കോട്ടയം: സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസില്‍ രണ്ടാം പ്രതിയായതിനാല്‍ രാജി വയ്ക്കണമെന്ന സിപി എം നിര്‍ദേശം തൊടുപുഴ നഗരസഭാ അധ്യക്ഷന്‍ സനീഷ് ജോര്‍ജ് തള്ളി. അതിനിടെ കേസ് പരിഗണിക്കുന്ന 22 വരെ സനീഷിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടും മുന്‍കൂര്‍ ജാമ്യം തേടിയുമാണ് സനീഷ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നഗരസഭാ ചെയര്മാന് പദവിയില്‍ നിന്ന് അവധിയെടുത്ത് സനീഷ് ജോര്‍ജ് മാറി നില്‍ക്കുകയാണ്. ചോദ്യംചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കത്തു നല്‍കിയെങ്കിലും ഹാജരായില്ല. തൊടുപുഴ നഗരസഭയിലെ കുമ്മന്‍കല്ല് ബിടിഎംഎല്പി സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസി. എന്‍ജിനീയര്‍ സി.ടി അജി, ഇടനിലക്കാരന് റോഷന് എന്നിവരെ വിജിലന്‍സ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. പണം നല്കാന് നിര്‍ദ്ദേശിച്ചത് സനീഷ് ജോര്‍ജ് ആണെന്ന മൊഴിയിലാണ് ഇദ്ദേഹത്തെ രണ്ടാം പ്രതിയാക്കിയത്.
കോടതി അറസ്റ്റ് തടഞ്ഞെങ്കിലും വിജിലന്‍സിന് ചോദ്യം ചെയ്യുന്നതില്‍ തടസ്സമില്ല. എന്നാല്‍ 22ന് ശേഷമേ ചോദ്യം ചെയ്തല് ഉണ്ടാകൂ എന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: