തൃശൂര്‍:ആവേശം സിനിമാ മാതൃകയില്‍ ജന്മദിനാഘോഷം സംഘടിപ്പിക്കാനുളള ശ്രമം മുടക്കിയ പൊലീസിനെതിരെ ഗുണ്ട തീക്കാറ്റ് സാജന്റെ ഭീഷണി . തന്റെ അനുയായികളായ കുട്ടികളെ വിട്ടയച്ചില്ലെങ്കില്‍ ഈസ്റ്റ് സ്റ്റേഷനില്‍ ബോംബ് വയ്ക്കുമെന്നാണ് ഗുണ്ട ഭീഷണിപ്പെടുത്തിയത്. ഫോണ്‍ സന്ദേശമായിട്ട് ഭീഷണി എത്തിയതിന് പിന്നാലെ സാജനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കെയാണ് പൊലീസ്. സാജന്റെ പുത്തൂരിലെ വീട്ടിലും അനുയായികളുടെ വീട്ടിലും തൃശൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന ടത്തി.
പുത്തൂര്‍ സ്വദേശിയായ 24വയസുളള തീക്കാറ്റ് സാജന് കൊലപാതകശ്രമം ഉള്‍പ്പടെ പത്തിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് . ജന്മദിനം അനുയായികള്‍ക്കൊപ്പം വടക്കുംനാഥന്റെ തെക്കേഗോപുര നടയില്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നതറിഞ്ഞ പൊലീസ് ആഘോഷത്തിനെത്തിയ 32 പേരെ കസ്റ്റഡിയിലെടുത്തു. കൂട്ടാളികള്‍ അകത്തായതോടെ തകര്‍പ്പന്‍ എന്‍ട്രിക്ക് ഒരുങ്ങിയ സാജന് മുങ്ങി.
രാത്രി ഒളിത്താവളത്തില്‍ വടിവാള്‍ ഉപയോഗിച്ചായിരുന്നു തീക്കാറ്റ് സാജന് കേക്ക് മുറിച്ചത്. ജന്മദിനാഘോഷങ്ങളില് പങ്കെടുക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത 16 കുട്ടികളെ താക്കീത് ചെയ്ത ശേഷം പൊലീസ് ബന്ധുക്കള്‍ ഒപ്പം വിട്ടു.
പിന്നാലെ പിള്ളാരെ തൊടാറായോ എന്ന് ഈസ്റ്റ് എസ്ഐയുടെ മൊബൈലിലേക്കും വെസ്റ്റ് പൊലീസ് സ്റ്റേഷന്, കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലേക്കും സാജന് വിളിച്ച് ഭീഷണി മുഴക്കി. ഈസ്റ്റ് സ്റ്റേഷനില്‍ ബോംബുവയ്ക്കുമെന്നും ഭീഷണി മുഴക്കി. സാജനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.
പുത്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൂത്തമകനാണ് സാജന്. പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്. കൊലപാതക ശ്രമക്കേസില്‍ രണ്ട് കൊല്ലം ജയിലിലായിരുന്നു. പുറത്തുവന്നശേഷം വീട്ടുകാരുമായി വലിയ ബന്ധമില്ല. ഇന്‍സ്റ്റഗ്രാം, എസ്ജെ കമ്പനിയെന്ന വാട്സാപ്പ് കൂട്ടായ്മ തുടങ്ങിയവയിലൂടെയാണ് അനുയായികളുമായി സാജന് ബന്ധപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: