കൊല്ലം: സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളിലും വിവിധ ബോര്‍ഡുകളിലും പിഎസ്സി വഴിയല്ലാതെ നടത്തുന്ന നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ആയിരിക്കണമെന്ന കോടതി, സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാകുന്നില്ല. ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനങ്ങള്‍ വര്‍ധിക്കുകയാണ്.
സംസ്ഥാനത്ത് 37 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ തൊഴിലിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെയാണ് നേരിട്ടുള്ള നിയമനങ്ങള്‍ യഥേഷ്ടം തുടരുന്നത്. ഇതില്‍ ഭൂരിപക്ഷവും സിപിഎം നിയമനങ്ങളാണ്.
താത്കാലിമായി നിയമിച്ച ശേഷം പിന്നീട് സ്ഥിരമാക്കുന്നതാണ് ഇത്തരം നിയമനങ്ങളുടെ രീതി. പത്ര പരസ്യങ്ങളും അറിയിപ്പുകളും കാറ്റില്‍പ്പറത്തി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കിയാണ് നിയമനങ്ങള്‍ ഏറെയും. ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് മുന്‍ വര്‍ഷത്തെ പ്രമോഷന്- ട്രാന്‍സ്ഫര്‍ ഒഴിവുകള്‍ കണക്കിലെടുത്ത് 100 ലധികം ഒഴിവുകളുണ്ടെങ്കിലും നിയമനം നടത്തിയിട്ടില്ല. കെഎസ്എഫ്ഇ, വിദ്യാഭ്യാസ വകുപ്പുകള്‍, മെഡിക്കല്‍ കോളജുകള്‍- ആയൂര്‍വേദ കോളജ്- ഹോമിയോ ആശുപത്രികള്‍, തിരുവനന്തപുരം മൃഗശാല, വ്യവസായവകുപ്പ്, ലീഗല്‍ മെട്രോളജി എന്നീ വിവിധ സ്ഥാപനങ്ങളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് (പാര്‍ട്ട് ടൈം സ്വീപ്പര്‍) ഫുള്‍ ടൈം സ്വീപ്പര്‍ ഒഴിവുകളുണ്ട്. ഈ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ എത്രയും വേഗം എംപ്ലോയ്മെന്റില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളില്‍ ഒഴിവുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് എംപ്ലോയ്മെന്റ് വഴി നിയമനം നടത്താതെ സിഎംഡി മുഖേന അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. എംപ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് നൂറുകണക്കിന് ആള്ക്കാര് കാത്തിരിക്കുന്ന സാഹചര്യത്തില്‍ ഇതു തികച്ചും അനീതിയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയിലും ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ ഒഴിവുകള്‍ ഉണ്ട്. ഈ ഒഴിവുകളിലും എംപ്ലോയ്മെന്റ് വഴി നിയമനം നടത്തണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍, ഇതുവഴി ആയിരക്കണക്കിന് തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കും. എന്നാല്‍, സര്‍ക്കാര്‍ ഇതിനു തയ്യാറാകാതെ പാര്‍ട്ടി താത്പര്യപ്രകാരമുള്ള താത്കാലിക നിയമനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: