നാസയുടെ ബഹിരാകാശ പേടകത്തിലൂടെ പ്രതീക്ഷിച്ച സമയത്തിനുള്ളില്‍ ഭാരത വംശജയായ സുനിത വില്യംസിനും സഹയാത്രികനും ഭൂമിയിലേക്ക് മടങ്ങിവരാന്‍ കഴിയാത്തത് ലോക ജനതയില്‍ ആശങ്ക പടര്‍ത്തിയിരുന്നു. സുനിത തങ്ങുന്ന സ്റ്റാര്‍ ലൈന്‍ പേടകത്തില്‍ ഹീലിയം വാതകം ചോര്‍ന്നതാണ് മടക്കയാത്രയ്ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നത്. സുനിതയെ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ കുടുക്കിയതാണെന്നു വരെ വാര്‍ത്തകള്‍ വന്നു. ബഹിരാകാശത്തുനിന്നുള്ള മടക്കയാത്രയില്‍ ഭാരത വംശജയായ കല്‍പ്പന ചൗളയ്ക്ക് ജീവഹാനി സംഭവിച്ച പശ്ചാത്തലം ഉണ്ടല്ലോ. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയകറ്റുന്ന പ്രതികരണമാണ് ഐഎസ്ആര്‍ഒ മേധാവി ഡോ.എസ്.സോമനാഥ് നടത്തിയത്. ദീര്‍ഘകാലം സുരക്ഷിതമായി താമസിക്കാന്‍ കഴിയുന്ന ഇടമാണ് ബഹിരാകാശമെന്നും, സുനിതാ വില്യംസിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശേഷി ഗ്രൗണ്ട് ലോഞ്ച് പ്രൊവൈഡേഴ്സിന് ഉണ്ടെന്നും വളരെ ആധികാരികമായി സോമനാഥ് പറയുകയുണ്ടായി. ശാസ്ത്രത്തെ സ്നേഹിക്കുന്നവര്‍ക്ക് വളരെ സന്തോഷം പകരുന്ന ഒരു പ്രതികരണമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബഹിരാകാശ രംഗത്ത് വലിയ കുതിപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭാരതത്തെ സംബന്ധിച്ചിടത്തോളം ഐഎസ്ആര്‍ഒ മേധാവിയുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകള്‍ മറ്റൊരുതരത്തിലും പ്രാധാന്യം അര്‍ഹിക്കുന്നു. ഭാരതത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍-1 വിജയഗാഥ രചിക്കുകയാണ്. ഭ്രമണപഥത്തില്‍ 178 ദിവസങ്ങളെടുത്ത് ഉപഗ്രഹം സൂര്യനെ ഒരുതവണ വലംവച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ച ആദിത്യ ആദ്യ ഭ്രമണപഥത്തില്‍നിന്ന് ഇപ്പോള്‍ രണ്ടാമത്തെ ഭ്രമണപഥത്തിലേക്ക് നീങ്ങുകയാണ്. സൂര്യന്റെ രഹസ്യങ്ങള്‍ തേടുന്നതിനായി ഐഎസ്ആര്‍ഒ അയച്ച ആദിത്യയുടെ പ്രവര്‍ത്തനം ഇപ്പോള്‍ കൃത്യതയോടെയാണ് നടക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായി ഒരു ഉപഗ്രഹത്തിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞതോടെ ചന്ദ്രയാന്‍-3 ദൗത്യം വിജയകരമായി പുരോഗമിക്കുന്നു എന്നതാണ് മറ്റൊരു സന്തോഷകരമായ കാര്യം. ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ പുതിയൊരു പൊന്‍തൂവല്‍ സമ്മാനിച്ചാണ് ചന്ദ്രയാന്‍-3 ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്. ഇതിന്റെ ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ ചെറുവാഹനമായ റോവര്‍ ഒരു ചാന്ദ്രദിനം കൊണ്ട് ചന്ദ്രോപരിതലത്തില്‍ വിപുലമായി സഞ്ചരിച്ചിരിക്കുന്നു. ചന്ദ്രനിലെ പാറകളെക്കുറിച്ച് പുതിയ വിവരങ്ങള്‍ ഇതിലൂടെ ലഭ്യമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ചെറിയ ഗര്‍ത്തങ്ങളുടെ വരമ്പുകളില്‍ ചിതറിക്കിടക്കുന്ന പാറക്കഷണങ്ങള്‍ റോവര്‍ കണ്ടെത്തിയിരിക്കുന്നു. ചന്ദ്രനെക്കുറിച്ചും അവിടുത്തെ കാലാവസ്ഥയെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ഈ പാറക്കഷണങ്ങളുടെ പഠനങ്ങളിലൂടെ കഴിയും. നിരവധി രാജ്യങ്ങള്‍ തങ്ങളുടെ ഉപഗ്രഹങ്ങള്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കിയിട്ടുണ്ട്. അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര് ചന്ദ്രനില്‍ ഇറങ്ങിയിട്ടുമുണ്ടല്ലോ. എന്നാല്‍ അജ്ഞാതമായി തുടര്‍ന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഉപഗ്രഹം ഇറക്കാന്‍ കഴിഞ്ഞ ഒരേയൊരു രാജ്യം ഭാരതമാണ്. ഈ വിജയം മറ്റ് രാജ്യങ്ങളെ അത്ഭുതപ്പെടുത്തുകയും, അവയില്‍ ചിലതിനെ അസൂയപ്പെടുത്തുകയും ചെയ്തു. യുദ്ധകാലാടിസ്ഥാനത്തില്‍ ഭാരതത്തെ മറികടക്കാനാണ് ഈ രാജ്യങ്ങള്‍ നോക്കുന്നത്. അടുത്തിടെയാണല്ലോ ചൈന അവരുടെ ബഹിരാകാശ വാഹനം ചന്ദ്രന്റെ വിദൂര മേഖലയില്‍ ഇറക്കിയത്. അവിടത്തെ പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളുമായി ചാങ്ഇ-6 എന്ന ഉപഗ്രഹം ഭൂമിയില്‍ തിരിച്ചെത്തിയെന്നാണ് പറയുന്നത്. ബഹിരാകാശ നേട്ടങ്ങളുടെ കാര്യത്തില്‍ വന്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന രാജ്യമാണ് ചൈന. അടുത്തിടെയാണ് തങ്ങള്‍ കൃത്രിമമായി ഒരു സൂര്യനെ സൃഷ്ടിച്ചുവെന്ന് ഈ രാജ്യം പ്രഖ്യാപിച്ചത്!
കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ നടന്ന ആദിത്യ വിക്ഷേപണം ഐഎസ്ആര്‍ഒയ്ക്ക് ഒരു വെല്ലുവിളിയായിരുന്നു. ജനുവരി ഒന്നിന് ആദ്യഭ്രമണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അതിന് കൂടുതല്‍ ദിവസങ്ങളെടുത്തു. നിശ്ചിത ഭ്രമണപഥത്തില്‍ നിന്ന് വ്യതിചലിക്കേണ്ടിയും വന്നു. ഉപഗ്രഹത്തിന് ഉലച്ചിലുകളും മറ്റും ഉണ്ടായതാണ് കാരണം. വീണ്ടും ഭ്രമണപഥത്തിലാക്കുകയായിരുന്നു. മൂന്നാം ഘട്ട ഭ്രമണപഥം പുനഃക്രമീകരിച്ചതോടെ രണ്ടാം ഭ്രമണപഥം സുഗമമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. സങ്കീര്‍ണമായ ഇത്തരം കാര്യങ്ങള്‍ കാര്യക്ഷമതയോടെ ചെയ്യാന്‍ കഴിയുന്നത് ഐഎസ്ആര്‍ഒ എന്ന സ്ഥാപനത്തിന്റെ മികവും നമ്മുടെ ശാസ്ത്രജ്ഞരുടെ അറിവും പ്രതിബദ്ധതയും കൊണ്ടാണ്. സൂര്യന്റെ പുറംഭാഗത്തെ താപവിന്യാസം, ബഹിരാകാശ കാലാവസ്ഥ എന്നിവയുള്‍പ്പെടെ സൂര്യനെക്കുറിച്ചുള്ള വിശദമായ പഠനമാണ് ആദിത്യ ദൗത്യം ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും കണികാ തരംഗങ്ങളും ഭൂമിയെ ബാധിക്കാനുള്ള സാധ്യതകള്‍ എത്രത്തോളമാണെന്ന് പഠിക്കുന്നത് ലോകത്തിനുതന്നെ വലിയ നേട്ടമായിരിക്കും. ചാന്ദ്രദൗത്യം ഉള്‍പ്പെടെ ബഹിരാകാശത്ത് ഭാരതം അഭൂതപൂര്‍വമായ വിജയങ്ങള്‍ നേടുന്നതിനിടയാണ് സൗര ദൗത്യവും വിജയത്തിലേക്ക് കുതിക്കുന്നത്. മറ്റു പല രാജ്യങ്ങളുടെയും ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വിധ്വംസക സ്വഭാവമാണുള്ളത്. ഭാരതത്തിന്റെ ലക്ഷ്യം മനുഷ്യരാശിയുടെ ക്ഷേമമാണ്. അതുകൊണ്ടുതന്നെ അത് വിജയിക്കേണ്ടത് ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: