ആലപ്പുഴ: മാന്നാറിലെ കല കൊലക്കേസിൽ പിടിയിലായ മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമൻ, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവരെ കോടതിയില്‍ ഹാജരാക്കി. മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ 4 പ്രതികളുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. ഇയാളെ ഉടൻ നാട്ടിലെത്തിക്കും. അറസ്റ്റിലായ അനിലിന്റെ ബന്ധുക്കളും സുഹൃത്തുകളുമാണ് മറ്റ് മൂന്നു പ്രതികൾ. ഇവർ നാലുപേരും ചേർന്ന് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം.
യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. പരപുരുഷ ബന്ധം ആരോപിച്ചായിരുന്നു കൊലപാതകം. തുടർന്ന് മാരുതി കാറിൽ കൊണ്ടുപോയി മൃതദേഹം മറവ് ചെയ്തു. വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. എന്നാൽ, എങ്ങനെയാണ് കൊലപാതകം നടത്തിയതെന്നോ എങ്ങനെയാണ് മൃതദേഹം മറവു ചെയ്തതെന്നോ എഫ് ഐ ആറിൽ പറയുന്നില്ല.
അനിലിന്റെ അയൽവാസി സുരേഷ് കുമാറിനെ മുഖ്യസാക്ഷിയാക്കിയുള്ള പൊലീസ് നീക്കം പ്രതികളെ കുടുക്കുന്നതിൽ നിർണായകമായി. ഊമക്കത്തിൽ നിന്ന് ലഭിച്ച സൂചനകൾ പിന്തുടർന്ന പൊലീസിന് ഏറെ സഹായമായതും സുരേഷ് നൽകിയ വിവരങ്ങളായിരുന്നു. കലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മറ്റൊരു എഫ് ഐ ആറും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: