തിരുവനന്തപുരം : ജീവനൊടുക്കിയ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടി പല തവണ പീഡിപ്പിക്കപ്പെട്ടതായി പൊലീസ്. അറസ്റ്റിലായ സുഹൃത്ത് ബിനോയ് ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഇയാള്‍ പെണ്‍കുട്ടിയെ വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ബിനോയിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ കുടുംബം നല്കിയ പരാതിയില്‍ ഇന്നലെയാണ് ബിനോയിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ബിനോയ് പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. പ്രായപൂര്‍ത്തിയാകും മുമ്പാണ് പീഡനം നടന്നത്. പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ച വര്‍ക്കലയിലും മറ്റും പ്രതിയുമൊത്ത് പൊലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയുമായുളള വാട്സാപ്പ് ചാറ്റുകളും പൊലീസ് വീണ്ടെടുത്തു. ബിനോയ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും ലഭിച്ചു. ബന്ധം അവസാനിച്ചതിന് പിന്നാലെ പെണ്‍കുട്ടി സൈബര്‍ ആക്രമണം നേരിട്ടിരുന്നതായുള്ള കമന്റുകളും സൈബര്‍ സംഘം കണ്ടെത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ അടക്കം അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. പോക്സോ , ആത്മഹത്യ പ്രേരണ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: