അധികാരത്തിലിരിക്കുന്നവര്‍ തെരഞ്ഞെടുപ്പ് നേരിടുമ്പോള്‍ ഔദാര്യം, അനുകമ്പ, അനുഭാവം എന്നിവ ഒരു പരിധികഴിഞ്ഞ് വോട്ടര്‍മാരില്‍നിന്ന് പ്രതീക്ഷിക്കരുത്. ജനാധിപത്യ സംവിധാനത്തിലെക്കാര്യമാണ്; അത് കക്ഷിരാഷ്ട്രീയത്തിന്റെ പരമോച്ചാവസ്ഥയില്‍ തെരഞ്ഞെടുപ്പ് നേരിടുന്ന വേളയില്‍ പ്രത്യേകിച്ച്. ഭരണത്തില്‍ ഇരിക്കെ ആ മുന്നണിയോ കക്ഷിയോ എന്തുചെയ്തുവെന്നതിനേക്കാള് പ്രസക്തി ഭരണം കിട്ടിയാല്‍ എന്തുചെയ്യുമെന്ന പ്രസ്താവനയ്ക്കാണ്. ജനങ്ങള്‍ക്ക് കൈയില്‍ കിട്ടിയതിലല്ല, കിട്ടാന്‍ പോകുന്നത് എന്ത് എന്നതിലാണ് പ്രതീക്ഷ. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിമാത്രമല്ല, എല്ലാ തെരഞ്ഞെടുപ്പിലും അതാണ് സ്ഥിതി. പ്രതിപക്ഷത്തിന് അങ്ങനെ തെരഞ്ഞെടുപ്പില്‍ എക്കാലത്തും ഒരു മേല്‍ക്കൈ ഉണ്ട്.
ഭരണനേട്ടം തെരഞ്ഞെടുപ്പില്‍ വിഷയമാക്കാന്‍ പലപ്പോഴും സര്‍ക്കാരുകള്‍ മടിക്കുന്നതിന്റെ കാരണവും അതാണ്. വാഗ്ദാനങ്ങളോടാണ് എപ്പോഴും ജനകൂട്ടത്തിന് പ്രിയം. അതിന് കാരണം സാധാരണ മനുഷ്യരുടെ കാല്‍പ്പനിക മനഃസ്ഥിതിയാണ്. വിപ്ലവാശയങ്ങളോടുണ്ടാകുന്ന കമ്പവും ഈ കാല്‍പ്പനികതയാണ്, സ്വപ്ന സങ്കല്‍പ്പമാണ്. ഭരിക്കുന്നവരില്നിന്ന്, സര്‍ക്കാര്‍ സംവിധാനത്തില്‍നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നതിനേക്കാള്‍ കിട്ടാന്‍ പോകുന്നതിനെക്കുറിച്ചുള്ള വാഗ്ദാനത്തിന് അതുകൊണ്ടുതന്നെ വിലകൂടും, പിന്തുണയും കിട്ടും. മറ്റുള്ളവര്‍ക്ക് കിട്ടിയവരോടുള്ള കൊതിക്കെറുവായിരിക്കും. കിട്ടിയവര്‍ക്കോ, ഓ, ഇതു പോരാ എന്ന വികാരവും. പക്ഷേ, വാഗ്ദാനത്തിന്റെകാര്യത്തില് അങ്ങനെയല്ല, അത് എല്ലാവരേയും ഒരേപോലെ ആകര്‍ഷിക്കും; സന്തോഷിപ്പിക്കും. അതിനാല്‍ കക്ഷിരാഷ്ട്രീയം മുറ്റിയ തെരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ പറഞ്ഞാല്‍ വോട്ടുകിട്ടില്ല, അതിന് വാഗ്ദാനങ്ങള്‍തന്നെ വേണമെന്നാണ് അനുഭവം.
400ല്‍ അധികം സീറ്റുനേടി വിജയിക്കാന്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് 300 പ്ലസ്കൊണ്ട് കിട്ടിയ ഭരണത്തില്‍ തൃപ്തരാകേണ്ടി വന്നത് അതുകൊണ്ടാണ്. രണ്ടാംവട്ടം തുടര്‍ഭരണം നടത്തിയ എന്‍ഡിഎ ഭരണത്തില്‍ ഉണ്ടാക്കിയെടുത്ത നേട്ടമൊന്നും ഒരു ദശാബ്ദത്തിലും രാജ്യം നേടിയിട്ടില്ല. അക്കാര്യം ആരും സമ്മതിക്കും. ആ ഭരണനേട്ടം പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കാത്തവര്‍ ഭാരതത്തിലില്ല. വേനല്‍ അവധിക്കാലത്ത് കശ്മീരിലേക്ക് വിനോദയാത്ര നടത്തിയ മലയാളിയും മുടങ്ങാതെ സൗജന്യമായും കുറഞ്ഞ നിരക്കില്‍ ആവശ്യത്തിനും ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും റേഷന്‍ കടകളില്‍നിന്ന് അതത് സമയം വാങ്ങിയിരുന്നവരും അതനുഭവിച്ചവരാണ്. രണ്ടുപെണ്‍കുഞ്ഞുങ്ങള്‍ ഉള്ളവര്‍ പഠിക്കാന്‍ ആനുകൂല്യം നേടിയതും സ്വയം തൊഴില്‍ സംരംഭം നടത്തിയതും തൊഴില്കൊടുക്കുന്നവരായതും അതിന്റെ ഫലമാണ്. പക്ഷേ, തെരഞ്ഞെടുപ്പുവന്നപ്പോള്‍ ‘നിത്യവും പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന് പൊന്നെല്ലാം സ്വന്തമാക്കാന്‍ ശ്രമിച്ച’ തിരുമണ്ടന്റെകാര്യം പോലെയായി. ഓരോ വനിതയുടെയും പേഴ്സില്‍ ഒരുലക്ഷം രൂപവീതം നല്‍കുമെന്ന വാഗ്ദാനത്തില്‍ ചിലര്‍ വീണുപോയി. ഭാരതത്തെ മൂന്നാം സാമ്പത്തിക ശക്തിയാക്കുന്നതല്ല, സ്വന്തം പണപ്പെട്ടിയില്‍ പണം വീഴുന്ന വാഗ്ദാനത്തിനൊപ്പമായിരുന്നു കുറേ വോട്ടര്‍മാര്‍. രാജ്യം വിദേശത്ത് പണയപ്പെടുത്തിയ 100 ടണ്‍ സ്വര്‍ണ്ണം രാജ്യത്ത് മടക്കിക്കൊണ്ടുവരുന്നതിലല്ല, സ്വന്തം പണ്ടപ്പെട്ടിയും കൈകാല്കഴുത്തും സ്വര്‍ണ്ണം കൊണ്ട് നിറയ്ക്കുന്നതിനുള്ള, വാഗ്ദാനങ്ങളിലായിരുന്നു ചില വോട്ടര്‍മാര്‍ക്ക് കമ്പം. അതാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം. അവിടെ രാജ്യത്തിനായി എന്തുചെയ്തുവെന്നതിലല്ല കാര്യം. സ്വന്തം താല്പര്യങ്ങള്ക്ക് അനുഗുണമായ എന്ത് വാഗ്ദാനം വോട്ടര്‍മാര്‍ക്ക് നല്കുന്നുവെന്നതുകൂടിയാണ്. തെരഞ്ഞെടുപ്പുകളുടെ അവസാനം എണ്ണമാണ് വിധി നിര്‍ണ്ണയിക്കുന്നത്. ആകെ എത്രപേര്‍ കൂടുതല്‍. അതിന് ഓരോരുത്തര്‍ക്ക് എത്രപേരുടെ പിന്തുണകിട്ടി എന്നതാണ് കണക്ക്. അവിടെ നടപ്പിലാക്കപ്പെട്ടതോ വാഗ്ദാനമോ ഏതാണ് പിന്തുണയ്ക്ക് സഹായിക്കുന്നത് എന്നതാണ് വിഷയം.
രാഷ്ട്ര പുരോഗതിയും കക്ഷിരാഷ്ട്രീയവും തമ്മില്‍ വാസ്തവത്തില്‍ ബന്ധമില്ല. രാഷ്ട്രപുരോഗതിക്ക് ഭരണാധികാരികളുടെ കാഴ്ചപ്പാടും അതിലുള്ള താല്പര്യവും അര്‍പ്പണവുമാണ് വിഷയം. പക്ഷേ അധികാരത്തിന് ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയം വിഷയമാണ്. അത് കക്ഷിപക്ഷഭ്രമം ബാധിച്ചിടത്ത് പ്രധാനവിഷയമാണ്. അതിനാല്‍ രാഷ്ട്രവും കക്ഷിരാഷ്ട്രീയവും രണ്ടായിത്തന്നെ കാണണം. അവിടെ വാഗ്ദാനങ്ങള്‍ വിളമ്പിക്കൊടുക്കാന്‍ ഒരു ധാര്‍മ്മികതയും യുക്തിയും ആവശ്യമില്ല. വേണ്ടത് കൊതിപ്പിക്കുന്ന, ആകര്‍ഷിക്കുന്ന ഉറപ്പുകള്‍ മാത്രമാണ് എന്നാണ് ഏറ്റവും പുതിയ തെരഞ്ഞെടുപ്പും പഠിപ്പിക്കുന്നത്. പ്രതിപക്ഷത്തിന്റെ വാഗ്ദാനങ്ങള്‍ അങ്ങനെയുള്ളതായിരുന്നു. വരുന്നകാല ഭരണത്തില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവരെയും ആ നിലയിലേക്ക് തെരഞ്ഞെടുപ്പുകാലത്തിലെങ്കിലും കൊണ്ടുപോയേക്കുമെന്നതാണ് ഫലവും ഭയവും.
കാലത്തെ ‘കാലചക്രം’ എന്ന് വിശേഷിപ്പിച്ചത് ആദ്യം ഭാരതീയരാണ്. ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. കാലത്തെ സമയമായി മാറ്റിയപ്പോള്‍ അതറിയാനും അളക്കാനും രൂപപ്പെടുത്തിയ ഘടികാരത്തിന്റെ സാങ്കേതികവിദ്യക്ക് ‘കറക്കം’ അടിത്തറയായതും ചക്ര സ്വരൂപംകൊണ്ടായിരിക്കണം. അങ്ങനെ കറങ്ങിവരുന്ന ഒരു ചക്രമാണ് ദശാബ്ദങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ രാഷ്ട്രീയത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം രൂപം കൊണ്ടിട്ടുള്ളത്.
1991ലെ തെരഞ്ഞെടുപ്പിനുശേഷം രണ്ടുമൂന്നുവട്ടം ഉണ്ടായ സ്ഥിതിവിശേഷം ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലായിരുന്നുവെന്നതാണ്. അതാണിപ്പോഴും; അടല്‍ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ 13 മാസത്തെ ഭരണത്തിന് സമാനമായ 1998 ലെ ജനവിധിയും സര്‍ക്കാര്‍ രൂപീകരണവും ഓര്‍മ്മപ്പെടുത്തുന്നു. ദേശീയ പാര്‍ട്ടികള്‍ക്ക് പ്രാദേശിക പാര്‍ട്ടികളെ ആശ്രയിച്ച് ഭരണം നയിക്കേണ്ട സ്ഥിതി. മോദിക്ക് പക്ഷേ, വാജ്പേയി അനുഭവിച്ചയത്ര സമ്മര്‍ദ്ദം സഹിക്കേണ്ടിവരില്ല. കാരണം ഒന്ന്: എന്‍ഡിഎ ഘടകകക്ഷികള്‍ക്ക്, ബിജെപിക്ക് ഒറ്റയ്ക്ക് ഭരണഭൂരിപക്ഷം ഉണ്ടായിരിക്കെയും മുന്നണി മര്യാദ ദീക്ഷിച്ച്, കേന്ദ്ര മന്ത്രിസഭയില്‍ പോലും പങ്കാളിത്തം നല്കിയ അനുഭവം. രണ്ട്: വലിയ ഘടകകക്ഷികളായ ശിവസേന, ജെഡിയു, എല്‍ജെപി, ടിഡിപി, ജെഎസ്പി എന്നിവയ്ക്ക് ബിജെപിയുടെ സഖ്യകക്ഷിയാകാനേ പറ്റൂ, അവര്‍ക്ക് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാവില്ല, അവര്‍ കോണ്‍ഗ്രസിന്റെ മുന്നണിമര്യാദയും വിശ്വാസ്യതയും അനുഭവിച്ചറിഞ്ഞവരാണ്, അവരവരുടെ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ കൂട്ടില്ലാതെ അവരവര്‍ക്ക് ഭരിക്കാനാവില്ല.
വാജ്പേയി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 2004ല്‍ ഭരണ നേട്ടങ്ങള്‍ പറഞ്ഞ ‘ഫീല്‍ ഗുഡ് ഫാക്ടര്‍’ ഉണ്ടെന്നും ‘ഇന്ത്യാ ഷൈനിങ്’ എന്ന് പ്രഖ്യാപിച്ചുമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണ നേട്ടത്തേക്കാള്‍ ജനപിന്തുണ നേടാന്‍ അന്ന് പ്രതിപക്ഷം പ്രചരിപ്പിച്ചത് ഇല്ലാക്കഥകളായിരുന്നു. വാജ്പേയി സര്‍ക്കാരിനെ പുറത്താക്കിയാല്‍ അവര്‍ കൊണ്ടുവന്ന ഭീകര പ്രവര്‍ത്തന നിരോധന നിയമമായ ‘പോട്ടാ’ നിയമം റദ്ദാക്കുമെന്നായിരുന്നു മുഖ്യ വാഗ്ദാനം. അതുകേട്ട് പ്രതിപക്ഷത്തെ പിന്തുണച്ചവര്‍ ഏറെയുണ്ടായി. സദ്ഭരണം എന്ന അഴിമതി വിരുദ്ധപ്പോരാട്ടമായിരുന്നു മറ്റൊരു വാജ്പേയി മുദ്രാവാക്യം. അതിനെതിരേയും പ്രതിപക്ഷം പ്രചാരണം നടത്തി. അതും അവര്‍ക്ക് പിന്തുണനല്കാന് അഴിമതിക്കാര്‍ക്ക് പ്രേരണയായി. അതായത്, പ്രതിപക്ഷം തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ നിയമങ്ങള്‍ തെറ്റിച്ച് പോരാടി. സമാനമാണ് ഇപ്പോള്‍ 2024ലും സംഭവിച്ചത്. രാജ്യതാല്പര്യത്തില് ഉണ്ടാക്കിയ നിയമങ്ങളും നടപടികളും (370 ാം വകുപ്പ് റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചത്, ഒരു മത വിഭാഗത്തെ ബാധിക്കുന്ന തരത്തില്‍ ജനസംഖ്യാ നിയന്ത്രണം വരുന്നുവെന്ന് കുപ്രചാരണം നടത്തിയത്, മോദിയും കൂട്ടരും സംവരണം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് വിളിച്ചുകൂവിയത്)എല്ലാം തികച്ചും അടിസ്ഥാനമില്ലാത്തതായിരുന്നു. 2004 ല്‍ വാജ്പേയി നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍നിന്നിറക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികള്‍ പലവിധത്തില്‍ സഹായങ്ങള്‍ പ്രതിപക്ഷത്തിന് ചെയ്തു. അവര്‍ രണ്ടുശതാബ്ദംകഴിഞ്ഞും സക്രിയരാണ് എന്നതാണ് ഞെട്ടിക്കുന്ന രഹസ്യം. വാജ്പേയിക്കും ഭരണം രാഷ്ട്രീയത്തിന് അതീതമാകണമെന്ന ചിന്തയായിരുന്നു, മോദിക്കും. എന്നാല്‍ കക്ഷിരാഷ്ട്രീയം വിളമുറ്റി നില്ക്കുന്ന പാടത്ത്, ജാതിമത രാഷ്ട്രീയ പക്ഷങ്ങള്‍ വിഷം മുറ്റിനില്ക്കുന്ന കാലത്ത് രാഷ്ട്രീയാതീത സങ്കല്‍പ്പങ്ങളുമായി വിളവെടുക്കാന്‍ സാധിക്കില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. ഭരണത്തില്‍ നടപടികള്‍ രാഷ്ട്രീയാതീതമാകാം, പക്ഷേ, തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും രാഷ്ട്രീയവുമാണ് പ്രധാനം.
പക്ഷേ, ബിജെപിക്ക് തോല്‍വിയില്ല. ചില വലിയ ലക്ഷ്യങ്ങള്‍ സാധിതമായില്ല എന്നേയുള്ളു. പക്ഷേ മൂന്നാമതും തുടര്‍ഭരണം ചെറിയ കാര്യമല്ല. അരുണാചല്‍ പ്രദേശില്‍ മൂന്നാമതും സംസ്ഥാന ഭരണം, ഒഡീഷയില്‍ പുതിയ സംസ്ഥാന ഭരണം, ആന്ധ്രയില്‍ ഭരണ പങ്കാളിത്തം, സിക്കിമില്‍ സഖ്യകക്ഷിഭരണം, കേരളത്തില്‍ ആദ്യമായി ലോക്സഭാംഗം തുടങ്ങിയവ വലിയവലിയ നേട്ടങ്ങളാണ്. പ്രതിപക്ഷം ശക്തമായതും ജനാധിപത്യത്തില്‍ നേട്ടമാണ്. അത് നയിക്കുന്ന കോണ്‍ഗ്രസിന് അംഗസംഖ്യ 100 ല്‍ എത്തിക്കാനാകാഞ്ഞതും ബിജെപിയുടെ കടുത്ത ആശയ എതിരാളിയായ സിപിഎമ്മിനും കമ്മ്യൂണിസ്റ്റ് പാര്ട്ടികള്ക്കാകെയും പുരോഗതി മുട്ടിയതും വിശേഷ സൂചനകളാണ്. ജനസംഘം രൂപീകരിച്ച് സ്ഥാപകന്‍ ഡോ.ശ്യാമപ്രസാദ് മുഖര്‍ജി നടത്തിയ പ്രസംഗത്തില്‍ സുശക്തമായ പ്രതിപക്ഷത്തിനേ ഭരണപക്ഷത്തിനെ ആരോഗ്യകരമായി തിരുത്താനാവൂ എന്ന് പറഞ്ഞു. പ്രതിപക്ഷത്തിന് അങ്ങനെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനാണോ താല്പര്യം എന്നതാണ് ഇനി കാണാനിരിക്കുന്നത്.
പിന്കുറിപ്പ്:
കേരളത്തില്‍ ഭരണമുന്നണിക്കും മുഖ്യകക്ഷിക്കുമേറ്റ പ്രഹരം ചെറുതല്ല. സിപിഎം കഷ്ടിച്ച് കടന്നുകൂടിയ ആലത്തൂരില്‍, അവസാന നിമിഷം സ്ഥാനാര്‍ത്ഥിയായി വന്ന പ്രൊഫ.ടി.എന്‍. സരസു, ഒരു രാഷ്ട്രീയ പ്രവര്‍ത്തന പരിചയവുമില്ലാഞ്ഞും നേടിയ 1.8 ലക്ഷം വോട്ടാണ് 2024 ലെ ശ്രദ്ധേയമായ വോട്ട്. അതിന്റെ ‘കാരുണ്യ’ത്തിലാണ് കെ.രാധാകൃഷ്ണന് കടന്നുപോയത്. മുമ്പ് കമ്മ്യൂണിസ്റ്റുകള്‍ക്ക് ദേശീയപാര്‍ട്ടി എന്ന അംഗീകാരം നിലനിര്‍ത്താന്‍ ഒരിക്കല്‍ വാജ്പേയി സഹായിച്ചു. ഇത്തവണ പ്രൊഫ.സരസുവും! ദൈന്യമാണിത്!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: