ന്യൂഡല്‍ഹി: കുവൈറ്റിലെ മംഗഫില്‍ തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് രക്ഷാ ദൗത്യത്തിനായി ഇന്ത്യന്‍ വ്യോമസേനയും.
ഡല്‍ഹി എയര്‍ ബേസില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ സജ്ജമായിട്ടുണ്ടെന്നാണ് വിവരം. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ ഉടന്‍ തന്നെ പുറപ്പെടും. മൃതദേഹങ്ങള്‍ വ്യോമസേനയുടെ സി 130 ജെ വിമാനത്തില്‍ നാട്ടിലെത്തിക്കും.
ഔദ്യോഗിക നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ വിമാനം കുവൈത്തിലേക്ക് പുറപ്പെടും. തുടര്‍ന്ന് ഇന്ന് തന്നെ മൃതദേഹങ്ങളുമായി ഇന്ത്യയിലേക്ക് തിരിച്ചെത്താനാണ് ശ്രമം. ദൗത്യത്തിനായി വിമാനം സജ്ജമായിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളാണ് അറിയിച്ചത്.
അതേസമയം മൃതദേഹങ്ങള്‍ ഒന്നിച്ചു നാട്ടിലെത്തിക്കാനാണു ശ്രമിക്കുന്നതെന്ന് നോര്‍ക്ക സെക്രട്ടറി കെ.വാസുകി. ഇതിനായി പ്രത്യേക വിമാനം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ ഒന്നിച്ച് എത്തിക്കുമെന്നും അവര്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് അവിടെ തന്നെ ചികിത്സ നല്‍കും. 15ന് ബലി പെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ ഇന്ന് വൈകിട്ടോടെ ചാർട്ടേർഡ് വിമാനത്തിൽ മൃതദഹങ്ങൾ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം നടത്തുന്നതെന്നും അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: