ന്യൂദല്‍ഹി: റായ്ബറേലിയിലെ ജയത്തിനു പിന്നാലെ വയനാട് എംപിസ്ഥാനം ഉപേക്ഷിച്ച് രാഹുല്‍. പകരം സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക വാദ്ര വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇതിനിടെ താനും ഉടന്‍ പാര്‍ലമെന്റിലെത്തുമെന്ന റോബര്‍ട്ട് വാദ്രയുടെ പ്രസ്താവന വിവാദമായി.
രണ്ടു മണ്ഡലങ്ങളില്‍ ജയിച്ച രാഹുല്‍ ഏതു മണ്ഡലമാണ് ഉപേക്ഷിക്കുന്നതെന്ന് അറിയിക്കേണ്ട അവസാന ദിവസമാണ് വയനാട് ഉപേക്ഷിക്കുന്നതായി ലോക്സഭാ സ്പീക്കറുടെ ഓഫീസിനെ അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുമെന്നും വയനാട്ടില്‍ പ്രിയങ്ക മത്സരിക്കുമെന്നും പ്രഖ്യാപിച്ചത്. വയനാടിനെ ഉപേക്ഷിക്കാനാകാത്തതിനാല് സഹോദരിയെ അങ്ങോട്ടയയ്ക്കുന്നെന്നാണ് രാഹുലിന്റെയും കൂട്ടരുടെയും പ്രചാരണം.
വയനാട്ടിലെ വോട്ടെടുപ്പു കഴിഞ്ഞ ശേഷമാണ് റായ്ബറേലിയില്‍ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം കോണ്‍ഗ്രസ് പുറത്തുവിട്ടത്. റായ്ബറേലിയില്‍ ജയിച്ചാല്‍ വയനാട് ഉപേക്ഷിക്കാന്‍ തന്നെയായിരുന്നു ആദ്യമേയുള്ള ധാരണ. 2019ല്‍ അമേഠിയില്‍ തോല്വിയുറപ്പായതിനാലാണ് സുരക്ഷിത മണ്ഡലമായ വയനാട്ടിലേക്കു രാഹുല്‍ എത്തിയത്. എന്നാല്‍ റായ്ബറേലിയിലെ വിജയത്തോടെ വയനാടിനെ ഉപേക്ഷിച്ചെന്ന പ്രചാരണം തടയാനാണ് പ്രിയങ്കയെ അയയ്ക്കുന്നതെന്നാണ് കോണ്‍ഗ്രസ് അവകാശ വാദം.
ഉചിതമായ സമയത്തു താനും പാര്‍ലമെന്റിലെത്തുമെന്നു പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര പറഞ്ഞു. പ്രിയങ്ക പാര്ലമെന്റിലുണ്ടാകേണ്ടത് തന്റെ താത്പര്യമാണെന്നും വാദ്ര കൂട്ടിച്ചേര്‍ത്തു. നേരത്തേ അമേഠി സീറ്റിനായി വാദ്ര അവകാശമുന്നയിച്ചത് വിവാദമായിരുന്നു. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിന്റെ മികച്ച ഉദാഹരണങ്ങളായി സോണിയയും മക്കളും മാറുകയാണെന്നായിരുന്നു ബിജെപി പ്രതികരണം.
കോണ്‍ഗ്രസ് എന്നത് ഒരു പാര്‍ട്ടിയല്ലെന്നും വെറുമൊരു കുടുംബ കമ്പനിയാണെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം നെഹ്റു കുടുംബത്തിന്റെ കൈകളിലൊതുങ്ങും. എന്നാല്‍ ലോക്സഭയിലെ പ്രതിപക്ഷ നേതൃപദവി സ്വീകരിക്കുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമെടുക്കാന്‍ രാഹുല്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: