ന്യൂദൽഹി: വ്യോമസേനയില്‍ അഗ്നിവീര്‍ (അഗ്നിവീര്‍ വായു) സെലക്ഷന് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്ക്കും വനിതകള്‍ക്കും ഓണ്‍ലൈനായി ജൂലൈ എട്ടുമുതല്‍ 28 വരെ അപേക്ഷിക്കാം. അഗ്നീവീര്‍ വായു തെരഞ്ഞെടുപ്പിനായുള്ള ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബര്‍ 28 മുതല്‍ ആരംഭിക്കും. നാലുവര്‍ഷത്തേക്കാണ് നിയമനം.
https://agnipathvayu.cdac.in എന്ന വെബ് പോര്‍ട്ടലിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്.
പ്രായം: 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും (രണ്ടു തിയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരായിരിക്കണം. ശാസ്ത്രവിഷയങ്ങള്‍ പഠിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസയോഗ്യത: ശാസ്ത്രവിഷയങ്ങളില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയുള്‍പ്പെട്ട പ്ലസ്ടു/ഇന്റര്‍മീഡിയറ്റ്/തത്തുല്യ പരീക്ഷ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ ത്രിവത്സര പോളിടെക്നിക് എന്‍ജിനീയറിംഗ് ഡിപ്ലോമയില്‍ (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) 50 ശതമാനം മാര്‍ക്കോടെ വിജയം. അല്ലെങ്കില്‍ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളായ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ ഉള്‍പ്പെട്ട ദ്വിവത്സര വൊക്കേഷണല്‍ കോഴ്സില്‍ 50 ശതമാനം മാര്‍ക്കോടെ വിജയം.
എല്ലാ യോഗ്യതാ പരീക്ഷകളിലും ഇംഗ്ളീഷിന് 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.
ശാസ്ത്ര ഇതര വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ്/പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയമാണ് യോഗ്യത. അല്ലെങ്കില്‍ ദ്വിവത്സര വൊക്കേഷണല്‍ കോഴ്സില്‍ 50 ശതമാനം മാര്‍ക്കോടെ വിജയം. എല്ലാ യോഗ്യതാ പരീക്ഷകളിലും ഇംഗ്ളീഷിന് 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ പരീക്ഷ, കായികക്ഷമതാപരീക്ഷ, അഭിരുചി പരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന, ആരോഗ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരം https://agnipathvayu.cdac.in എന്ന വെബ് പോര്‍ട്ടലില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: