മുഖ്യമന്ത്രി പിണറായി വിജയന്റെ കാപട്യം സിപിഎമ്മിനോളം വളര്‍ന്നിരിക്കുന്നു. കാപട്യത്തില്‍ പിണറായിയെ മറികടക്കാന്‍ മറ്റൊരാള്‍ ആ പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉണ്ടെന്നു തോന്നുന്നില്ല. പിണറായിക്ക് അഭിനയിക്കാന്‍ അറിഞ്ഞുകൂടാ, പച്ചയായ മനുഷ്യനാണ്, ഇതാണ് ധാര്‍ഷ്ട്യമായി മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്നത് എന്നൊക്കെ കരുതുന്നവരുണ്ട്. എന്നാല്‍ പിണറായിയുടെ കാപട്യത്തിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു തെറ്റിദ്ധാരണ ആര്‍ക്കും ഉണ്ടാവാന്‍ ഇടയില്ല. എട്ടു പ്രാവശ്യം എംപിയായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസുകാരനായ കൊടിക്കുന്നില്‍ സുരേഷിനെ മൂന്നാം മോദി സര്‍ക്കാര്‍ പ്രോ ടെം സ്പീക്കറായി നിയമിക്കാത്തത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സവര്‍ണാധിപത്യമാണെന്ന പിണറായിയുടെ കണ്ടുപിടിത്തം വെറും കാപട്യമല്ല, ക്ലാവു പിടിച്ച കാപട്യമാണ്.
പാര്‍ലമെന്ററി കീഴ്വഴക്കങ്ങള് ലംഘിച്ച് പ്രോ ടെം സ്പീക്കറെ നിയമിച്ച മോദി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നു പറയാന്‍, ഈ ആരോപണം വസ്തുതാ വിരുദ്ധമാണെങ്കില്‍ കൂടിയും പിണറായിക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ സംഘപരിവാര്‍ പിന്തുടരുന്ന സവര്‍ണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തില്‍ പിന്നിലെന്ന് പിണറായി പറയുന്നിടത്താണ് കൊടുംകാപട്യമുള്ളത്.
എട്ടുതവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞാണ് ഏഴുതവണ എംപിയായ ഭര്‍തൃഹരി മഹ്താബിനെ പ്രോ ടെം സ്പീക്കറാക്കിയതെന്ന കോണ്‍ഗ്രസിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണ്. അതാണ് പിണറായി ഏറ്റുപിടിച്ചത്. ഇതൊരു താല്‍ക്കാലിക പദവിയാണ്. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ പുതിയ പാര്‍ലമെന്റ് അംഗങ്ങളെ സത്യപ്രതിജ്ഞയെടുപ്പിക്കുന്ന ചുമതലയാണ് പ്രോ ടെം സ്പീക്കര്‍ക്കുള്ളത്. ഡെപ്യൂട്ടി സ്പീക്കറെ രാഷ്ട്രപതി നിയമിക്കുന്നു എന്നതൊഴിച്ചാല്‍ ഇതില്‍ കീഴ്വഴക്കത്തിന്റെ പ്രശ്നമൊന്നുമില്ല. മുന്‍കാലങ്ങളില്‍ ഇങ്ങനെയാണ് നടന്നിട്ടുള്ളതും. ഈ വസ്തുതകള്‍ മറച്ചുപിടിച്ചാണ് പ്രോ ടെം സ്പീക്കര്‍ സ്ഥാനത്ത് കൊടിക്കുന്നിലിനു പകരം മഹ്താബിനെ തെരഞ്ഞെടുത്തതില്‍ പിണറായി സവര്‍ണ്ണാധിപത്യം ദര്‍ശിച്ചത്.
തന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന കെ. രാധാകൃഷ്ണന് ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ജയിച്ച് എംപി ആവുകയും, പകരക്കാരനായെത്തിയ ഒ.ആര്. കേളുവിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മാത്രം നല്കിയതും വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് കൊടിക്കുന്നിലിനെ ‘തഴഞ്ഞത്’ ബിജെപിയുടെ സവര്‍ണാധിപത്യമാണെന്ന പിണറായിയുടെ ആരോപണം അപഹാസ്യമാകുന്നത്.
ചേലക്കരയില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട് നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി വര്‍ഗ്ഗ ക്ഷേമ വകുപ്പും യുവജനകാര്യ വകുപ്പും കൈകാര്യം ചെയ്ത കെ. രാധാകൃഷ്ണന് പ്രതിപക്ഷ ചീഫ് വിപ്പ് എന്ന നിലയ്ക്കും, പിന്നീട് നിയമസഭാ സ്പീക്കര്‍ എന്ന നിലയ്ക്കും പ്രവര്‍ത്തിച്ചയാളാണ്. ഇത്രയും അനുഭവസമ്പത്തുണ്ടായിരുന്നിട്ടും രണ്ടാം പിണറായി സര്‍ക്കാരില്‍ പട്ടികജാതി വര്‍ഗ്ഗ വകുപ്പിനു പുറമേ ദേവസ്വം വകുപ്പാണ് നല്‍കിയത്. തുടക്കക്കാരായ മുഹമ്മദ് റിയാസിന് പൊതുമരാമത്തും പി. രാജീവിന് വ്യവസായവുമൊക്കെ നല്കിയപ്പോള് രാധാകൃഷ്ണന് പ്രധാനപ്പെട്ട വകുപ്പ് നല്‍കാതിരുന്നത് ചര്‍ച്ചയായതാണ്. ഭരണകാര്യങ്ങളില്‍ മറ്റ് പലരെക്കാളും പരിചയ സമ്പന്നനായിരുന്നിട്ടും മുന്‍ എംപി: എ. സമ്പത്തിനെ രാധാകൃഷ്ണന്റെ തലയ്ക്കു മുകളില്‍ സെക്രട്ടറിയായി പ്രതിഷ്ഠിച്ചതും വിവാദമാവുകയുണ്ടായല്ലോ.
രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടുവര്‍ഷം കൂടി മന്ത്രിയായി തുടരാന്‍ കഴിയുമായിരുന്ന രാധാകൃഷ്ണനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് സിപിഎം എന്ന പാര്‍ട്ടിയുടെയും പിണറായി വിജയന് എന്ന നേതാവിന്റെയും അജണ്ടയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ പരിചയസമ്പന്നര്‍ക്ക് സീറ്റുപോലും നല്‍കാതെ മരുമകനായെത്തിയ തുടക്കക്കാരന് പ്രധാന വകുപ്പുകള്‍ നല്‍കിയത് ഈ അജണ്ടയുടെ ഭാഗമായിരുന്നു. മുഹമ്മദ് റിയാസ് തന്റെ പിന്‍ഗാമിയാകണം എന്നത് പിണറായിയുടെ രഹസ്യ അജണ്ടയില്‍പ്പെടുന്നു. കെ. രാധാകൃഷ്ണനെപ്പോലൊരാള്‍ മന്ത്രിസഭയില്‍ ഉണ്ടായിരിക്കുന്നത് ഇതിന് തടസ്സമാകുമെന്ന് കണ്ടാണ് ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ‘മുകളിലേക്കുള്ള ഈ ചവിട്ടിത്തള്ളല്‍’ തിരിച്ചറിയാന്‍ കഴിയാത്ത ആളൊന്നുമല്ല രാധാകൃഷ്ണന്. വ്യക്തി എന്ന നിലയ്ക്ക് എതിര്‍ക്കാനുള്ള ധീരതയോ, ചെറുത്തുതോല്‍പ്പിക്കാനുള്ള പിന്‍ബലമോ ഇല്ലെന്നുകണ്ട് കീഴടങ്ങുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വലിയ വിജയം നേടുമെന്നായിരുന്നു സിപിഎമ്മിന്റെ പ്രതീക്ഷ. ആലത്തൂരില്‍ രാധാകൃഷ്ണന് ജയിക്കുമ്പോള്‍ മാന്യമായി ദല്‍ഹിയിലേക്ക് പറഞ്ഞുവിടാമെന്നും കണക്കുകൂട്ടി. അഥവാ തോല്ക്കുകയാണെങ്കില് അതോടെ വടകരയില്‍ കെ.കെ. ശൈലജയ്ക്ക് സംഭവിച്ചതുപോലെ പ്രതിച്ഛായ നഷ്ടപ്പെടും. രണ്ടിലേതു സംഭവിച്ചാലും പിണറായിയുടെ അജണ്ട വിജയിക്കും. രാധാകൃഷ്ണന്റെ പിന്‍ഗാമിയായി മന്ത്രിസഭയില്‍ എത്തിയ ഒ.ആര്.കേളുവിന് നല്‍കിയത് പട്ടികജാതി വര്‍ഗ്ഗക്ഷേമ വകുപ്പ് മാത്രം. ഭരണപരിചയം ഇല്ലാത്തതാണ് കാരണമെന്ന് കേളുവിനെക്കൊണ്ടുതന്നെ പറയിപ്പിക്കുകയും ചെയ്തു. ഈ മാനദണ്ഡം മുഹമ്മദ് റിയാസിനും രാജീവിനും എന്തുകൊണ്ട് ബാധകമായില്ല?
ബിജെപിയും മോദി സര്‍ക്കാരും ദളിത് വിഭാഗങ്ങളെ അവഗണിക്കുന്ന പാര്‍ട്ടിയാണെന്ന് പിണറായി വിജയന് കരുതുന്നുണ്ടെങ്കില്‍ അതിനേക്കാള്‍ വലിയ നുണയില്ല. ചരിത്രത്തിലാദ്യമായി ഒരു ദളിതനെ ദേശീയ അദ്ധ്യക്ഷനാക്കിയ പാര്‍ട്ടിയാണ് ബിജെപി- ബംഗാരു ലക്ഷ്മണ്. ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ടുപേരെ തുടര്‍ച്ചയായി രാഷ്ട്രപതിമാരാക്കിയതും ബിജെപി തന്നെ- രാംനാഥ് കോവിന്ദും ദ്രൗപദി മുര്‍മുവും. പാര്‍ലമെന്റിലെ ദളിത് പ്രാതിനിധ്യത്തിലും ബിജെപി മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. ബിജെപിക്ക് വലിയ തിരിച്ചടി ഉണ്ടായെന്ന് ചിലര്‍ കരുതുന്ന 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഏറ്റവും കൂടുതല്‍ ദളിത്-പിന്നാക്ക എംപിമാര്‍ പാര്‍ലമെന്റിലെത്തിയിട്ടുള്ളത് ബിജെപിയിലൂടെയാണ്.
പതിനെട്ടാം ലോക്സഭയില്‍ സംവരണ മണ്ഡലങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ എംപിമാര്‍ ജയിച്ചു വന്നിട്ടുള്ളത് ബിജെപിക്കാണ്- 55 പേര്. പതിനാറും പതിനേഴും ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ ദളിത് എംപിമാര്‍. വസ്തുത ഇതായിരിക്കെ ബിജെപിയില്‍ പിണറായി വിജയന് ദളിത് വിരോധം ആരോപിക്കുന്നത് ആത്മവഞ്ചനയാണ്. കാരണം അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലംതൊട്ടുള്ള ചരിത്രമെടുത്താല്‍ ഒന്‍പത് പതിറ്റാണ്ടിനു ശേഷമാണ് ഒരു ദളിതന് സിപിഎം പൊളിറ്റ് ബ്യൂറോയില്‍ പ്രവേശനം ലഭിച്ചത്. മുംബൈയില്‍ മത്സരിച്ച ബി.ആര്. അംബേദ്കറെ കോണ്‍ഗ്രസുമായി ഒത്തുകളിച്ച് തോല്‍പ്പിച്ച ദളിത് വിരുദ്ധ പാരമ്പര്യവും സിപിഎമ്മിന് അവകാശപ്പെട്ടതാണ്.
എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ മന്ത്രിസ്ഥാനം രാജിവെച്ച കെ. രാധാകൃഷ്ണനെ ദിവ്യ എസ്. അയ്യര്‍ ഐഎഎസ് ആശ്ലേഷിച്ചതിന്റെ ചിത്രം വൈറലായി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിതരും മറ്റും തിങ്ങിപ്പാര്‍ക്കുന്ന കോളനികള്‍ ഇനിമേല്‍ ആ പേരുകളില്‍ അറിയപ്പെടില്ലെന്ന ഉത്തരവിറക്കിയാണ് മന്ത്രി രാധാകൃഷ്ണന് സ്ഥാനമൊഴിഞ്ഞത്. ഇതു രണ്ടും ദളിത് വിമോചനത്തിലേക്ക് നയിക്കുന്ന മഹത്തായ സംഭവങ്ങളായി ചിത്രീകരിക്കപ്പെട്ടു.
ആര് ആരെയെങ്കിലും ആശ്ലേഷിച്ചതുകൊണ്ടോ, പേരിന് ഒരു ‘അപകോളനീകരണം’ വരുത്തിയതുകൊണ്ടോ ദളിത് വിമോചനം സാധ്യമാവില്ല. ദളിത് വിഭാഗങ്ങളെ ആരും ഉടലോടെ സ്വര്‍ഗത്തിലേക്ക് അയക്കേണ്ടതില്ല. കോണ്‍ഗ്രസിന്റെ രക്ഷകവേഷമോ കമ്യൂണിസ്റ്റ് വര്‍ഗസമരമോ ദളിത്-മുസ്ലിം ഐക്യമോ ദളിത് വിമോചനത്തിന് ആവശ്യമില്ല. നിയമം അനുശാസിക്കുന്നതും സാമുഹ്യ നീതി ആവശ്യപ്പെടുന്നതുമായ അവകാശങ്ങളും പ്രാതിനിധ്യവും നല്കിയാല് മതി. അവര്‍ മുന്നേറിക്കൊള്ളും. ദേശീയ മുഖ്യധാരയുടെ ഭാഗമായിത്തീരുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: