ബെംഗളൂരു: കന്നട നടൻ ദർശൻ ഉൾപ്പെട്ട രേണുകസ്വാമി കൊലക്കേസിൽ പ്രതികൾ തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാർ കണ്ടെത്തി. പ്രതികളിലൊരാളായ ദർശന്റെ ഫാൻസ് ക്ലബ് അംഗം രവിയാണ് കാറിൽ രേണുകസ്വാമിയെ ബെംഗളൂരുവിലേക്ക് വിളിച്ചുകൊണ്ടുവന്നത്.
ചിത്രദുർഗ അയ്യനഹള്ളി ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നാണ് കാർ പിടിച്ചെടുത്തത്. സംഭവത്തിൽ രവിയുടെ കുടുംബത്തെ പോലീസ് ചോദ്യം ചെയ്തു. കാറിൽ നിന്ന് കൊലയ്ക്ക് ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന നിരവധി സാധനങ്ങൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കേസിൽ ദർശനും പവിത്രയും ഉൾപ്പെടെ 18 ഓളം പേരാണ് ഇതുവരെ അറസ്റ്റിലായത്.
കേസിലെ ഒന്നാം പ്രതിയായ നടി പവിത്ര ഗൗഡയും രണ്ടാം പ്രതി ദർശനും തമ്മിലുള്ള ബന്ധത്തെ എതിർത്തു സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റിട്ടതിനാണ് ചിത്രദുർഗ സ്വദേശി രേണുകസ്വാമിയ (33) ജൂൺ 8ന് രാജരാജേശ്വരി നഗറിനു സമീപം പട്ടണഗെരെയിലുള്ള ആളൊഴിഞ്ഞ ഷെഡിലെത്തിച്ച് കൊലപ്പെടുത്തി മലിനജല കനാലിൽ തള്ളിയത്. ഷോക്ക് ഏൽപിച്ചതിന്റെയും പഴുപ്പിച്ച ഇരുമ്പുദണ്ഡ് കൊണ്ട് പൊള്ളിച്ചതിന്റെയും മുറിവുകൾ രേണുക സ്വാമിയുടെ ശരീരത്തിലുണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കുറ്റം ഏറ്റെടുക്കാൻ ദർശൻ നൽകിയ 30 ലക്ഷം രൂപ മറ്റു പ്രതികളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
ഇതിനിടെ പവിത്ര ഗൗഡ ദർശന്റെ ഭാര്യയല്ലെന്നും അങ്ങനെയുള്ള തെറ്റിദ്ധാരണകൾ പരത്തുന്നത് ദർശന്റെ ഭാര്യയായ വിജയലക്ഷ്മിയെ വേദനിപ്പിക്കുന്നുവെന്നും പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരും ചില മാദ്ധ്യമങ്ങളും ദർശന്റെ രണ്ടാം ഭാര്യയാണ് പവിത്ര എന്ന് പറഞ്ഞതിനെ സംബന്ധിച്ചായിരുന്നു പ്രതികരണം. അറസ്റ്റിനു പിന്നാലെ രണ്ടു തവണ ദർശനെ കണ്ടു. പവിത്ര ദർശന്റെ ഭാര്യയാണെന്ന തരത്തിലുള്ള വാർത്തകൾ കണ്ട് ദർശന്റെ ഭാര്യ വിജയലക്ഷ്മി അസ്വസ്ഥയാണ്. അവർക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. ദർശൻ നിയമപരമായി വിവാഹം കഴിച്ചത് വിജയലക്ഷ്മിയെയാണെന്നും മറ്റു ഭാര്യമാരൊന്നും ഇല്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
പവിത്ര സഹപ്രവർത്തകയും സുഹൃത്തും മാത്രമാണ് മറ്റു ബന്ധമൊന്നുമില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: