ന്യൂദൽഹി: ലോക്കോ പൈലറ്റുമാർ റെയിൽവേ കുടുംബത്തിലെ പ്രധാന അംഗങ്ങളാണെന്നും അവരെ തരംതാഴ്ത്താൻ രാഹുൽ ഗാന്ധിയും പ്രതിപക്ഷവും തെറ്റായ വിവരങ്ങളും നാടകീയതയും നടത്തുന്നുണ്ടെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആരോപിച്ചു.
ട്രെയിൻ ഡ്രൈവർമാരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി റെയിൽവേ സ്വീകരിച്ച വിവിധ നടപടികൾ വൈഷ്ണവ് വിശദീകരിച്ചു. ലോക്കോ പൈലറ്റുമാരുടെ ഡ്യൂട്ടി സമയം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ട്. അവർക്ക് യാത്രകൾക്ക് ശേഷം വിശ്രമം കൃത്യമായി നൽകുന്നുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ശരാശരി ഡ്യൂട്ടി സമയം നിലനിർത്തുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധി ലോക്കോ പൈലറ്റുമാരുടെ ഒരു കൂട്ടം കൂടിക്കാഴ്ച നടത്തുകയും ജീവനക്കാരുടെ കുറവ് കാരണം മതിയായ വിശ്രമമില്ല എന്ന് പരാതിപ്പെട്ടത് വിവാദമാക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
അതേ സമയം പൈലറ്റുമാർ ലോക്കോ ക്യാബിൽ നിന്നാണ് ലോക്കോമോട്ടീവുകൾ പ്രവർത്തിപ്പിക്കുന്നതെന്നും 2014ന് മുമ്പ് ക്യാബുകൾ വളരെ മോശം അവസ്ഥയിലായിരുന്നുവെന്നും വൈഷ്ണവ് പറഞ്ഞു.
“2014 മുതൽ, എർഗണോമിക് സീറ്റുകൾ ഉപയോഗിച്ച് ക്യാബുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്, കൂടാതെ 7,000-ലധികം ലോക്കോ ക്യാബുകൾ എയർ കണ്ടീഷൻ ചെയ്തിരിക്കുന്നു. എസി ക്യാബുകൾ ഉപയോഗിച്ചാണ് പുതിയ ലോക്കോമോട്ടീവുകൾ നിർമ്മിക്കുന്നത്,”- അദ്ദേഹം പറഞ്ഞു.
ഓഫ് ഡ്യൂട്ടി വിശ്രമ സൗകര്യത്തെക്കുറിച്ചും റെയിൽവേ മന്ത്രി സംസാരിച്ചു. പൈലറ്റുമാർ ഒരു യാത്ര പൂർത്തിയാക്കുമ്പോൾ, അവർ ആസ്ഥാനത്തിന് പുറത്താണെങ്കിൽ വിശ്രമത്തിനായി റണ്ണിംഗ് റൂമിലേക്ക് വരും. 2014ന് മുമ്പ് റണ്ണിംഗ് റൂമുകൾ വളരെ മോശം അവസ്ഥയിലായിരുന്നു. മിക്കവാറും എല്ലാ റണ്ണിംഗ് റൂമുകളും ഇപ്പോൾ എയർ കണ്ടീഷൻ ചെയ്തിരിക്കുന്നു.
“പല റണ്ണിംഗ് റൂമുകളിലും കാൽ മസാജറുകളും നൽകിയിട്ടുണ്ട്. ലോക്കോ പൈലറ്റുമാരുടെ ജോലി സാഹചര്യങ്ങൾ മനസ്സിലാക്കാതെയാണ് കോൺഗ്രസ് ഇതിനെ വിമർശിച്ചത്, – ”അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പ്രധാന റിക്രൂട്ട്മെൻ്റ് നടപടികൾ പൂർത്തിയായെന്നും 34,000 റണ്ണിംഗ് സ്റ്റാഫുകളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജവാർത്തകൾ നൽകി റെയിൽവേ കുടുംബത്തിന്റെ മനോവീര്യം തകർക്കാനുള്ള ശ്രമം പരാജയപ്പെടും. നമ്മുടെ രാജ്യത്തെ സേവിക്കുന്നതിൽ മുഴുവൻ റെയിൽവേ പരിവാറും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: