മണ്ണില്‍ സുഖനിദ്രകൊള്ളുന്ന റൊമാനിയന്‍ പാര്‍ലമെന്റ് കൊട്ടാരത്തില്‍ നിന്ന് ഞങ്ങള്‍ പുറത്തിറങ്ങി. റൊമാനിയയുടെ തിലകക്കുറിയായി പുഞ്ചിരിപ്രഭ പൊഴിച്ചുനില്‍ക്കുന്ന കൊട്ടാരത്തെ ഹൃദയംഗമമായ സ്നേഹവായ്പ്പോടെ ഒന്നുകൂടി നോക്കി. മുന്നില്‍ വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന പൂക്കള്‍ തളിരിട്ടും വിടര്‍ന്നും ശോഭിച്ചുനില്‍ക്കുന്നു. ഇവിടെനിന്ന് പോകുന്നത് 1965 മുതല്‍ 1989 വരെ റൊമാനിയന്‍ കമ്മ്യൂണിസ്റ്റ് ഏകാധിപതിയും റൊമേനിയയുടെ രണ്ടാമത്തെയും അവസാനത്തെയും ഭരണാധിപനുമായിരുന്ന നിക്കോളാ സ്യൂസെസ്ക്യൂ മ്യൂസിയം കാണാനാണ്.
ഞങ്ങള്‍ തിരക്കേറിയ നഗരവഴിയിലേക്കിറങ്ങി. റോഡിലൂടെ അലറിപ്പാഞ്ഞു പോകുന്ന സൈറണ്‍ വിളികള്‍. റോഡ് മുറിച്ചുകടന്ന് നടക്കവേ തോടുപോലെ നീണ്ടുകിടക്കുന്ന ജലാശയത്തിലെ ഫൗണ്ടനില്‍ നിന്ന് നിറഭേദങ്ങളോടെ ജലകണങ്ങള്‍ ചീറിപ്പായുന്നു. പൂനിലാവില്‍ കുളിച്ചുനില്ക്കുന്ന പ്രതീതി. റോഡുകളില്‍ നല്ല തിരക്കാണ്. കൃത്യമായ ആസൂത്രണത്തോടെ പാര്‍ലമെന്റ് കൊട്ടാരത്തിന് കാന്തി പകരാനാണ് ഈ സൗന്ദര്യപ്രവാഹം നിര്‍മ്മിച്ചിരിക്കുന്നതെന്ന് തോന്നും.
ഞാനും റജി നന്തികാട്ടും അടുത്തുള്ള ഒരു റെസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചിട്ടാണ് യൂബര്‍ ടാക്സിയില്‍ റൊമാനിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന നിക്കോളാ സ്യൂസെസ്ക്യൂവിന്റെ മ്യൂസിയത്തിലേക്ക് തിരിച്ചത്. റോഡുകളുടെ ഇരുഭാഗങ്ങളിലും മരങ്ങള്‍ വളര്ന്നുനില്ക്കുന്നു. സമ്പന്ന രാജ്യമല്ലെങ്കിലും റോഡുകള്‍ മനോഹരങ്ങളാണ്. ഒരു വീടിന് മുന്നില്‍ കോറക്സ് ഇനത്തിലുള്ള ആപ്പിള്‍ കണ്ടു. മഞ്ഞപ്പട്ട് പുതച്ച ആകാശത്ത് സൂര്യന് പുറത്തുവരാതെ മടിച്ചുനിന്നു. വെള്ളി മേഘങ്ങള്‍ പിണങ്ങിപ്പോകുന്നു. എങ്ങും മനോഹരങ്ങളായ വീടുകള്‍. ഡ്രൈവര്‍ക്ക് ഇംഗ്ലീഷ് അറിയാം. ഞാന്‍ പേര് ചോദിച്ചു-അലക്സന്ഡ്രു.
ഞങ്ങള്‍ ഇന്ത്യയില്‍ നിന്നെന്ന് കേട്ടപ്പോള്‍ അയാള്‍ നന്ദി പറഞ്ഞു. ഞങ്ങള്‍ സംസാരിച്ചിരിക്കെ ഡ്രൈവര്‍ അറിയിച്ചത് നമ്മള് സഞ്ചരിക്കുന്ന ഈ റോഡ് നിക്കോളാ സ്യൂസെസ്ക്യൂവിന് മാത്രം സഞ്ചരിക്കാനുള്ള റോഡായിരുന്നു. ഇതുവഴി മറ്റാര്‍ക്കും സഞ്ചരിക്കാനുള്ള അനുവാദമില്ലായിരുന്നു. അതൊരു പുതിയ അറിവായിരുന്നു. ആ നിമിഷങ്ങളില്‍ ഓര്‍ത്തത് കേരളത്തില്‍ ഒരുകാലത്ത് പിന്നാക്ക സമുദായക്കാര്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും റോഡുകളില്‍ നടക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത കാര്യമായിരുന്നു.
അധികാരവും സമ്പത്തും ഏകാധിപതികളെ വളര്‍ത്തി വലുതാക്കിയ രാജ്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ് റഷ്യ, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്, ജര്‍മ്മനി. ഇവരുടെ അടിത്തറതോണ്ടിയ രക്തസാക്ഷികളായ സാഹിത്യ പ്രതിഭകളെ ഓര്‍ത്തിരിക്കെ നിറപ്പകിട്ടാര്‍ന്ന മരങ്ങളുടെയടുത്ത് ടാക്സി നിന്നു. മുന്നില്‍ തലയുയര്‍ത്തി നില്ക്കുന്ന മ്യൂസിയത്തിലേക്ക് നടന്നു. എങ്ങും ഹരിതശോഭ പരന്നുനിന്നു. സ്യൂസെക്യൂവിനെ അരുംകൊല ആ ഏകാധിപതി താമസിച്ച കൊട്ടാരത്തിന് അഴകും ശക്തിയും നല്കി മ്യൂസിയമാക്കി സഞ്ചാരികളെ ആകര്‍ഷിച്ച് വരുമാനമുണ്ടാക്കുന്നു. മ്യൂസിയത്തില്‍ കയറാനുള്ള ടിക്കറ്റ് ഓണ്‍ലൈന്‍ വഴി എടുത്തിട്ടുണ്ട്. ടിക്കറ്റ് കാണിച്ചു. സ്നേഹ വിനയത്തോടെ ഒരു മധ്യവയസ്ക ഞങ്ങളെ തെല്ലിട നോക്കിയിട്ട് ‘ബിനി ആയി വെനിറ്റ്’ (സ്വാഗതം) എന്ന് റൊമാനിയന്‍ ഭാഷയില്‍ അകത്തേക്ക് ക്ഷണിച്ചു. അവള്‍ക്കൊപ്പം ഒരു പുരുഷന് പടച്ചട്ടപോലെ ചുവന്ന വസ്ത്രമണിഞ്ഞു നില്ക്കുന്നു. അകത്തുകടക്കുന്നതിന് മുന്‍പ് ചെരിപ്പുകള്‍ അഴിച്ചിടണം. കാലിലിടാന്‍ ബലൂണ്‍ രൂപത്തിലുള്ള പ്ലാസ്റ്റിക് ചെരുപ്പ് തന്നു. അത് പാദങ്ങളില്‍ തിരുകിക്കയറ്റി അകത്തേക്ക് നടന്നു. എങ്ങും കണ്ണിന് കുളിര്‍മ നല്കുന്ന കാഴ്ചകള്‍.
ആദ്യ മുറിയില്‍ തന്നെ നിക്കോളാ സ്യൂസെസ്ക്യൂവിന്റെ വലിയ പടം ചുമരില്‍ പതിച്ചിരിക്കുന്നു. പലയിടത്തും മനോഹര മാര്‍ബിള്‍ ശില്പ്പങ്ങള്, ചിത്രങ്ങള്‍. സ്യൂസെസ്ക്യൂ ഉപയോഗിച്ച മേശകള്‍, കസേരകള്‍. ഞങ്ങള്‍ പത്തുപേര്‍ക്ക് സുന്ദരിയായ ഒരു ഗൈഡിനെ തന്നു. പേര് അന്റോനിയോ. അവളുടെ സന്തോഷം വിടര്‍ന്ന കണ്ണുകള്‍പോലെ ശബ്ദവും സുന്ദരമാണ്. മനോഹരങ്ങളായ മാര്‍ബിള്‍ പതിച്ച പാതകളിലൂടെ മുന്നോട്ട് നടക്കവേ അന്റോനിയോ ഞങ്ങളെ പരിചയപ്പെട്ടു. ഞങ്ങള്‍ ഇന്ത്യക്കാര്‍ എന്നറിഞ്ഞപ്പോള്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് ഒരു സന്തോഷ വാര്‍ത്ത പറഞ്ഞു. ഈ മ്യൂസിയത്തില്‍ കാണുന്ന മാര്‍ബിള്‍ ഇറ്റലിയില്‍ നിന്ന് മാത്രമല്ല ഇന്ത്യയില്‍ നിന്നുമുണ്ട്. അത് ഞങ്ങളില്‍ വിസ്മയമുളവാക്കി. പുറത്തെ ഹരിതശോഭപോലെ ഓരോ മുറികളും പാര്‍ലമെന്റ് കൊട്ടാരംപോലെ രത്നവര്ണ്ണങ്ങളാണ്. മുകളില്‍ തുങ്ങിക്കിടക്കുന്ന മനോഹര വിളക്കുകള്‍ക്കും അതേ ശോഭയാണ്.
ഗൈഡ് അന്റൊനിയോ സ്യൂസെസ്ക്യൂവിന്റെ ചില ഫോട്ടോകള്‍ ചൂണ്ടികൊണ്ട് പറഞ്ഞു. ജീവിതം ഈ മ്യൂസിയത്തില്‍ ചുറ്റപ്പെട്ടു കിടക്കുന്നു. വിവിധ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരുമായുള്ള ഫോട്ടോകള്‍ വളരെ അഭിമാനത്തോടെ കണ്ടു. ഞാന്‍ സ്യൂസെസ്ക്യൂവിനെ ഓര്‍ത്തുകൊണ്ട് മറ്റുള്ളവര്‍ക്കൊപ്പം നടന്നു. നിക്കോളെ സിയോസെസ്ക്യൂ ജനിച്ചത് റൊമാനിയയിലെ സ്കോര്ണിസെറ്റിയിയിലുള്ള ഒരു ദരിദ്ര കര്‍ഷകകുടുംബത്തില്‍ 1918 നാണ്. കുടുബത്തിലെ ഒമ്പത് മക്കളില്‍ മുന്നാമന്‍. ചെറുപ്പം മുതല്‍ വളരെ ശുണ്ഠിയുള്ള, മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കുന്ന സ്വഭാവം. അതിന്റെ പേരില്‍ പ്രഥമ അധ്യാപകന് സ്കൂളില്‍ മാതാപിതാക്കളെ വരുത്തി ശാസിച്ചു. 1936 ല്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ പതിനെട്ട് വയസുള്ളപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം ജയിലില്‍ കിടന്നു. 1930 കളുടെ തുടക്കത്തില്‍ റൊമാനിയന്‍ കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാനത്തിലെ അംഗമായിരുന്ന സ്യൂസെസ്കു 1936 ലും 1940 ലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലിലായി. ജയിലിലും സഹ തടവുകാരുമായി ഏറ്റുമുട്ടുക പതിവായിരുന്നു.
സോവിയറ്റ് അധിനിവേശത്തിന് തൊട്ടുമുമ്പ് 1944 ഓഗസ്റ്റില്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. യൂണിയന് ഓഫ് കമ്മ്യൂണിസ്റ്റ് യൂത്ത് സെക്രട്ടറിയായി (1944-45). റൊമാനിയയില്‍ 1947 ല്‍ കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്യൂസെസ്ക്യൂ കൃഷി മന്ത്രാലയത്തിന് നേതൃത്വം കൊടുത്തു. 1950 മുതല്‍ 1954 വരെ മേജര്‍ ജനറല്‍ പദവിയില്‍ സായുധ സേനയുടെ ഡെപ്യൂട്ടി മന്ത്രിയായി 1950-1954 വരെ സേവനമനുഷ്ഠിച്ചു. ഗൈഡിന്റെ വിവരണം കേട്ടപ്പോള്‍ മനസ്സിലേക്ക് വന്നത് ഇദ്ദേഹത്തിന്റെ ജീവിതം കുഴച്ച മണ്ണില്‍ നിന്ന് ഒരു പ്രതിമ രൂപപ്പെടുന്നതുപോലെയായിരുന്നു. എങ്ങനെയാണ് ആ കളിമണ്‍ പ്രതിമ തച്ചുടയ്ക്കപ്പെട്ടത്?
നിക്കോളാ സ്യൂസെസ്ക്യൂവും ഭാര്യ എലീനയും 1965 മുതല്‍ 1989 വരെ ഇരുപത്തിനാല് വര്‍ഷക്കാലമാണ് റൊമാനിയ ഭരിച്ചത്. അധികാരം മധുരമായി ആഘോഷിച്ചു. അത് ഈ മ്യൂസിയത്തിലും പ്രകടമാണ്. ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റ ഭീകരമുഖം ജനങ്ങള്‍ കണ്ടു. സോഷ്യലിസ്റ്റ് ദാര്‍ശനികതയുടെ അടിത്തറ ഇളക്കുക മാത്രമല്ല, ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയും ചെയ്തു. വര്‍ഗ്ഗതാല്‍പ്പര്യങ്ങള്‍ കാറ്റില്‍പറത്തി. ഭരണനേതൃത്വം തൊഴിലാളിവര്‍ഗത്തിന്റെ സ്വേച്ഛാധിപത്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഭരണകൂടത്തിന്റെ ഒത്താശയോടെ ഭരണത്തിന് വിലങ്ങുതടികളായി നിന്നവര്‍ പലവിധത്തില്‍ പീഡിപ്പിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റുകളല്ലാത്തവരെ വര്‍ഗശത്രുക്കളും രാജ്യദ്രോഹികളുമായി കണ്ട് കള്ളക്കേസുകളില്‍പ്പെടുത്തി ജയിലിലടച്ചു. നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ഒറ്റപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.
സ്യൂസെസ്ക്യൂവിന്റെ നന്മതിന്മകളെപ്പറ്റി ഗൈഡ് വാചാലയായി. സര്വ്വാധിപത്യത്തിനെതിരായി വായ് മൂടിക്കെട്ടിയ ജനങ്ങള്‍ സ്വാതന്ത്യത്തിനും അവകാശങ്ങള്‍ക്കുമായി തെരുവിലിറങ്ങി. ബുക്കാറെസ്റ്റിലെ തെരുവുകള്‍ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു.
അടിച്ചമര്‍ത്തപ്പെട്ട റൊമാനിയക്കാര്‍ പറന്നടുക്കുന്ന പറവകളെപോലെ ഒന്നായി മധുരിമ പകരുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി. ഒരു ഭരണാധിപന്റെ ദൗര്‍ബല്യം ആഴമേറിയ മുറിവുകളാണ് രാജ്യത്തിനുണ്ടാക്കിയത്. കമ്മ്യൂണിസ്റ്റ് ഭരണം കീറിമുറിക്കപ്പെട്ടു. വീരപുരുഷന്മാരെപോലെ കപട കമ്മ്യൂണിസ്റ്റുകളെ പുറത്താക്കാന്‍ ബഹുജനങ്ങളുണര്ന്നു. ജനങ്ങള്‍ക്കൊപ്പം പോലീസ് പട്ടാള സേനയിലെ പലരും പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു. ”ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങളുടെ അവകാശമാണ്. സ്യൂസെസ്ക്യൂവിനെ താഴെയിറക്കു. അറസ്റ്റ് ചെയ്യൂ” എന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചത്.
മഞ്ഞുകണങ്ങളേറ്റു കിടന്ന 1989 ഡിസംബര്‍ മാസത്തില്‍ സ്യൂസെസ്ക്യൂവും ഭാര്യ എലീനയും കേന്ദ്ര കമ്മിറ്റി കെട്ടിടത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിമാനം പറത്തിയ പൈലറ്റ് വിമാന വിരുദ്ധ സേനയുടെ ആക്രമണമുണ്ടാകുമെന്ന് വ്യാജ വാര്‍ത്തയുണ്ടാക്കി തിരികെയിറക്കി. ഉടനടി രണ്ടുപേരെയും അറസ്റ്റ് ചെയ്തു. ക്രിസ്മസ് ദിനത്തില്‍ അവര്‍ വിചാരണയ്ക്ക് വിധേയരായി. ധാരാളം കുറ്റകൃത്യങ്ങളാണ് അവരുടെമേല്‍ ചുമത്തിയത്. നിരപരാധികളെ പീഡിപ്പിക്കല്‍, ധൂര്‍ത്ത്, സ്വജന പക്ഷപാതം, അധികാര ദുര്‍വിനിയോഗം, വംശഹത്യ, കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയവ കോടതി കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു. രണ്ടുപേരെയും 1989 ഡിസംബര്‍ 25-ന് വെടിവെച്ചുകൊന്നു. റൊമാനിയയിലെ ബുക്കാറെസ്റ്റിലെ ഗെന്സിയ സെമിത്തേരിയില്‍ ഞങ്ങള്‍ കണ്ടത് വിഷാദം പൂണ്ട കുറെ ചുവന്ന പൂക്കളാണ്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളില്‍ പിഴുതെറിയപ്പെട്ട മനുഷ്യരുടെ പ്രതീകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: