ന്യൂദല്‍ഹി: ദേശീയ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യുടെ സുതാര്യത ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉന്നതസമിതി രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. എന്‍ടിഎയുടെ ഘടനയും പ്രവര്‍ത്തനവും പരീക്ഷാ നടത്തിപ്പും സുതാര്യതയും സുരക്ഷാ സംവിധാനങ്ങളും ഈ സമിതി പരിശോധിക്കുകയും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുകയും ചെയ്യും. പരീക്ഷാ നടത്തിപ്പില്‍ ചെറിയ വീഴ്ച പോലും അനുവദിക്കാനാവില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ എല്ലാ അവകാശങ്ങളും സംരക്ഷിച്ചുള്ള തീരുമാനങ്ങളെടുക്കും. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയാണ് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണന. എന്‍ടിഎ അടക്കമുള്ള എല്ലാ പരീക്ഷാ നടത്തിപ്പ് ഏജന്‍സികളെക്കാളും പ്രധാനം വിദ്യാര്‍ത്ഥികളാണ്. മേയ് 5ന് നടന്ന നീറ്റ് പരീക്ഷയില്‍ ബിഹാറിലെ ഒരിടത്തു മാത്രമാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഭവിച്ചതെന്നും പരീക്ഷ പൂര്‍ണമായും റദ്ദാക്കില്ലെന്നുമുള്ള നിലപാട് കേന്ദ്ര മന്ത്രി ആവര്‍ത്തിച്ചു. പൊതുപ്രവേശന പരീക്ഷാ തട്ടിപ്പ് തടയല്‍ നിയമം കൊണ്ടുവന്ന സര്‍ക്കാരാണിത്. വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ സ്വത്താണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കാന്‍ പാടില്ല. ബിഹാറിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാര്‍ പോലീസ് അന്വേഷണം തുടരുകയാണ്. നീറ്റില്‍ കേന്ദ്ര സര്‍ക്കാരും ബിഹാര്‍ പോലീസുമായി നിരന്തരം സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. കുറ്റക്കാരെ വേഗം തന്നെ കണ്ടെത്തും.
നെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതായി യുജിസി ചെയര്‍മാന് പരീക്ഷാ ദിനത്തില്‍ ഉച്ചയ്‌ക്ക് 3 മണിക്ക് വിവരം നല്കി. പരീക്ഷ ആരംഭിച്ച ശേഷം യഥാര്‍ത്ഥ ചോദ്യങ്ങളുമായി ഒത്തുനോക്കിയപ്പോള്‍ ഡാര്‍ക്ക് നെറ്റില്‍ വന്നത് ശരിയായ ചോദ്യമാണെന്ന് മനസ്സിലാക്കി. തുടര്‍ന്നാണ് വിവരങ്ങള്‍ യുജിസിക്ക് അന്വേഷണ ഏജന്‍സി കൈമാറിയത്. നെറ്റിന്റെ പുതിയ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും.
പരീക്ഷകളിലുണ്ടായ പ്രതിസന്ധി സംബന്ധിച്ച വിഷയത്തെ രാഷ്‌ട്രീയവല്‍ക്കരിക്കരുതെന്ന് പ്രതിപക്ഷത്തോടും വിദ്യാര്‍ത്ഥി സംഘടനകളോടും പറയുകയാണ്. വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. സംവിധാനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. നിരവധി വിദ്യാര്‍ത്ഥികളുടെ ഇ മെയിലുകള്‍ ലഭിച്ചിട്ടുണ്ട്. അവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നു. ഗുണമേന്മയും സുതാര്യതയും ഉറപ്പാക്കി യുജിസി നെറ്റിന്റെ പുനഃപരീക്ഷ നടത്തും.
പരീക്ഷാ രീതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് പരീക്ഷ നടത്തുന്ന ഏജന്‍സിയാണ്. 1.30 ലക്ഷം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ തവണ എന്‍ടിഎ നടത്തിയ പരീക്ഷകളെഴുതിയത്. പല രീതിയിലാണ് ഓരോരോ പരീക്ഷകളും നടത്തിയത്. ഓണ്‍ലൈനും ഓഫ് ലൈനുമായി പരീക്ഷകള്‍ ഏജന്‍സി നടത്താറുണ്ട്. നെറ്റില്‍ ഇത്തവണ ഓഫ് ലൈനാക്കിയതും സമാനമായ നടപടി മാത്രമാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: