തൃശൂര്‍: മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധന നിയമം ലംഘിച്ച് വ്യാജ കളര്‍കോഡ് അടിച്ച് കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ തമിഴ്നാട് രജിസ്ട്രേഷന് യാനങ്ങള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടികൂടി. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കൂട്ടമായി എത്തിയ വള്ളങ്ങളാണ് പിടിച്ചെടുത്തത്.
കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ച്ച പച്ച കളര്‍കോഡ് മാറ്റി, കേരള യാനങ്ങള്‍ക്ക് അനുവദിച്ച നീല കളര്‍കോഡ് അടിച്ച് കേരള വള്ളങ്ങള്‍ എന്ന വ്യാജേനയായിരുന്നു മത്സ്യബന്ധനം.
കന്യാകുമാരി ഭാഗത്ത് നിന്ന് വന്ന മൂന്ന് ഫൈബര്‍ യാനങ്ങളാണ് ചാവക്കാട് ബ്ലാങ്ങാട് പിടിച്ചെടുത്തത്. ട്രോളിംഗ് നിരോധന സമയത്ത് ഇതര സംസ്ഥാന ബോട്ടുകള്‍, വഞ്ചികള്‍, വള്ളങ്ങള്‍ എന്നിവ ജില്ലയുടെ തീരത്ത് മീന്‍പിടിക്കാനും മീന്‍ ഇറക്കാനും പാടില്ലെന്ന നിയമം പാലിക്കാത്തതിനാണ് ഫിഷറീസ് വകുപ്പ് നടപടി എടുത്തത്.
കന്യാകുമാരി കൊളച്ചല്‍ സ്വദേശികളായ സഹായ സര്‍ച്ചില്‍, ഹിറ്റ്ലര്‍ തോമസ്, സ്റ്റാന്‍ലി പോസ്മസ് എന്നിവരുടെ യാനങ്ങളാണ് ഉദ്യോഗസ്ഥര്‍ ബ്ലാങ്ങാട് നിന്ന് പിടിച്ചെടുത്തത്. യാനങ്ങള്‍ക്ക് മൊത്തം 60,000 രൂപ പിഴ ഈടാക്കി എട്ട് എഞ്ചിനുകളും യാനങ്ങളും ഉടമസ്ഥര്‍ക്ക് വിട്ടു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: