മാന്നാര്‍: ചെന്നിത്തല ഇരമത്തൂരില്‍ യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ പോലീസ് ചോദ്യംചെയ്തത് നൂറോളം പേരെ. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവും ഒന്നാംപ്രതിയുമായ അനിലിന്റേതടക്കം പ്രതികളുടെ 15 വര്‍ഷം മുന്‍പുള്ള സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍ എന്നിവരെയാണ് ചോദ്യംചെയ്തത്. കല ആണ്‍സുഹൃത്തായ സൂരജുമായി എറണാകുളത്ത് ലോഡ്ജില്‍ താമസിച്ചതായി പോലീസിന് സൂചന ലഭിച്ചു. ഇതിനു സഹായിച്ച കുന്നംകുളം സ്വദേശിയായ ഓട്ടോഡ്രൈവറെയും പോലീസ് ചോദ്യംചെയ്തിട്ടുണ്ട്. മുറിയെടുത്തു കൊടുത്തതിന് 200 രൂപ കമ്മിഷനായി ലഭിച്ചിരുന്നതായി ഇയാള്‍ പോലീസിനോടു സമ്മതിച്ചെന്നാണു വിവരം.
ഇതിനിടെ പിടിയിലായ മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. അനിലിന്റെ ബന്ധുക്കളും ഇരമത്തൂര്‍ സ്വദേശികളുമായ കണ്ണമ്പള്ളില്‍ ആര്.സോമരാജന് (56), കണ്ണമ്പള്ളില്‍ കെ.സി.പ്രമോദ് (40), ജിനു ഭവനത്തില്‍ ജിനു ഗോപി (48) എന്നിവരെയാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. 2009 ഡിസംബര്‍ ആദ്യ ആഴ്ചയിലാണ് കല കൊല്ലപ്പെട്ടത്. കലയ്ക്കു പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് ഒന്നാം പ്രതിയും കലയുടെ ഭര്‍ത്താവുമായ അനില്‍ മറ്റു പ്രതികളെയും കൂട്ടി വലിയ പെരുമ്പുഴ പാലത്തില്‍ വച്ച് കലയെ കൊലപ്പെടുത്തിയെന്നും മൃതദേഹം പ്രതികള്‍ കാറില്‍ കൊണ്ടുപോയി എവിടെയോ മറവു ചെയ്തു തെളിവു നശിപ്പിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.
പോലീസ് ആവശ്യപ്പെട്ട പ്രകാരം രണ്ടാമത്തെ തവണയാണ് പ്രതികളെ കസ്റ്റഡിയിലേക്ക് നല്‍കിയത്. കൂട്ടുപ്രതികള്‍ക്കൊപ്പം കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ച ഒന്നാം പ്രതി കൂടിയായ ഭര്‍ത്താവ് അനില്‍, മൃതദേഹം പിന്നീട് ആരും അറിയാതെ അവിടെനിന്ന് മാറ്റിയോ എന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ. അതോടൊപ്പം ഫോറന്‍സിക് പരിശോധനയുടെ ഫലവും അനുകൂലമാകണം.
കലയുടെ മൃതദേഹം ഇട്ടെന്നു കരുതുന്ന സെപ്റ്റിക് ടാങ്കില്‍നിന്നു ലോക്കറ്റ്, ഹെയര്‍ ക്ലിപ്പ്, വസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ കിട്ടിയിരുന്നു. എന്നാല്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടിയില്ല. കൂട്ടുപ്രതികള്‍ക്കും സെപ്റ്റിക് ടാങ്കില്‍ മൃതദേഹം ഉപേക്ഷിച്ചതു വരെയുള്ള കാര്യങ്ങളേ അറിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: