ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ തക്കതായ ഒരു അട്ടിമറിയും നീറ്റ് പരീക്ഷയില്‍ നടന്നിട്ടില്ലെന്നും അത് നീറ്റ് പരീക്ഷയുടെ വിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും നീറ്റ് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) സുപ്രീംകോടതിയില്‍. നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് വാദം കേള്‍ക്കുന്ന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു എന്‍ടിഎ ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ ചുരുങ്ങിയ പ്രദേശങ്ങളില്‍ മാത്രമാണ് നീറ്റ് പേപ്പര്‍ ചോര്‍ന്നതെന്നും പരീക്ഷ റദ്ദാക്കാന്‍ മാത്രം വലിയ തോതില്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും എന്‍ടിഎ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍, ദന്തല്‍ ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ക്ക് പ്രവേശനം നേടാന്‍ നടത്തുന്ന പരീക്ഷയാണ് നീറ്റ്.
നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ച വ്യാപകമാണെന്ന് തെളിഞ്ഞാല്‍ മാത്രമാണ് ഇക്കഴിഞ്ഞ നീറ്റ് പരീക്ഷ റദ്ദാക്കുകയെന്ന് നീറ്റ് പരീക്ഷ സംബന്ധിച്ച് വാദം കേള്‍ക്കുന്ന സുപ്രീംകോടതി പറഞ്ഞിരുന്നു. സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്.
“ആയിരം വീതം ബണ്ടിലുകളാക്കി പരീക്ഷാര്‍ത്ഥികളുടെ സ്കോറിംഗ് പാറ്റേണ്‍ വിശകലനം ചെയ്തപ്പോള്‍ ആദ്യ റാങ്കുകള്‍ നേടിയ ആയിരം പേര് ഏതെങ്കിലും പ്രത്യേക പ്രദേശത്ത് നിന്ന് മാത്രമായുള്ളവരല്ല എന്ന് കണ്ടെത്തി. ഇവര്‍ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നുള്ളവരുമാണ്. അതായത് തിരിമറി വ്യാപകമായി നടന്നില്ലെന്ന് അര്‍ത്ഥം.” – എന്‍ടിഎ ഡേറ്റാ വിശകലന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
“അതുപോലെ ആദ്യ ഒരു ലക്ഷം റാങ്കുകളില്‍ വരുന്നവരാകട്ടെ 4500 കേന്ദ്രങ്ങളില്‍ വിന്യസിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടേതാണ്. അതായത് ഇവിടെയും കാര്യമായ ക്രമക്കേട് വ്യക്തമല്ല. കാരണം ആകെ 4750 പരീക്ഷാകേന്ദ്രങ്ങളാണ് നീറ്റിന് ഉണ്ടായിരുന്നത്. ഇതിനര്‍ത്ഥം ആകെയുള്ള കേന്ദ്രങ്ങളിലെ പലയിടങ്ങളില്‍ നിന്നുള്ളവരാണ് ഇക്കുറി നീറ്റ് പരീക്ഷയില്‍ വിജയം നേടിയവര്‍. അതായത് റാങ്കുകള്‍ ഏതെങ്കിലും ഒരു പരീക്ഷാകേന്ദ്രത്തിലോ, വിരലിലെണ്ണാവുന്ന ഏതാനും പരീക്ഷാകേന്ദ്രങ്ങളിലും ആയി കേന്ദ്രീകരിക്കപ്പെട്ടിട്ടില്ല എന്നര്‍ത്ഥം”. – എന്‍ടിഎ ഡേറ്റ വിശകലന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പരീക്ഷയില്‍ 640ന് മുകളില്‍ മാര്‍ക്ക് നേടിയ ഗുജറാത്തിലെ ഗോധ്രയിലെയും ബീഹാറിലെ പട്നയിലേയും 12ഉം എട്ടും കേന്ദ്രങ്ങളില്‍ നിന്നുള്ളവരും 175 കുട്ടികള്‍ മാത്രമാണ്. കൂടാതെ 680ന് മുകളില്‍ മാര്‍ക്ക് നേടിയിരിക്കുന്നത് പട്നയിലെ വിവിധ കേന്ദ്രങ്ങളിലെ 35 വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമാണ്. അതായത് വന്‍തോതില്‍ പരീക്ഷാപേപ്പര്‍ ചോര്‍ന്നതായി ഡേറ്റാ വിശകലനത്തില്‍ കാണുന്നില്ലെന്നും എന്‍ടിഎ പറയുന്നു.
ഇതിനര്‍ത്ഥം രാജ്യത്തെ ഒന്നോ രണ്ടോ കേന്ദ്രങ്ങളിലൊഴികെ നീറ്റ് പരീക്ഷ നടന്നത് സുരക്ഷിതമായിട്ടാണെന്ന് തന്നെയാണെന്നും എന്‍ടിഎ പറയുന്നു.
നീറ്റ് പരീക്ഷയ്ക്കെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ വന്‍തോതില്‍ പ്രതിഷേധങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടയിലാണ് നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയുടെ(എന്‍ടിഎ) ഈ വെളിപ്പെടുത്തല്‍. പരീക്ഷാപേപ്പര്‍ ചോര്‍ച്ച നടന്നയുടന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കാര്യക്ഷമമായി അന്വേഷണം നടത്തുകയും പരീക്ഷാപേപ്പര്‍ ചോര്‍ന്നത് എവിടെ, ആരൊക്കെ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന കൃത്യമായി കണ്ടെത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനിടെ ബീഹാറിലെ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏതാനും പേര് രാഷ്ട്രീയ ദുഷ്ടലാക്കും പെട്ടെന്ന് പണമുണ്ടാക്കലും ലക്ഷ്യമാക്കി തട്ടിപ്പില്‍ പങ്കാളികളായതാണ് പ്രശ്നമായത്. പക്ഷെ ഇതിനെ നീറ്റ് പരീക്ഷാ നടത്തിപ്പ് ആകെ പ്രശ്നമാണെന്ന് അവതരിപ്പിച്ച് മോദി സര്‍ക്കാരിനെ കാര്യക്ഷമതയില്ലാത്ത സര് ക്കാരായി അവതരിപ്പിക്കാനാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രമിക്കുന്നത്.
നീറ്റ് പരീക്ഷാ കേന്ദ്രമായ ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്കൂളിന്റെ പ്രിന്‍സിപ്പലായ ഡോ. എഹ്സാന്‍ ഉള് ഹഖ്, സ്കൂള്‍ വൈസ് പ്രിന്‍സിപ്പലായ ഇംത്യാസ് ആലം എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് മനീഷ് പ്രകാശ്, അശുതോഷ് കുമാര്‍ എന്നിവരെ ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തത്.
23 ലക്ഷം പേരാണ് മെയ് 5ന് നീറ്റ് പരീക്ഷ എഴുതിയത്. രാജ്യത്തെ 571 നഗരങ്ങളിലായി 4750 പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നു. വിദേശരാജ്യങ്ങളില്‍ 14 പരീക്ഷാകേന്ദ്രങ്ങളുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: