പത്താംതരം നല്ല നിലയില്‍ പാസായിട്ടും തുടര്‍ പഠനത്തിന് അവസരം കിട്ടുന്നില്ലെന്ന പരാതി വീണ്ടും ഉയര്‍ന്നിരിക്കുന്നു. കുറച്ചുകാലമായി പ്ലസ് വണ്‍ പ്രവേശന സമയത്ത് ഈ വിവാദം ഉയര്‍ന്നുവരാറുണ്ട്. പതുക്കെ പതുക്കെ അതൊക്കെ ആറിത്തണുക്കും. ആഗ്രഹിച്ച സ്ഥാപനത്തിലോ വിഷയത്തിലോ അല്ലെങ്കിലും കിട്ടിയ പ്രവേശനവുമായി വിദ്യാര്‍ത്ഥികള്‍ പൊരുത്തപ്പെടും. പിന്നെ അധികൃതര്‍ക്കും മറ്റൊന്നും ആലോചിക്കേണ്ടതില്ല എന്ന മനോഭാവമാകും.
അധികൃതര്‍ പറയുന്നതിലും കാര്യമുണ്ട്. പത്താം ക്ലാസ് കഴിഞ്ഞുവരുന്ന എല്ലാവര്ക്കും തുടര്‍പഠനത്തിനുള്ള അവസരമുണ്ട്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഐടിഐ, മറ്റു കോഴ്സുകള്‍- ഇങ്ങനെ എല്ലാ കോഴ്സുകളും പരിഗണിക്കുമ്പോള്‍ ആവശ്യക്കാര്‍ക്കൊക്കെ നല്കാന് സീറ്റുണ്ട്. എന്നാല്‍ കുട്ടികള്‍ നോക്കുന്നത് ഹയര്‍ സെക്കന്ഡറിയിലേക്കാണ്. അവിടെ ഒരു സാധ്യതയുമില്ലെങ്കില്‍ മാത്രം മറ്റു വഴികള്‍ അന്വേഷിക്കുന്ന രീതിയാണുള്ളത്. കഷ്ടിച്ചു പാസായവര്‍ക്കും നേരെ പ്ലസ് വണ്ണിനു ചേരണം. അപ്പോള്‍ തിരിച്ചൊരു ചോദ്യം പ്രതീക്ഷിക്കണം. മോശക്കാര്ക്കുള്ളതാണോ മറ്റു കോഴ്സുകള്‍.
ഇവിടെയാണ് നമ്മുടെ സമീപന രീതിയുടെ പൊള്ളത്തരം വെളിവാകുന്നത്. പത്താംതരം വരെ മറ്റൊരു ചിന്തയുമില്ലാതെ കുട്ടികള്‍ ഒഴുകിവരികയാണ്. പിന്നെ പ്ലസ്ടു. അതിനുശേഷം മാത്രം എന്ട്രന്സടക്കമുള്ള വേര്തിരിയലുകള്- ഇതാണു നിലവിലെ രീതി. അതിനിടയില്‍ മറ്റു ധാരകളെക്കുറിച്ച് ധാരണയില്ല. അതെല്ലാം പിന്നാക്കക്കാര്ക്കുള്ളതാണെന്ന തെറ്റിദ്ധാരണയുണ്ടുതാനും.
സത്യത്തില്‍ പത്താം ക്ലാസിനുശേഷം എല്ലാ ധാരകളിലേക്കും ഒരേപോലെ തുടര്‍പഠനത്തിനുള്ള വിധം കുട്ടികളെ സജ്ജരാക്കേണ്ടതാണ്. എല്ലാ ധാരകളെക്കുറിച്ചും എല്ലാ കുട്ടികള്‍ക്കും കൃത്യമായ അറിവു നല്‍കേണ്ടതാണ്. ഓരോന്നിനും വേണ്ട മുന്‍ധാരണകളും മുന്നൊരുക്കങ്ങളും സ്വന്തം നിലയില്‍ ആര്‍ജിക്കേണ്ടതാണ്. അങ്ങനെ വരുമ്പോള്‍ സീറ്റു ലഭ്യതയുടെ പേരില്‍ ഇപ്പോള്‍ കാണുന്ന ആശങ്കകള്‍ അവസാനിക്കും. മിടുക്കരും മറ്റു ധാരകളില്‍ ചെന്നുപറ്റും. എല്ലാ കോഴ്സുകളിലേക്കും ഒരേസമയം പ്രവേശനം നടക്കും. ചിലത് മികച്ചത് ചിലത് മോശമായത് എന്ന വേര്‍തിരിവുകള്‍ അവസാനിക്കും.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ചര്‍ച്ചകളൊന്നും ഈ വശത്തേക്കു വരുന്നില്ല. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഗ്രേഡിങ്ങാണെന്ന തീര്‍പ്പില്‍ ചര്‍ച്ചകള്‍ അര്ഥശൂന്യമായിപ്പോവുന്നു. ഗ്രേഡിങ് ഒറ്റപ്പെട്ടു നടപ്പാക്കിയ പരിഷ്കാരമല്ല. വിദ്യാര്‍ത്ഥി, അധ്യാപകര്‍, അധ്യാപനം, പാഠ്യപദ്ധതി, മൂല്യനിര്‍ണയം തുടങ്ങിയ വിദ്യാഭ്യാസ സംബന്ധിയായ സങ്കല്പ്പങ്ങള്ക്കുണ്ടായ നൂതനവും ലോകാംഗീകൃതവുമായ പരികല്പനകള് നമ്മളും അംഗീകരിക്കുകയായിരുന്നു. വിദ്യാഭ്യാസ പദ്ധതി ലക്ഷ്യമിടുന്ന നാലു കോര്‍ ഏരിയകള്‍-അറിയാന്‍ പഠിക്കുക, ചെയ്യാന്‍ പഠിക്കുക, സഹജീവനത്തിനു പഠിക്കുക, ആയിത്തീരാന്‍ പഠിക്കുക- എന്നിങ്ങനെ വിദ്യാഭ്യാസത്തിന്റെ നാലു തൂണുകള്‍ എന്ന പേരില്‍ ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോകരാജ്യങ്ങളെല്ലാം അത് അംഗീകരിച്ചിട്ടുമുണ്ട്. പുതിയ കാഴ്ചപ്പാടുകളുടെയും നൂതന സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ക്ലാസ്മുറികള് അറിവുനിര്‍മാണത്തിന്റെ കേന്ദ്രങ്ങളാവുക എന്നതാണ് സങ്കല്പം. കുട്ടിയിലെ സര്‍ഗ്ഗാത്മക വാസനകള്‍ പുറത്തുകൊണ്ടുവരികയും സാമൂഹികജ്ഞാന നിര്‍മിതിയിലൂടെ ആഗ്രഹിക്കുന്നതെന്തോ അതായിത്തീരാന്‍ അയാളെ പ്രാപ്തനാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇതിന്റെ കൃത്യമായ തുടര്‍ച്ചയാണ് ശിശുകേന്ദ്രീകൃത സമീപനം, പ്രവര്‍ത്തനാധിഷ്ഠിത പഠനം, തുടര്‍ മൂല്യനിര്‍ണയം, ഗ്രേഡിങ് സമ്പ്രദായം എന്നിവ. ഇതൊന്നും കേരളത്തില്‍ മാത്രമായി, ഏതെങ്കിലും സര്‍ക്കാരിന്റെ താല്പര്യപ്രകാരം, വന്നതല്ല. നമുക്കു മാത്രമായി ഇതില്‍ നിന്നെല്ലാം മാറിനില്‍ക്കാനും കഴിയില്ല.
ഒരു പരിഷ്കാരവും അതിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടു നടപ്പാക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് കേരളത്തിന്റെ പ്രശ്നം. ഒരു ഘട്ടത്തിലും അക്കാദമികമായ ഊന്നലിനു നാം മുന്‍ഗണന കൊടുക്കാറില്ല. അക്കാദമികേതര താല്പര്യങ്ങളാണ് നമ്മെ നയിക്കുന്നത്. പരീക്ഷാ നടത്തിപ്പിലെ പ്രതിസന്ധികള്‍, മൂല്യനിര്‍ണയത്തിലെ നിലവാരത്തകര്‍ച്ച, തുടര്‍പഠനത്തിനു സജ്ജരാക്കുന്നതിലെ പിടിപ്പുകേട്, പ്രശ്നങ്ങളെ ശാസ്ത്രീയമായി അഭിമുഖീകരിക്കുന്നതിനു പകരം താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി കാണിക്കുന്ന കൗശലങ്ങള്‍- ഇതൊക്കെയാണ് നമ്മുടെ മുഖമുദ്രകള്‍.
നിലവിലെ വിവാദത്തിലേക്കു വന്നാല്‍, മുഴുവന്‍ എ പ്ലസുകാര്‍ക്കുപോലും പ്ലസ് വണ്ണിന് സീറ്റു കിട്ടുന്നില്ല- ഇതാണു വിഷയം. പലര്‍ക്കും മെറിറ്റുണ്ടായിട്ടും മാനേജ്മെന്റ് ക്വാട്ടയെ ആശ്രയിക്കേണ്ടിവരുന്നു. എന്നുവച്ചാല്‍ മാനേജര്‍മാര്‍ക്ക് കാശു കൊടുക്കേണ്ടിവരുന്നു. വീടിനടുത്തുള്ള സ്കൂളില്‍ പഠിക്കാനാവുന്നില്ല. താല്പര്യമുള്ള വിഷയം കിട്ടുന്നില്ല. ഫുള്‍ എ പ്ലസ് എന്ന പേരില്‍ നാട്ടിലാകെ അനുമോദിക്കപ്പെട്ടശേഷം ഇങ്ങനെയൊരനുഭവം കുട്ടികളെ മാനസികമായും തളര്‍ത്തുന്നു.
ആവശ്യക്കാര്‍ക്കെല്ലാം അഡ്മിഷന് കിട്ടുംവിധം പ്ലസ് വണ്ണിന് സീറ്റുകള്‍ അനുവദിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇവര്‍ അറിയാതെ പോകുന്ന വസ്തുത ആകെ പത്താംതരം കഴിഞ്ഞുവരുന്നവരുടെ എണ്ണത്തെക്കാള്‍ അധികം സീറ്റുകള്‍ എല്ലാ സ്ട്രീമുകളിലുംകൂടി നിലവിലുണ്ട് എന്നതാണ്. എല്ലാവരും പ്ലസ് വണ്ണിന് ചേര്‍ന്നാല്‍ വിഎച്ച്എസ്ഇ, ഐടിഐ തുടങ്ങിയ മറ്റു ധാരകളുടെ സ്ഥിതിയെന്താവും?
അതേസമയം ഉയര്‍ന്ന ഗ്രേഡില്‍ പാസായവര്‍ക്കും സീറ്റു കിട്ടാത്തത് ഗുരുതരമായ പ്രശ്നമാണുതാനും. ഇവിടെയാണ് നിലവിലുള്ള ഏകജാലക സമ്പ്രദായത്തിന്റെ അപര്യാപ്തത. വെളിവാകുന്നത് കുട്ടികളുടെ മികവിനേക്കാള്‍ മറ്റു പരിഗണനകള്‍ക്ക് അംഗീകാരം കിട്ടുന്നത് ഉചിതമല്ല. ഗ്രേഡിനൊപ്പം മാര്‍ക്കുകൂടി രേഖപ്പെടുത്തണമെന്നും പ്രവേശനത്തിന് അതു പരിഗണിക്കണമെന്നും ആവശ്യമുയരുന്നതിന്റെ കാരണമതാണ്. പരിശോധിക്കപ്പെടേണ്ട പ്രശ്നംതന്നെയാണത്.
രണ്ടു രീതിയില്‍ ഇക്കാര്യം നോക്കിക്കാണണം. ഒന്ന്, ഗ്രേഡിങ്ങിലെതന്നെ അശാസ്ത്രീയത. രണ്ട്, ഒരേ ഗ്രേഡുകാര്ക്കിടയിലെ വേര്‍തിരിവ്.
90 മുതല്‍ 100 വരെ മാര്‍ക്കു വാങ്ങുന്നവരാണ് എ പ്ലസുകാര്‍. പത്തു മാര്‍ക്കിന്റെ സ്കെയില്‍. അതായത് 90 വാങ്ങിയാലും 100 വാങ്ങിയാലും ഒരേ ഗ്രേഡ്. എല്ലാ വിഷയത്തിലും 90 മാര്‍ക്കായാലും ഒരാള്‍ ഫുള്‍ എ പ്ലസ്. അതേസമയം ഒമ്പതു വിഷയങ്ങളില്‍ 100 മാര്‍ക്കും ഒന്നില്‍ 89 മാര്ക്കുമായാല് അയാള്‍ ഫുള്‍ എ പ്ലസ്സല്ല. മിടുക്കരുടെ കൂട്ടത്തില്‍ അയാള്‍ അംഗീകരിക്കപ്പെടില്ല. സ്കൂള്‍തലം മുതല്‍ നാട്ടിലെമ്പാടും നടക്കുന്ന അനുമോദന സഭയിലൊന്നും അയാള്‍ക്കു ക്ഷണം കിട്ടില്ല. പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ കോര്‍പ്പറേഷനോ അയാളെ ഗൗനിക്കില്ല. ഈ സമീപനത്തെ എന്തു പേരില്‍ വിളിക്കും?
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവര്‍ റാങ്കിങ്ങില്‍ നേരിടേണ്ടിവരുന്ന വേര്‍തിരിവും ഗൗരവമുള്ളതാണ്. പ്രായവ്യത്യാസവും പേരിലെ ആദ്യാക്ഷരത്തിന്റെ സ്ഥാനവുമൊക്കെ പരിഗണിച്ച് പ്രവേശനം നല്‍കേണ്ടിവരുന്നത് ഗതികേടല്ലേ? കുട്ടികളെ മാനസികമായി തളര്ത്താനല്ലേ ഇതൊക്കെ സഹായിക്കുക?
ഇത്തരം പ്രതിസന്ധികളില്‍നിന്നു കരകയറാനുള്ള വഴിയായാണ് ഗ്രേഡിനൊപ്പം മാര്‍ക്ക്കൂടി രേഖപ്പെടുത്തണമെന്ന ആവശ്യമുയരുന്നത്. ഡിഗ്രി പ്രവേശനത്തിന് ആ രീതിയാണ് നിലവിലുള്ളത്. തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ട നിര്‍ദ്ദേശമാണിത്. പരീക്ഷാഫലം വന്ന് രണ്ടു വര്‍ഷത്തിനുശേഷം അപേക്ഷിച്ചാല്‍ മാര്‍ക്ക് ലിസ്റ്റ് കിട്ടുന്ന സംവിധാനം നിലവിലുണ്ട്. അതായത് ഉത്തരക്കടലാസില്‍ രേഖപ്പെടുത്തുന്ന മാര്‍ക്കുകള്‍ പകര്ത്തിവയ്ക്കുന്ന രീതിയുണ്ട്. അതു ലഭ്യമാണ്. എങ്കില്‍ ഗ്രേഡിനൊപ്പം മാര്‍ക്കുകൂടി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നതില്‍ എന്താണു കുഴപ്പം? 90 മുതല്‍ 100 വരെ കിട്ടിയവര്‍ എ പ്ലസുകാരായി തുടരട്ടെ.
മുമ്പ് മാര്‍ക്കുമാത്രം രേഖപ്പെടുത്തിയ കാലത്തും ഫസ്റ്റ് ക്ലാസുകാരെ വേര്‍തിരിച്ചു കണ്ടിരുന്നല്ലോ. 60 ശതമാനത്തിനു മുകളില്‍ മാര്‍ക്കു കിട്ടിയവരൊക്കെ അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു. 360 മുതല്‍ 600 വരെയുള്ളവരെല്ലാം ഫസ്റ്റ് ക്ലാസുകാരായി പരിഗണിക്കപ്പെട്ടു. എങ്കിലും പ്രീഡിഗ്രി പ്രവേശനത്തിന് മാര്‍ക്ക് പരിഗണിച്ചു നാനൂറുകാരനെ മറികടന്ന് മുന്നൂറ്റി എഴുപതുകാരന് പ്രവേശനം കൊടുത്തില്ല. ഇപ്പോള്‍ അതു സംഭവിക്കുന്നു. ഏതു നവീകരണത്തിന്റെ പേരില്‍ അതിനെ ന്യായീകരിക്കും?
തീര്‍ച്ചയായും ഫുള്‍ എ പ്ലസ് വലിയ നേട്ടമാണ്. എല്ലാ വിഷയങ്ങളിലും ഒരേപോലെ മികവു പുലര്‍ത്തുന്നവരെ അംഗീകരിക്കേണ്ടതുണ്ട്. അതേസമയം അവര്‍ക്കിടയില്‍തന്നെ കൂടുതല്‍ മികവുള്ളവര്‍ തഴയപ്പെടാനും പാടില്ല. അതിന് മാര്‍ക്ക് സഹായകമാകും. പഠനത്തിലെ മികവു മാത്രമായിരിക്കണം പ്രവേശനത്തിനുള്ള മാനദണ്ഡം. ഊരും പേരും നോക്കി കുട്ടികളെ എടുക്കുന്നതും തഴയുന്നതും ആശാസ്യമല്ല.
അതേസമയം ഫുള്‍ എ പ്ലസിന്റെ പേരില്‍ കുട്ടികളെ മാനസിക സംഘര്‍ഷത്തിലേക്കു നയിക്കുന്ന രീതിയും അവസാനിക്കണം. ഒരു വിഷയത്തില്‍ എ പ്ലസ് നഷ്ടപ്പെട്ടതിന് ഒരു മിടുക്കി ആത്മഹത്യ ചെയ്തത് ഈ വര്‍ഷമാണ്. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും മാര്‍ക്കുകള്‍ രേഖപ്പെടുത്തുന്നതിലൂടെ കഴിയും. ഫുള്‍ എ പ്ലസ് എന്ന പ്രയോഗം അവസാനിപ്പിക്കണം. പകരം മികവിന്റെ മറ്റേതെങ്കിലും സൂചകങ്ങള്‍ ഉപയോഗിക്കണം. എല്ലാ വിഷയങ്ങള്‍ക്കും 90 മാര്‍ക്കു കിട്ടുന്ന കുട്ടിയുടെ ആകെ മാര്‍ക്കിനു
തുല്യമായ മാര്‍ക്കു വാങ്ങുന്ന എല്ലാവരും ആ കാറ്റഗറിയില്‍ വരണം. അങ്ങനെ വരുമ്പോള്‍ ഒന്നിലധികം വിഷയങ്ങളില്‍ 90 മാര്‍ക്കില്ലെങ്കിലും മറ്റു വിഷയങ്ങളിലെ മികവിന്റെ ബലത്തില്‍ അത്തരക്കാര്‍ മികച്ചവരുടെ പട്ടികയില്‍വരും. അനുമോദിക്കപ്പെടും. വാസ്തവത്തില്‍ അവരും അതര്ഹിക്കുന്നുണ്ടല്ലോ.
പത്താംതരം പരീക്ഷക്കും പരീക്ഷാഫലത്തിനുമുള്ള അമിതപ്രാധാന്യം ഇനിയും വകവച്ചുകൊടുക്കേണ്ടതുണ്ടോ എന്നും പരിശോധിക്കണം. ഹൈസ്കൂളുകളെല്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളുകളായി. സെക്കന്‍ഡറിയില്‍ (നിലവില്‍ കേരളത്തില്‍ മാത്രം എട്ടാം ക്ലാസ്, മറ്റു സംസ്ഥാനങ്ങളിലെല്ലാം ഒമ്പതാം ക്ലാസ്) പ്രവേശനം നേടുന്ന കുട്ടികളെല്ലാം അതേ സ്ഥാപനത്തില്‍നിന്നുതന്നെ പ്ലസ്ടു കഴിഞ്ഞു പുറത്തുപോകുന്ന സംവിധാനത്തെക്കുറിച്ചാണ് ആലോചിക്കേണ്ടത്. (വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നിലവിലെ ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കാനുള്ള തീരുമാനം ഇതോടൊപ്പം കാണണം). എല്ലാ സ്ഥാപനങ്ങളിലും ഒരേ സബ്ജക്ട് കോമ്പിനേഷനായിരിക്കില്ല എന്നതു വസ്തുതയാണ്. അതിന്റെ ആവശ്യവുമില്ല. നിശ്ചയിക്കപ്പെടുന്ന ദൂരപരിധിയില്‍ (പഞ്ചായത്ത്, താലൂക്ക്, നിയോജകമണ്ഡലം തുടങ്ങിയവ) എല്ലാ പ്രധാന കോമ്പിനേഷനുകളുമുണ്ട് എന്ന് ഉറപ്പുവരുത്തിയാല്‍ മതിയാകും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ കുട്ടികളുടെ എണ്ണത്തിലുള്ള തുല്യത പരിപാലിച്ചാല്‍ പ്രശ്നം തീരും. അതായത് നൂറ് കുട്ടികള്‍ പത്താം തരത്തില്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറിയില്‍ പ്ലസ് വണ്ണിന് നൂറില്‍ കുറയാതെ സീറ്റുണ്ടാകണം. സ്കൂളുകള്‍ മാറിയാലും അധികം ദൂരെയല്ലാതെ തുടര്‍പഠന സാധ്യത ഉറപ്പാക്കാന്‍ കഴിയണം.
നിലവിലുള്ള ഗ്രേഡ് സമ്പ്രദായം തുടര്‍ന്നുകൊണ്ടുതന്നെ മാര്‍ക്ക് കൂടി രേഖപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. അതു പറ്റില്ലെന്ന് അധികൃതര്‍ വാശിപിടിക്കുന്നതിന്റെ സാംഗത്വം മനസ്സിലാവുന്നില്ല. ഗ്രേഡു മാത്ര സമ്പ്രദായത്തിലെ അപാകതകള്‍ ഓരോന്നായി ഉന്നയിക്കപ്പെടുമ്പോള്‍ തൃപ്തികരമായ വിശദീകരണം നല്കാന് അധികൃതര്‍ക്കാവുന്നുമില്ല. സൈദ്ധാന്തികമായി നമ്മെ എവിടെയുമെത്തിക്കില്ലെന്നു പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. ഗ്രേഡ് ആത്യന്തിക ശരിയാണെങ്കില്‍ അതുവച്ച് ന്യായമായ മട്ടില്‍ തുടര്‍പഠന സാധ്യത ഉറപ്പുവരുത്താനാകണം. ഇല്ലെങ്കില്‍ വാശി ഉപേക്ഷിക്കണം. ഗ്രേഡോ, മാര്‍ക്കോ അല്ല, കുട്ടികളുടെ തുടര്‍പഠനമാണ് പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: