ന്യൂഡല്‍ഹി: എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി കോടതി ജൂലൈ 3 വരെ നീട്ടി. കെജ്രിവാള് ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. മെയ് 10 ന്, ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി സുപ്രീം കോടതി 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചുവെങ്കിലും ജൂണ്‍ രണ്ടിന് ജയിലിലേക്കു മടങ്ങേണ്ടിവന്നു.
ഗോവ തിരഞ്ഞെടുപ്പിന് അഭിഷേക് ബോയിന്‍പള്ളി വഴി 25 കോടി രൂപ കൈപ്പറ്റിയതായും ഈ 25 കോടി രൂപ 100 കോടി പണമിടപാടിന്റെ ഭാഗമാണെന്നും ഇതുവരെ 45 കോടി രൂപ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ അറിയിച്ചു. 60% പണം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്.
മാര്‍ച്ച് 21 നാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മെയ് 17 ന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. മുന്‍ മന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെ 38 പേരാണ് ഇഡി കേസില്‍ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: