കോട്ടയം: കാസര്‍കോട് ഈസ്റ്റ് എളേരി, എറണാകുളം പൈങ്ങോട്ടൂര്‍, പാലക്കാട് പുതൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ആറ് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന് കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കി.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അംഗം ജിജി തോമസ് തച്ചാര്‍കുടിയില്‍, 14-ാം വാര്‍ഡിലെ ജിജി പുതിയപറമ്പില്‍, 10-ാം വാര്‍ഡിലെ വിനീത് (ലാലു) തെങ്ങുംപള്ളില്‍, മൂന്നാം വാര്‍ഡിലെ ഡെറ്റി ഫ്രാന്‍സിസ് എന്നിവരെയാണ് അയോഗ്യരാക്കിയത്. 2020 ഡിസംബര്‍ 30 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാലാണ് നാലു പേരും അയോഗ്യരാക്കപ്പെട്ടത്. 16-ാം വാര്‍ഡിലെ അംഗം അഡ്വ.ജോസഫ് മുത്തോളി നല്കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.
എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് അംഗം നിസാര്‍ മുഹമ്മദിനെ രണ്ട് വ്യത്യസ്ത കേസുകളിലാണ് അയോഗ്യനാക്കി കമ്മീഷന് വിധികള്‍ പുറപ്പെടുവിച്ചത്. രണ്ടിലും പരാതി നല്‍കിയത് 13-ാം വാര്‍ഡിലെ അംഗം മില്‍സി ഷാജിയാണ്. 2021 ല്‍ സെപ്തംബര്‍ 15 ല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസപ്രമേയത്തിനും, തുടര്‍ന്ന് 2021 ഒക്ടോബര്‍ 20 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനും വിപ്പ് ലംഘിച്ച് വോട്ട് ചെയ്തുവെന്നത് കൂറുമാറ്റമായി വിലയിരുത്തിയാണ് കമ്മീഷന്റെ നടപടി.
പാലക്കാട് പുതൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് അംഗം എന്‍.മുഹമ്മദ് ബഷീര്‍ 2020 ഡിസംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചുവെങ്കിലും പിന്നീട് മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്നത് കൂറുമാറ്റമായി വിലയിരുത്തിയാണ് കമ്മീഷന് അയോഗ്യനാക്കിയത്. 13-ാം വാര്‍ഡിലെ അംഗം സുനില്‍കുമാര്‍ നല്കിയ ഹര്‍ജിയിലാണ് കമ്മീഷന്റെ വിധി.
അയോഗ്യരാക്കപ്പെട്ട അംഗങ്ങള്‍ നിലവില്‍ അംഗമായി തുടരുന്നതിനും 2024 ജൂലൈ രണ്ട് മുതല്‍ ആറ് വര്‍ഷത്തേക്ക് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: