ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ജെഡിഎസ് നേതാവും മുന്‍ ഹാസന് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഭവാനി രേവണ്ണ എസ്ഐടി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായത്. കോടതിയുടെ നിര്‍ദേശപ്രകാരം സിഐഡി ഓഫിസിലെത്തിയ ഭവാനി രേവണ്ണയെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഭവാനി രേവണ്ണ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ച് പരിഗണിച്ചത്. അടുത്ത വെള്ളിയാഴ്ച വരെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതോടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകുകയും അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിക്കുകയും വേണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
കൂടാതെ കെആര്‍ നഗര്‍ താലൂക്കിലേക്കും ഹാസന് ജില്ലയിലേക്കും ഭവാനിക്ക് പോകാന്‍ സാധിക്കില്ല. ഭവാനി രേവണ്ണയെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്. ചോദ്യം ചെയ്യലിന്റെ പേരില്‍ ഭവാനി രേവണ്ണയെ വൈകിട്ട് അഞ്ചിനു ശേഷം കസ്റ്റഡിയില്‍ വയ്ക്കാന്‍ പാടില്ലെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: