വാഷിംഗ്ടൺ: ഇന്ത്യയിൽ 1000 കുട്ടികളിൽ 27 പേർ മരിക്കുന്നത് വൃത്തിഹീനമായ പാചക ഇന്ധനങ്ങളുടെ സമ്പർക്കം മൂലമാണെന്ന് അമേരിക്കയിലെ ഒരു പ്രമുഖ സർവകലാശാല പുറത്തുവിട്ട റിപ്പോർട്ട്.
‘കുക്കിംഗ് ഫ്യുവൽ ചോയ്സ് ആൻഡ് ചൈൽഡ് മോർട്ടാലിറ്റി ഇൻ ഇന്ത്യ’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ കോർണൽ യൂണിവേഴ്സിറ്റിയിലെ ചാൾസ് എച്ച്. ഡൈസൺ സ്കൂൾ ഓഫ് അപ്ലൈഡ് ഇക്കണോമിക്സ് ആൻഡ് മാനേജ്മെൻ്റിലെ പ്രൊഫസറായ അർണാബ് ബസു ഉൾപ്പെടെയുള്ള അതിന്റെ രചയിതാക്കൾ 1992 മുതൽ 2016 വരെ വലിയ തോതിലുള്ള ഗാർഹിക സർവേ ഡാറ്റ ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
മോശം പാചക ഇന്ധനങ്ങളെ ആശ്രയിക്കുന്നത് മൂലം ഒരു മാസത്തിൽ താഴെയുള്ള ശിശുക്കളിൽ ഏറ്റവും വലിയ ദോഷഫലം കാണിക്കുന്നതായി കണ്ടെത്തി. ഇന്ത്യയിൽ 1000 കുട്ടികളിൽ 27 പേർ വൃത്തിഹീനമായ പാചക ഇന്ധനങ്ങളുടെ സമ്പർക്കം മൂലം മരിക്കുന്നതായി റിപ്പോർട്ട് പറയുന്നു.
ഇന്ത്യൻ വീടുകളിലെ ആൺകുട്ടികളേക്കാൾ പെൺകുട്ടികളിൽ മരണനിരക്ക് വളരെ കൂടുതലാണെന്ന് ബസു പറഞ്ഞു. ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള ഒരു മാറ്റം കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് മാത്രമല്ല, പെൺമക്കൾക്ക് നല്ല ചികിത്സ നൽകണമെന്നും ബസു ഒരു യൂണിവേഴ്സിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകൾ തുറന്ന തീയിലോ ജൈവവസ്തുക്കൾ (മരം, മൃഗങ്ങളുടെ ചാണകം, വിളകളുടെ അവശിഷ്ടങ്ങൾ) ഉപയോഗിച്ചുള്ള അടുപ്പുകളിലോ ഭക്ഷണം പാകം ചെയ്യുന്നു. ഇത് ലോകമെമ്പാടും പ്രതിവർഷം 3.2 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നു.
എന്നാൽ ഇത് നിയന്ത്രണ വിധേയമാക്കുന്നത് ബുദ്ധിമുട്ടാണ്. പുറത്തെ വായു മലിനീകരണത്തെക്കുറിച്ചും വിള മാലിന്യങ്ങൾ എങ്ങനെ കത്തിക്കുന്നു എന്നതിനെക്കുറിച്ചും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബസു പറഞ്ഞു. സർക്കാരുകൾ വിളകൾ കത്തിക്കുന്നതിനെതിരെ നിയമങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണമെന്നും പഠനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: