ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി
മുംബൈ: മുംബൈയിലെ കോളജില്‍ ബുര്‍ഖയും ഹിജാബും നിരോധിച്ച ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ചെംബൂര് എന്‍.ജി. ആചാര്യ ആന്‍ഡ് ഡി.കെ. മറാഠെ കോളജിലെ ഒമ്പത് വിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയത്. കോളജിന്റെ ഡ്രസ്കോഡില്‍ ഇടപെടുന്നതിന് ജസ്റ്റിസ് എ.എസ്. ചന്ദൂര്‍ക്കര്‍, ജസ്റ്റിസ് രാജേഷ് പാട്ടീല്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വിസമ്മതിച്ചു.
പുതിയ അദ്ധ്യയന വര്‍ഷം മുതല്‍ കോളജില്‍ നടപ്പാക്കിയ ഡ്രസ് കോഡിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ബുര്‍ഖ, ഹിജാബ്, തൊപ്പി മുതലായ മതം അടയാളപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കി കോളജ് ഡ്രസ് കോഡ് പാലിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതിനെ വെല്ലുവിളിച്ച് ഹിജാബ് ധരിച്ചെത്തിയ ഒരുകൂട്ടം പെണ്‍കുട്ടികള്‍ക്ക് കോളജ് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്. നിര്‍ദേശങ്ങള്‍ നിയമവിരുദ്ധവും ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം ഹൈക്കോടതി വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതം രേഖപ്പെടുത്തി ഹര്‍ജി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: