മൂലമാണെന്നും യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: