അമരാവതി: ടിഡിപി നേതാവ് എൻ. ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനസേന പാർട്ടി നേതാവ് പവൻ കല്യാൻ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ എസ് അബ്ദുൾ നസീർ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ മൂന്നാമനായി ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ജെപി നദ്ദ, ബണ്ഡി സഞ്ജയ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രജനീകാന്ത്, ചിരഞ്ജീവി, രാം ചരൺ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളും അതിഥികളായിരുന്നു. വിജയവാഡയിലെ ഗണ്ണവാരം വിമാനത്താവളത്തിന് സമീപമുള്ള കേസരപള്ളി പാർക്കിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. നാലാം തവണയാണ് ആന്ധ്രയുടെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേൽക്കുന്നത്. മുഖ്യമന്ത്രിയുൾപ്പെടെ 26 മന്ത്രിമാരാണ് ഉള്ളത്. 17 മന്ത്രിമാർ പുതുമുഖങ്ങളാണ്. മൂന്ന് വനിതാ മന്ത്രിമാരുണ്ട്.
വിജയവാഡയിൽ ഇന്നലെ ചേർന്ന എൻഡിഎ എംഎൽഎ മാരുടെ യോഗം ചന്ദ്രബാബു നായിഡുവിനെ ലെജിസ്ലേറ്റീവ് പാർട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. പവൻ കല്യാണിനെ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായും തെരഞ്ഞെടുത്തിരുന്നു. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ (വൈഎസ്ആർസിപി) വൈഎസ് ജഗൻ മോഹൻ റെഡ്ഡിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിൽ ജനപ്രിയ നടൻ വലിയ പങ്കുവഹിച്ചു. ടിഡിപിയും ബിജെപിയും തമ്മിൽ സഖ്യമുണ്ടാക്കിയതിന്റെ ബഹുമതിയും അദ്ദേഹത്തിനുണ്ട്.
175 അംഗ ആന്ധ്രാനിയമസഭയിൽ 164 സീറ്റുകൾ നേടിയാണ് എൻ ഡി എ ചരിത്രവിജയം കു റിച്ചത്. ടിഡിപി 135, ജനസേന പാർട്ടി 21, ബിജെപി എട്ട് സീറ്റും നേടി. പ്രശസ്ത തെലുങ്ക് നടനായ പവൻ കല്യാൺ മെഗാസ്റ്റാർ കെ ചിരഞ്ജീവിയുടെ ഇളയ സഹോദരനാണ്. 1996-ൽ അക്കാട അമ്മായി ഇക്കട അബ്ബായിഎന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് വാണിജ്യപരമായി വിജയിച്ച നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: