മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ 75-ാം ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതുന്നു…
ഇന്ന്, ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതിയും ആദരണീയ രാഷ്ട്രതന്ത്രജ്ഞനുമായ എം. വെങ്കയ്യ നായിഡു ഗാരുവിന് 75 വയസ്സ് തികയുന്നു. അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് ആശംസിക്കുന്നു. പൊതുസേവനത്തിനായുള്ള അര്‍പ്പണബോധവും അചഞ്ചലമായ പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന ഒരു നേതാവിന്റെ ജീവിതം ആഘോഷിക്കാനുള്ള അവസരമാണിത്. രാഷ്ട്രീയ രംഗത്തെ തന്റെ ആദ്യകാലം മുതല്‍ ഉപരാഷ്ട്രപതി പദവി വരെ, വെങ്കയ്യ ഗാരുവിന്റെ കര്‍മപാത, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സങ്കീര്‍ണ്ണതകളെ അനായാസമായും വിനയത്തോടെയും തരണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ അതുല്യമായ കഴിവിന് ഉദാഹരണമാണ്. അദ്ദേഹത്തിന്റെ വാക്ചാതുര്യവും നര്‍മ്മബോധവും വികസന വിഷയങ്ങളിലെ അചഞ്ചലമായ ശ്രദ്ധയും കക്ഷി രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തിന് ആദരവ് നേടിക്കൊടുത്തു.
ഞങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകളായി പരസ്പരം അറിയുന്നവരാണ്. ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്, ഞാനും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പൊതു സ്വഭാവം എന്നത് ആളുകളോടുള്ള സ്നേഹമാണ്. ആന്ധ്രാപ്രദേശിലെ വിദ്യാര്‍ത്ഥി നേതാവെന്ന നിലയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ രംഗപ്രവേശനം. അദ്ദേഹത്തിന്റെ കഴിവും പ്രസംഗപാടവവും സംഘടനാ വൈദഗ്ധ്യവും കണക്കിലെടുക്കുമ്പോള്‍, ഏത് രാഷ്ട്രീയ പാര്‍ട്ടിയും അദ്ദേഹത്തെ സ്വാഗതം ചെയ്യുമായിരുന്നു. എന്നാല്‍ രാഷ്ട്രം ആദ്യം എന്ന കാഴ്ചപ്പാടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അദ്ദേഹം സംഘപരിവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെട്ടു. ആര്‍എസ്എസുമായും എബിവിപിയുമായും സഹകരിച്ച് പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ജനസംഘത്തെയും ബിജെപിയെയും ശക്തിപ്പെടുത്തി.
ഏതാണ്ട് 50 വര്‍ഷം മുമ്പ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയപ്പോള്‍, യുവാവായ വെങ്കയ്യ അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനത്തില്‍ മുഴുകി. ലോക്നായക് ജെപിയെ ആന്ധ്രയിലേക്ക് ക്ഷണിച്ചതിന് ജയിലിലായി. ജനാധിപത്യത്തോടുള്ള ഈ പ്രതിബദ്ധത അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആവര്‍ത്തിച്ചു കാണാം. 1980-കളുടെ മധ്യത്തില്‍ എന്‍ .ടി. ആര് സര്‍ക്കാരിനെ കോണ്‍ഗ്രസ് അപ്രതീക്ഷിതമായി പിരിച്ചുവിട്ടപ്പോള്‍, ജനാധിപത്യ തത്വങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ അദ്ദേഹവും ഉണ്ടായിരുന്നു.
അതിശക്തമായ പ്രതിസന്ധികളെ പോലും അനായാസമായി കൈകാര്യം ചെയ്യും. 1978-ല്‍ ആന്ധ്രാപ്രദേശ്, കോണ്‍ഗ്രസിന് വോട്ട് ചെയ്തെങ്കിലും ആ പ്രവണതയെ മറികടന്ന് അദ്ദേഹം യുവ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വര്‍ഷത്തിന് ശേഷം, എന്‍ടിആര്‍ സുനാമി സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോള്‍ പോലും, അദ്ദേഹം ബിജെപി എംഎല്‍എയായി. അങ്ങനെ സംസ്ഥാനത്തുടനീളമുള്ള ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി.
അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിട്ടുള്ളവര്‍ക്ക് ആ പ്രഭാഷണ വൈദഗ്ധ്യം മനസ്സിലായിട്ടുണ്ടാകും. അദ്ദേഹം തീര്‍ച്ചയായും ഒരു വാഗ്മിയാണ്, പക്ഷേ അത്രയും തന്നെ പ്രവര്‍ത്തന നിരതനുമാണ്. ഒരു യുവ എംഎല്‍എ ആയിരുന്ന കാലം മുതല്‍, നിയമസഭാ കാര്യങ്ങളില്‍ ചെലുത്തിയ ശ്രദ്ധയും തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതില്‍ പ്രകടിപ്പിച്ച ആര്‍ജ്ജവും കാരണം അന്നേ ബഹുമാനിക്കപ്പെട്ടിരുന്നു.
അതികായനായ എന്‍ടിആര്‍, വെങ്കയ്യ യുടെ കഴിവ് ശ്രദ്ധിക്കുകയും തന്റെ പാര്‍ട്ടിയില്‍ അദ്ദേഹം ചേരാന്‍ ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ വെങ്കയ്യ ഗാരു തന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കാന്‍ വിസമ്മതിച്ചു. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചും എല്ലാ തുറകളിലുമുള്ള ആളുകളുമായി ബന്ധപ്പെട്ടും ആന്ധ്രാപ്രദേശില്‍ ബിജെപിയെ ശക്തിപ്പെടുത്തി. ആന്ധ്രപ്രദേശിന്റെ ബിജെപി അധ്യക്ഷനായി.
1990-കളില്‍ ബിജെപി കേന്ദ്രനേതൃത്വം വെങ്കയ്യ ഗാരുവിന്റെ ശ്രമങ്ങള്‍ ശ്രദ്ധിക്കുകയും അങ്ങനെ 1993-ല്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. ഇതോടെ ദേശീയ രാഷ്ട്രീയത്തില്‍ ചുവടു വയ്ച്ചു. കൗമാരപ്രായത്തില്‍ അടല്‍ ജിയുടെയും അദ്വാനി ജിയുടെയും സന്ദര്‍ശന വിവരങ്ങള്‍ പ്രഖ്യാപിച്ച് ചുറ്റിനടന്നിരുന്ന ഒരാള്‍ അവരോടൊപ്പം നേരിട്ട് പ്രവര്‍ത്തിക്കുന്ന പദവിയിലേക്ക് മാറിയത് ശരിക്കും ശ്രദ്ധേയമായ ഒരു നിമിഷമായിരുന്നു. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍, നമ്മുടെ പാര്‍ട്ടിയെ എങ്ങനെ അധികാരത്തിലെത്തിക്കാമെന്നതിലും രാഷ്ട്രത്തിന് ആദ്യത്തെ ബിജെപി പ്രധാനമന്ത്രിയെ എങ്ങനെ നേടികൊടുക്കാമെന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രികരിച്ചു. ദല്‍ഹിയിലേക്കുള്ള മാറ്റത്തിന് ശേഷം അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല, പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായും ഉയര്‍ന്നു.
2000-ല്‍, വെങ്കയ്യ ഗാരുവിനെ തന്റെ സര്‍ക്കാരില്‍ മന്ത്രിയായി ഉള്‍പ്പെടുത്താന്‍ അടല്‍ ജി ആഗ്രഹിച്ചപ്പോള്‍, ഗ്രാമവികസന മന്ത്രാലയത്തോടുള്ള തന്റെ മുന്‍ഗണന വെങ്കയ്യ തല്‍ക്ഷണം അറിയിച്ചു. ഇത് അടല്‍ ജി ഉള്‍പ്പെടെയുള്ളവരെ അമ്പരപ്പിച്ചു. കാരണം, നിങ്ങള്‍ക്ക് ഏത് വകുപ്പ് വേണമെന്ന് ചോദിക്കപ്പെടുന്ന ഒരു നേതാവുണ്ടാവുകയും അദ്ദേഹത്തിന്റെ മുന്തിയ താല്പര്യം ഗ്രാമീണ വികസനമാവുകയും ചെയ്യുക എന്നത് അത്ഭുതകരമായിരുന്നു. പക്ഷേ, അദ്ദേഹത്തിന് തന്റെ തീരുമാനം വ്യക്തമായിരുന്നു – അദ്ദേഹം ഒരു കര്‍ഷകന്റെ പുത്രനായിരുന്നു. തന്റെ ആദ്യകാലങ്ങള്‍ ഗ്രാമങ്ങളില്‍ ചെലവഴിച്ചതിനാല്‍, അദ്ദേഹം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മേഖലയുണ്ടെങ്കില്‍ അത് ഗ്രാമവികസനമായിരുന്നു. മന്ത്രിയെന്ന നിലയില്‍, ‘പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന’യുടെ ആശയ സാക്ഷാത്കാരത്തില്‍ അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, 2014 ലെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍, നഗരവികസനം, പാര്‍പ്പിടം, നഗര ദാരിദ്ര്യ നിര്‍മാര്‍ജനം എന്നീ നിര്‍ണായക വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഞങ്ങള്‍ സുപ്രധാനമായ സ്വച്ഛ് ഭാരത് മിഷനും നഗരവികസനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പദ്ധതികളും ആരംഭിച്ചത്. ഒരുപക്ഷേ, ഇത്രയും വിപുലമായ കാലയളവില്‍ ഗ്രാമ-നഗര വികസനത്തിനായി പ്രവര്‍ത്തിച്ച നേതാക്കളില്‍ ഒരേ ഒരാളാണ് അദ്ദേഹം എന്ന് പറയാനാവും.
2014-ല്‍ ദല്‍ഹിയില്‍ വന്നപ്പോള്‍, കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഗുജറാത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഞാന്‍ രാജ്യതലസ്ഥാനത്തിന് പുറത്തുള്ള ആളായിരുന്നു. അത്തരം സമയങ്ങളില്‍ വെങ്കയ്യ ഗാരുവിന്റെ ഉള്‍ക്കാഴ്ചകള്‍ വളരെ പ്രയോജനപ്രദമായിരുന്നു. അദ്ദേഹം കാര്യക്ഷമതയുള്ള ഒരു പാര്‍ലമെന്ററി കാര്യ മന്ത്രിയായിരുന്നു – ഉഭയകക്ഷിത്വത്തിന്റെ സാരാംശം അദ്ദേഹത്തിന് അറിയാമായിരുന്നു, എന്നാല്‍ അതേ സമയം പാര്‍ലമെന്ററി മാനദണ്ഡങ്ങളുടെയും ചട്ടങ്ങളുടെയും കാര്യത്തില്‍ കണിശത സൂക്ഷിച്ചു.
2017 ല്‍, എന്‍ ഡി എ സഖ്യം അദ്ദേഹത്തെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തു. വെങ്കയ്യ ഗാരുവിനെ പോലെ അതികായകന്റെ സ്ഥാനത്തേക്ക് മറ്റൊരാളെ സങ്കല്പിക്കാന്പോലും കഴിയാത്തത് ഞങ്ങളെ വലിയ ധര്‍മ്മസങ്കടത്തില്‍ ആക്കിയിരുന്നു. എന്നാല്‍ അതേ സമയം, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥി ഇല്ലെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. മന്ത്രിസ്ഥാനവും എംപി സ്ഥാനവും രാജിവച്ചപ്പോള്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളിലൊന്ന് എനിക്ക് ഒരിക്കലും മറക്കാനാവില്ല. പാര്‍ട്ടിയുമായുള്ള ബന്ധവും അത് കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളും ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിന് കണ്ണുനീര് അടക്കാനായില്ല. അത് അദ്ദേഹത്തിന്റെ ആഴത്തില്‍ വേരൂന്നിയ പ്രതിബദ്ധതയുടെയും അഭിനിവേശത്തിന്റെയും നേര്‍ക്കാഴ്ചയാണ് നല്‍കിയത്. ഉപരാഷ്ട്രപതിയായശേഷം പദവിയുടെ മഹത്വം വര്‍ധിപ്പിക്കുന്ന വിവിധ നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. യുവ എംപിമാര്‍ക്കും വനിതാ എംപിമാര്‍ക്കും ആദ്യമായി എംപിമാര്‍ ആകുന്നവര്‍ക്കും സംസാരിക്കാനുള്ള അവസരം ഉറപ്പാക്കിയ, രാജ്യസഭയുടെ മികച്ച അധ്യക്ഷനായിരുന്നു അദ്ദേഹം. സഭയിലെ ഹാജരിന് ഏറെ ഊന്നല്‍ നല്കി. സമിതികളെ കൂടുതല്‍ ഫലപ്രദമാക്കുകയും സഭയില്‍ ചര്‍ച്ചയുടെ നിലവാരം ഉയര്‍ത്തുകയും ചെയ്തു.
അനുച്ഛേദം 370 ഉം 35 (എ) ഉം റദ്ദാക്കാനുള്ള തീരുമാനം രാജ്യസഭയില്‍ എത്തിയപ്പോള്‍, അധ്യക്ഷനായിരുന്നത് അദ്ദേഹമായിരുന്നു. അത് അദ്ദേഹത്തിന് വളരെ വൈകാരികമായ ഒരു നിമിഷമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ഏകീകൃത ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട ഒരു കുട്ടി, ഒടുവില്‍ ആ സ്വപ്നം നേടിയെടുക്കുമ്പോള്‍ അതിന് ആധ്യക്ഷം വഹിക്കുകയായിരുന്നു.
ജോലിക്കും രാഷ്ട്രീയത്തിനും പുറമേ, വെങ്കയ്യ ഗാരു മികച്ച വായനക്കാരനും എഴുത്തുകാരനും കൂടിയാണ്. ദല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍, മഹത്തായ തെലുങ്ക് സംസ്കാരം നഗരത്തിലേക്ക് കൊണ്ടുവന്ന വ്യക്തിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഉഗാദി, സംക്രാന്തി ആഘോഷപരിപാടികള്‍ നഗരത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒത്തുചേരലുകളില്‍ ഒന്നാണ്. ഭക്ഷണം ഇഷ്ടപ്പെടുകയും ജനങ്ങള്‍ക്ക് ആതിഥ്യമരുളുകയും ചെയ്യുന്ന ഒരാളായാണ് വെങ്കയ്യ ഗാരുവിനെ ഞാന്‍ എപ്പോഴും മനസ്സിലാക്കുന്നത്. പക്ഷേ, പിന്നീട്, അദ്ദേഹത്തിന്റെ ആത്മനിയന്ത്രണം എല്ലാവര്ക്കും വ്യക്തമായി. ശാരീരികക്ഷമതയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത അദ്ദേഹം ഇപ്പോഴും ബാഡ്മിന്റണ്‍ കളിക്കുന്നതിലും തന്റെ വേഗത്തിലുള്ള നടത്തം ആസ്വദിക്കുന്നതിലും കാണാം.
ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ ശേഷവും സജീവമായ പൊതുജീവിതം നയിച്ചു. രാജ്യത്തുടനീളം നടക്കുന്ന വിവിധ സംഭവവികാസങ്ങളില്‍ തനിക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളില്‍, അദ്ദേഹം എന്നെ വിളിച്ച് അതേക്കുറിച്ച് ചോദിക്കാറുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ ഏറ്റവും ഒടുവിലായി കണ്ടത്. അദ്ദേഹം ആഹ്ലാദം പങ്കുവയ്ക്കുകയും എനിക്കും ഞങ്ങളുടെ ടീമിനും ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഈ ജന്മ ദിനത്തില്‍ ഒരിക്കല്‍ കൂടി അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു. യുവ പ്രവര്‍ത്തകരും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും സേവനതല്‍പ്പരരുമായ എല്ലാവരും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പഠിക്കുകയും ആ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തെപ്പോലുള്ളവരാണ് നമ്മുടെ രാജ്യത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: