ബംഗളൂരു: പ്രമുഖ ഓൺലൈൻ വിതരണ പ്ളാറ്റ്‌ഫോമായ ആമസോണിൽ നിന്ന് ലഭിച്ച പാഴ്‌സലിനുള്ളിൽ മൂർഖൻ പാമ്പ്. ബംഗളൂരുവിലെ ദമ്പതികൾക്ക് ലഭിച്ച പാഴ്‌സലിലാണ് സമാന്യം വലിയ പാമ്പിനെ കണ്ടത്. സോഫ്ട്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ എക്സ് ബോക്സ് കൺട്രോളറാണ് (Xbox controller) ഓർഡർ ചെയ്തത്.
കവർ പൊട്ടിക്കുന്നതിനിടെയാണ് മൂർഖൻപാമ്പിനെ കണ്ടത്. പുറത്തുചാടാൻ ശ്രമിക്കുന്നതിനിടെ പാഴ്‌സൽ പാക്കുചെയ്തിരുന്ന ടേപ്പിൽ പാമ്പ് കുടുങ്ങിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് ദമ്പതികൾ പറയുന്നത്. വിവരം ഉടൻതന്നെ കമ്പനി അധികൃതരെ അറിയിച്ചു. തെളിവായി വീഡിയോയും കൈമാറി. കമ്പനി ദമ്പതികൾക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്തു.
പാമ്പിനെ കണ്ടെത്തിയ വിവരം അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച് കാര്യമായ നടപടികൾ ഒന്നും ഉണ്ടായില്ലെന്നാണ് ദമ്പതികൾ പറയുന്നത്. ഗുരുതരമായ സുരക്ഷാ വീഴ്ച ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും അവർ പറഞ്ഞു. സംഭവം പരിശോധിച്ച് തുടർ നടപടികൾ അറിയിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ നഷ്ടപരിഹാരമോ ഔദ്യോഗിക ക്ഷമാപണമോ കമ്പനിയുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് ദമ്പതികൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: