അറ്റ്ലാന്റ: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ലയണല്‍ മെസി എന്ന ലോകസൂപ്പര്‍ താരത്തിന്റെ ബലത്തിലാണോ മുന്നേറുന്നത് എന്ന് തോന്നിപ്പോകുന്നതാണ് കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരം. മെസി ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മത്സരഫലം പോലും മറ്റൊന്നായേനെ. അതായിരുന്നു കോപ്പ അമേരിക്ക 2024ലെ ഉദ്ഘാടന മത്സരം.
മെസിയുടെയോ അര്‍ജന്റീനയുടെയോ കളിമികവ് വാടിയതല്ല കാനഡയുടെ കളിനിലവാരം ഉയര്‍ന്നതാണ് ഏവരെയും അമ്പരപ്പിച്ചത്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കോപ്പ അമേരിക്ക 2024 ഉദ്ഘാടന മത്സരം ജയിച്ചു.
4-4-2 ഫോര്‍മേഷനില്‍ മെസിയെ മുന്‍നിരയില്‍ നിര്‍ത്തിയാണ് ലയണല്‍ സ്കലോനി അതേ ഫോര്‍മേഷനിലുള്ള കാനഡയ്ക്കെതിരെ ടീമിനെ ഇറക്കിയത്. പക്ഷെ കളി പുരോഗമിക്കുന്തോറും കനേഡിയന്‍ കരുത്ത് തിരിച്ചറിഞ്ഞ് മെസിക്ക് മദ്ധ്യനിരയിലേക്ക് കളിമെനയാന്‍ ഇറങ്ങേണ്ടിവന്നു. അല്ലായിരുന്നെങ്കില്‍ താരതമ്യേന ദുര്‍ബലരെന്ന് വിലയിരുത്തപ്പെട്ട കാനഡ അര്‍ജന്റീനയെ നാണം കെടുത്തിയേനെ. അത്രത്തോളം ശക്തമായ മത്സരമാണ് കാനഡ കാഴ്ച്ചവച്ചത്. പരിശീലകന് ജെസ്സെ മാര്‍ഷിന് കീഴില്‍ അതിശക്തരാണ് കനേഡിയന്‍ പട എന്ന് തെളിയിച്ച മത്സരമാണ് കഴിഞ്ഞുപോയത്.
ദിവസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ പത്തിന് ഫ്രാന്‍സിനെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അവരുടെ നാട്ടില്‍വച്ച് ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ ആരും വലിയ ഗൗരവത്തിലെടുത്തില്ല. പക്ഷെ ഇന്നലെ സ്കലോനിയുടെ മെസിപ്പടയെ വരുതിയില്‍ നിര്‍ത്തിയ വീര്യം അവരുടെ കരുത്ത് വിളിച്ചറിയിച്ചിരിക്കുന്നു.
ആദ്യപകുതിക്ക് ശേഷം അര്‍ജന്റീന ടീം മൈതാനത്തേക്ക് വരാന്‍ താമസിച്ചപ്പോള്‍ പരിശീലകന് ജെസ്സെ മാര്‍ഷ് അടക്കം പറഞ്ഞതായി അന്താരാഷ്ട്ര കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു- എനിക്കറിയാം അവര്‍ വരാന്‍ താമസിക്കുമെന്ന്, ആദ്യ പകുതിയിലെ വീഡിയോകള്‍ കണ്ട് കുറേ തലപുകയുന്നുണ്ടാകും.
രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റായപ്പോള്‍ അര്‍ജന്റീന മത്സരത്തിലെ ആദ്യ ഗോള്‍ നേടി. പിന്നെയും അവസരങ്ങള്‍ പലതും ഒരുക്കി. മെസിക്കും മികച്ച അവസരം കിട്ടി. പക്ഷെ രണ്ടാം ഗോള്‍ വീണത് 88-ാം മിനിറ്റിലാണ്. പകരക്കാരനായി ഇറങ്ങിയ ലാട്ടരോ മാര്‍ട്ടിനെസ് ആണ് ഗോള്‍ നേടിയത്. മെസിയുടെ അതിമനോഹരമായ അസിസ്റ്റിലാണ് ആ ഗോള്‍ പിറന്നത്. മത്സരശേഷം മെസിയും തുറന്നു സമ്മതിച്ചു. കാനഡ വലിയ കഠിനമായിരുന്നു, ശരിക്കും കഷ്ടപ്പെട്ടാണ് ജയിക്കാന്‍ സാധിച്ചത്.
മത്സരം നടന്ന അറ്റ്ലാന്റയിലെ സ്റ്റേഡിയം പൂര്‍ണ സജ്ജമാക്കാത്തതില്‍ വിമര്‍ശനമുയര്‍ന്നു. പുല്ലുകള്‍ വളര്‍ന്നു നിന്നത് കളിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി അര്‍ജന്റീന പരിശീലകന് ലയണല്‍ സ്കലോനി ചൂണ്ടിക്കാട്ടി. ടീം ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും മൈതാനത്തിലെ അസൗകര്യത്തിനെതിരെ പ്രതികരിച്ചു.
ജയത്തോടെ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് പോരാട്ടത്തിനായി കാത്തിരിക്കുകയാണ്. ചിലിയാണ് എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: