തൃശൂര്‍ : സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റേയും അവഗണന മൂലം മനം മടുത്തു. ഇനി നെല്‍കൃഷി തുടരാനാകില്ലെന്ന് കര്‍ഷകര്‍. കൃഷി ഭൂമി തരിശിടാന്‍ അനുവദിക്കണമെന്ന് കാണിച്ച് കര്‍ഷകര്‍ കൃഷിമന്ത്രി പി.പ്രസാദിന് കത്തയച്ചു. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നല്‍കാത്തത് മൂലം കര്‍ഷകര്‍ കടക്കെണിയിലാവുകയാണ്. അതുകൊണ്ട് ഇനി കൃഷി തുടരാനാകില്ല. പുത്തൂര്‍ പുത്തന്‍കാട് ഏല നെല്ലുല്പാദക സമൂഹത്തിലെ കര്‍ഷര്‍ക്ക് വേണ്ടി സെക്രട്ടറി പുത്തൂര്‍ കള്ളാടത്തില്‍ ബിജിയാണ് കത്തയച്ചത്. കത്തില്‍ പറയുന്നത് ഇങ്ങനെ.
2023 ലെ രണ്ടാം വിളയില്‍ സംഭരിച്ച നെല്ലിന്റെ വില നല്‍കുന്നതിനായി സപ്ലൈകോ ബാങ്കുകളുമായി തയ്യാറാക്കിയ ധാരണാപത്രത്തില്‍ കര്‍ഷകരെ കടക്കാരാക്കുന്ന നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിബന്ധനയെക്കുറിച്ച് അറിഞ്ഞ സംഘത്തിലെ കര്‍ഷകര്‍ കട ബാധ്യത തലയിലേറ്റേണ്ട എന്ന തീരുമാനത്തില്‍ വായ്പക്ക് തയ്യാറായില്ല. കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തൃതിക്ക് ആനുപാതികമായി നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഫണ്ട് അനുവദിക്കാനും കൃഷി വകുപ്പിനാകുന്നില്ല. കിട്ടുന്ന ഫണ്ട് വീതം വെക്കുകയാണ് കൃഷിഭവന് ചെയ്തുപോരുന്നത്.
വന്യമൃഗ ശല്യം ഏറെയുള്ള പ്രദേശത്താണ് നെല്‍കൃഷി ചെയ്തുവരുന്നത്. വന്യമൃഗ ശല്യം മൂലവും പ്രകൃതി ദുരന്തങ്ങള്‍ മൂലവും കൃഷി നശിക്കുന്ന കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും ഫണ്ട് ലഭ്യമല്ല എന്ന കാരണത്താല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. വര്‍ഷങ്ങളായി കൃഷി ചെയ്തു വരുന്നതിനാല്‍ വിളവ് കുറഞ്ഞുവരുന്ന ഉമ വിത്ത് മാറ്റി പൊന്മണി വിത്ത് ഉപയോഗിക്കാന്‍ സംഘം തീരാനമെടുത്ത് കൃഷിഭവന് മുഖേന അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും സംസ്ഥാന സീഡ് അതോറിറ്റിയില്‍ വിത്ത് ലഭ്യമല്ലാത്ത സാഹചര്യമാണ്.
നെല്ലിന്റെ വില സപ്ലൈകോ കടം പറയാതിരിക്കുക. നെല്ലിന്റെ വില ബാങ്കില്‍ നിന്നും കടം വാങ്ങാന്‍ പറയാതിരിക്കുക. നെല്‍കൃഷി നഷ്ടപരിഹാരം കടം പറയാതിരിക്കുക. ചോദിച്ച നെല്‍ വിത്ത് തരാതെ തരുന്ന വിത്ത് കൃഷി ചെയ്യാന്‍ പറയാതിരിക്കുക. ഈ വസ്തുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൃഷി വകുപ്പോ സപ്ലൈകോയോ തയ്യാറാകാത്ത സാഹചര്യത്തില്‍ നെല്‍കൃഷി തുടരുന്നത് ആത്മഹത്യാപരമാണ്. ആയതിനാല്‍ നെല്‍വയല്‍ തരിശിടുന്നതിനായി അനുമതി നല്‍കണം എന്ന് ആവശ്യപ്പെടുന്നു എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: