ന്യൂദല്‍ഹി: കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ കോണ്‍ഗ്രസ് മൗനം വെടിയണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തിലാണ് നഡ്ഡയുടെ വിമര്‍ശനം. ദുരന്തത്തെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്നാണ് നഡ്ഡ കത്തില്‍ പരാമര്‍ശിച്ചത്.
സ്റ്റാലിന് സര്‍ക്കാരിന് കീഴില്‍ മദ്യമാഫിയ സൈ്വരവിഹാരം നടത്തുകയാണെന്നതിന്റെ തെളിവാണ് ദുരന്തം. കോണ്‍ഗ്രസിന്റെ നിശബ്ദത ഞെട്ടിക്കുന്നതാണ്. അന്വേഷണം സിബിഐയ്ക്ക് കൈമാറാനും എക്സൈസ് മന്ത്രി സ്ഥാനത്ത് നിന്ന് മുത്തുസ്വാമിയെ പുറത്താക്കാനും ഡിഎംകെ സര്‍ക്കാരില്‍ കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തണം, നഡ്ഡ ആവശ്യപ്പെട്ടു.
തമിഴ്നാട് സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ രാഹുലിനോടും പ്രിയങ്കയോടും ആവശ്യപ്പെടണം. ഇരകളായവരുടെ കുടുംബങ്ങളെ കണ്ട് ആശ്വസിപ്പിക്കാനെങ്കിലും അവര്‍ തയാറാവണം. അതുമല്ലെങ്കില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരെ ശബ്ദമുയര്‍ത്തണം. പാര്‍ലമെന്റില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ കറുത്ത റിബണ്‍ ധരിച്ച് പ്രതിഷേധം രേഖപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിക്കുകയാണെന്നും നഡ്ഡ കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: