കോഴിക്കോട്: സംസ്ഥാന സർക്കാർ ലോക കേരളസഭ നിർത്തിവെച്ച് അതിന്റെ തുക കുവൈറ്റിലെ അപകടത്തിൽ മരിച്ചവർക്കും പരുക്കേറ്റവർക്കുമുള്ള ധനസഹായമായി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകകേരളസഭയുടെ പേരിൽ പ്രവാസികൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി നിരന്തരം ഗർഫ് സന്ദർശിക്കുന്ന ആളാണ്. എന്നാൽ, ഇതുവരെ ഒരു ലേബർ ക്യാമ്പിൽ പോലും അദ്ദേഹം പോവുകയോ അവരുടെ ദുരിതം മനസിലാക്കുകയോ ചെയ്തിട്ടില്ല. പ്രവാസികളുടെ ദുരിതത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുക പോലും ചെയ്തിട്ടില്ല. കൊവിഡ് കാലത്ത് തിരികെയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാനോ അവർക്ക് വായ്പ കൊടുക്കാനോ പോലും സർക്കാർ തയാറായിട്ടില്ല. ഏത് പ്രവാസിക്കാണ് ലോകകേരളസഭകൊണ്ട് ഗുണം കിട്ടിയത്. എന്തിനാണ് കോടികൾ ചെലവഴിച്ച് ആളുകളെ കബളിപ്പിക്കുന്നതെന്നും സുരേന്ദ്രൻ ആരാഞ്ഞു.
കേരളത്തിലേത് ബിജെപിയുടെ ആശയപരമായ വിജയമാണ്. ബിജെപിയുടെ ജയത്തിന് കാരണക്കാർ പിന്നാക്ക ദളിത് വിഭാഗങ്ങൾ പിന്തുണച്ചതു കൊണ്ടാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ആറ്റിങ്ങലും ആലപ്പുഴയിലും മാത്രമല്ല കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ മേഖലയിലും മാറ്റം വ്യക്തമാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി ജയിക്കുക പോയിട്ട് ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും വരില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്.എന്നാൽ ഒരു സീറ്റ് ജയിക്കുകയും രണ്ടിടത്ത് ഒന്നര ശതമാനം വോട്ടിന് മാത്രം പിറകിലാവുകയും നാല് വൻമത്സരം നടത്തുകയും ചെയ്യാൻ ബിജെപിയ്ക്ക് സാധിച്ചു.
എൻഡിഎയുടെ വോട്ട് 20 ശതമാനത്തിലെത്തിയത് കേരള രാഷ്ട്രീയത്തിൻറെ മാറ്റം പ്രകടമാക്കുന്നതാണ്. 20 ശതമാനം വോട്ട് വിഹിതം നേടിയ സംസ്ഥാനങ്ങളിലെല്ലാം വലിയ മുന്നേറ്റം നടത്താൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. മതന്യൂനപക്ഷങ്ങൾക്ക് പഴയത് പോലെ ബിജെപിയോട് തൊട്ടുകൂടായ്മയില്ലെന്ന് വ്യക്തമായിരിക്കുന്നു. ഓർത്തഡോക്സ്- യാക്കോബായ സഭകൾ മണിപ്പൂർ വിഷയത്തിലെ യാഥാർത്ഥ്യം തുറന്നു പറഞ്ഞത് സ്വാഗതാർഹമാണ്. ഇത് തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നെങ്കിൽ കേരളത്തിൻറെ വികസനത്തിന് അത് ഏറെ ഗുണകരമായേനെയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: