കോട്ടയം: രാജ്യത്തെ പ്രകൃതിദത്ത റബറിന്റെ ഉത്പാദനം രണ്ടു വര്‍ഷം കൊണ്ട് 2.1 ശതമാനം വര്‍ധിച്ച് 8,57,000 ടണ്ണിലെത്തി. 2022-23ല്‍ 8,39,000 ടണ്‍ ആയിരുന്നു. ആഭ്യന്തര ഉപഭോഗത്തിലും മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ഉപഭോഗം 14,16,000 ടണ്ണായിരുന്നു. 2022-23 -ല്‍ 13,50,000 ടണ്ണും. ഉപഭോഗത്തില്‍ 4.9 ശതമാനം വര്‍ധന. 2024-25ല്‍ റബറുത്പാദനം 8,75,000 ടണ്ണും ഉപഭോഗം 14,25,000 ടണ്ണും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോട്ടയത്ത് നടന്ന യോഗത്തിലാണ് റബര്‍ ഉപഭോഗം സംബന്ധിച്ച കണക്കുകള്‍ റബര്‍ ബോര്‍ഡ് പുറത്തുവിട്ടത്. യോഗത്തില്‍ ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധനാനിയ അധ്യക്ഷനായി. റബര്‍ബോര്‍ഡ് എക്സി. ഡയറക്ടര്‍ എം. വസന്തഗേശന്‍ കണക്കുകള്‍ അവതരിപ്പിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്സ്യല്‍ ഇന്റലിജന്‍സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2023-24ല്‍ 4,92,682 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യപ്പെട്ടു. 4,199 ടണ്‍ റബറാണ് കയറ്റുമതി ചെയ്തത്.
റബര്‍ ബോര്‍ഡും ആട്ടോമോട്ടീവ് ടയര്‍ മാനുഫാക്ച്ചറേഴ്സ് അസോസിയേഷനില്‍ (ആത്മ) ഉള്‍പെടുന്ന നാല് പ്രധാന ടയര്‍ കമ്പനികളും ചേര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന ഇന്റോഡ് പദ്ധതി പ്രകാരം 69,307 ഹെക്ടര്‍ സ്ഥലത്ത് റബര്‍ നടീല്‍ നടപ്പാക്കി. അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം ഹെക്ടര്‍ സ്ഥലത്ത് റബര്‍ തോട്ടങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ‘ആത്മ’ 1000 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കെ.എ. ഉണ്ണിക്കൃഷ്ണന് (വൈസ് ചെയര്മാന്), എന്‍. ഹരി, പ്രസെന്‍ജിത്ത് ബിശ്വാസ് ഐ.എഫ്.എസ്.(റിട്ട.), കെ. വിശ്വനാഥന്, പി. രവീന്ദ്രന്, സി.എസ്. സോമന് പിള്ള, കോര സി. ജോര്‍ജ്, ജി. അനില്‍കുമാര്‍, കല്ലോല്‍ ഡേ, ജി. കൃഷ്ണകുമാര്‍, ബിപ്ലവ് കാര്‍, എം.പി. രാജീവന്, കേശവ ഭട്ട് മുലിയ, ഡോ. സിജു ടി. (റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍) എന്നിവര്‍ക്ക് പുറമെ കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയത്തിലെ ഹോര്‍ട്ടിക്കള്‍ച്ചര്‍ കമ്മിഷണര്‍ യോഗത്തില്‍ ഓണ്‍ലൈനായി റബര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: