1990കളില്‍ ഭാരത ക്രിക്കറ്റില്‍ പേസ് ബൗളിങ് ഡിപ്പാര്‍ട്ട്മെന്റില്‍ മുതല്‍കൂട്ടാകുമെന്ന് കരുതിയ താരമാണ് ഇന്നലെ അന്തരിച്ച ഡേവിഡ് ജോണ്സണ്. 52-ാം വയസിലാണ് താരം മരണമടഞ്ഞത്.
1995-96 രഞ്ജി സീസണിലാണ് താരത്തിന്റെ ശ്രദ്ധേയ പ്രകടനം ലോകം കണ്ടത്. രഞ്ജിയില്‍ കേരളത്തിനെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ വേഗ ബൗളിങ്ങിന്റെ കരുത്ത് വീര്യം കാട്ടിയത്. 152 റണ്‍സില്‍ കേരളത്തിന്റെ പത്ത് വിക്കറ്റും ഒറ്റയ്ക്ക് നേടിക്കൊണ്ടാണ് ഡേവിഡ് തന്റെ വരവറിയിച്ചത്. കര്‍ണാടകയില്‍ നിന്നും ദേശീയ ക്രിക്കറ്റിലേക്ക് പാസ് കിട്ടാന്‍ പോന്ന പ്രകടനമായിരുന്നു ആ പത്ത് വിക്കറ്റ് നേട്ടം. ആ മത്സരത്തിനോടകം തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ ഡേവിഡ് തന്റേതായ സ്പേസ് കണ്ടെത്തിയിരുന്നു. ബൗളിങ്ങിലെ വേഗതയായിരുന്ന താരത്തിന്റെ പ്രധാന കരുത്ത്.
രഞ്ജിയിലെ മികച്ച പ്രകടനത്തോടെ 1996ല്‍ താരത്തെ ദേശീയ ടീമില്‍ പരിഗണിച്ചു. അക്കൊല്ലം ഭാരതത്തിനായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു ആദ്യ മത്സരം. നാട്ടിലെത്തിയ ഓസ്ട്രേലിയയുമായി ഒരു മത്സര ടെസ്റ്റ് ഷെഡ്യൂള്‍ ചെയ്തു. കര്‍ണാടകയില്‍ നിന്നെത്തിയ സൂപ്പര്‍ ബൗളര്‍ ജവഗല്‍ ശ്രീനാഥിന് പരിക്കേറ്റതിനാല്‍ ഡേവിഡ് ജോണ്‍സണിന് രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യ അവസരം നല്‍കുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ താരം ഒരു വിക്കറ്റ് നേടി. അതേ വര്‍ഷം ഭാരതം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോയപ്പോള്‍ ഒരു ടെസ്റ്റില്‍ താരത്തിന് അവസരം നല്കി. രണ്ട് വിക്കറ്റ് നേടി. അക്കാലത്ത് സച്ചിന് ടെന്‍ഡുല്‍ക്കര്‍ ആയിരുന്നു ഭാരതത്തിന്റെ ക്യാപ്റ്റന്‍. കളത്തില്‍ അതിര് കടന്ന് വികാരാദീനനാകുന്ന പ്രകൃതമായിരുന്നു ഡേവിഡ് ജോണ്‍ പിന്നീട് അന്താരാഷ്ട്ര മത്സരങ്ങളില്‍ പ്രത്യക്ഷ പെട്ടിട്ടില്ല.
39 ആഭ്യന്തര മത്സരങ്ങള്‍ കളിച്ച താരം 125 വിക്കറ്റുകള്‍ നേടി. 47.4 പ്രഹരശേഷിയില്‍ 28.63 ശരാശരിയില്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. ഇതിഹാസ താരങ്ങളായ സച്ചിന് ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ എന്നിവരടങ്ങിയ പ്രമുഖര്‍ എക്സില്‍ അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: