ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.
ഡല്‍ഹിയിലെത്തിയാണ് സിദ്ധരാമയ്യ മൂന്നാം തവണയും കേന്ദ്ര ഗതാഗതമന്ത്രിയായ നിതിന്‍ ഗഡ്കരിയെ കണ്ടത്. ഗഡ്കരിയെ അഭിനന്ദിച്ച സിദ്ധരാമയ്യ കര്‍ണാടകയിലെ വിവിധ റോഡ് നിര്‍മ്മാണ പദ്ധതികള്‍ നടപ്പാക്കാന്‍ സഹായം തേടുകയും ചെയ്തു.
മൈസൂരു – മാനന്തവാടി അതിവേഗ പാത നടപ്പാക്കാണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 5,225 കിലോമീറ്റര്‍ നീളം വരുന്നകര്‍ണാടകയിലെ 39 റോഡുകള്‍ ദേശീയപാതയായി വിജ്ഞാപനം ചെയ്യുന്നതടക്കം വിവിധ പദ്ധതികള്‍ ഗഡ്കരിക്ക് മുന്‍പില്‍ സിദ്ധരാമയ്യ കൊണ്ടുവന്നു. തത്ത്വത്തില്‍ അനുമതി ലഭിച്ചിട്ടും ഈ റോഡുകള്‍ ദേശീയപാതയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സ്തംഭിച്ചിരിക്കുകയാണെന്ന് ഗഡ്കരിയെ സന്ദര്‍ശിച്ച ശേഷം കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.
മൈസൂരിനെ കേരളത്തിലെ മാനന്തവാടിയുമായി ബന്ധിപ്പിക്കുന്ന90 മീറ്റര്‍ അതിവേഗപ്പാത പദ്ധതിക്ക് അനുമതി നല്‍കണമെന്നും സിദ്ധരാമയ്യ ചര്‍ച്ചയില്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടു. മൈസൂരുവില്‍ നിന്നും ജയപുര, എച്ച്.ഡി കോട്ട വഴി വയനാട്ടിലെ മാനന്തവാടി വരെ നീളുന്ന പദ്ധതിയാണിത്. പദ്ധതിക്ക് ഇതിനോടകം പ്രിന്‍സിപ്പല്‍ അപ്രൂവല്‍ ലഭിച്ചതാണെന്നും യഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടണമെന്നും ഗഡ്കരിയോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
ബെളഗാവി-ഹുനഗുണ്ട-റായിച്ചൂര്‍ ഹൈവേ (എന്‍എച്ച്748എ), ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ, സൂറത്ത്-ചെന്നൈ എക്സ്പ്രസ് ഹൈവേ, ബെംഗളൂരു സബര്‍ബന്‍ റിംഗ് റോഡ്, കര്‍ണാടകയിലെ ഗ്രീന്‍ഫീല്‍ഡ് ബൈപ്പാസ് തുടങ്ങി കര്‍ണാടകയില്‍ നിലവില്‍ പുരോഗമിക്കുന്ന പദ്ധതികള്‍ക്ക് സിദ്ധരാമയ്യ ഗഡ്കരിക്ക് നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: