നാഗ്പൂര്‍ (മഹാരാഷ്ട്ര): ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാര്‍ഷികം നാടെങ്ങും ആഘോഷിച്ചു. ശിവാജി സ്ഥാപിച്ച ഹിന്ദുസാമ്രാജ്യത്തിന്റെ ആസ്ഥാനമായ മഹാരാഷ്ട്രയില്‍ പതിനായിരങ്ങള്‍ അണിനിരന്ന വര്‍ണാഭമായ ഘോഷയാത്രയോടെയായിരുന്നു ആഘോഷങ്ങള്‍. ഛത്രപതിയുടെ സൈനികവ്യൂഹത്തെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളോടെയാണ് ജനങ്ങള്‍ ഘോഷയാത്രയുടെ ഭാഗമായത്.
ശിവരാജ്യാഭിഷേകം സ്വാഭിമാനത്തിന്റെ മുഹൂര്‍ത്തമാണെന്ന് വര്‍ളിയില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ദേശാഭിമാനത്തിന്റെയും ധാര്മികഭരണത്തിന്റെയും ഏറ്റവും ഉജ്ജ്വലമായ മാതൃകയാണ് ശിവാജിയുടെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ പര്യായമാണ് ശിവാജിയെന്ന് നാഗ്പൂരിലെ പരിപാടിയില്‍ സംസാരിച്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മുഗളാധിപത്യകാലത്ത് സ്വതന്ത്രമായ സാമ്രാജ്യം സ്ഥാപിച്ച ധീരനാണ് ശിവാജി. അധിനിവേശത്തിന്റെ എല്ലാ അടയാളങ്ങളും ഇല്ലാതാക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. മറാഠയില്‍ മാത്രമല്ല, രാജ്യമാസകലം ശിവാജി രാഷ്ട്രസ്വാഭിമാനത്തിന്റെ പ്രതീകമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: