കുവൈറ്റ് സിറ്റി : ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി നൽകുന്നതിനുള്ള തീരുമാനം കുവൈറ്റ് അധികൃതർ ഉടൻ തന്നെ നടപ്പിലാക്കുമെന്ന് സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അവസാനഘട്ടത്തിലെത്തിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച തീരുമാനം ഒരാഴ്ചയ്ക്കകം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തരം ഗാർഹിക തൊഴിലാളികൾ തങ്ങളുടെ സ്പോൺസറുടെ കീഴിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഗാർഹിക ജീവനക്കാരനായി തൊഴിലെടുത്തിരിക്കണം എന്ന വ്യവസ്ഥയോടെയാണ് സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള ഈ അനുമതി നൽകുക എന്നാണ് കരുതുന്നത്.
രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ (വിസ 20) വിസ സ്വകാര്യ മേഖലയിൽ (വിസ 18) തൊഴിലെടുക്കുന്ന രീതിയിലേക്ക് മാറ്റുന്നതിന് നിലവിലുള്ള നിരോധനം പരിമിതമായ കാലത്തേക്ക് ഒഴിവാക്കുന്നതിന് കുവൈറ്റ് ആലോചിക്കുന്നതായി നേരത്തെ സൂചനകൾ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: